അബുദാബി > യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനോടൊപ്പം പുതിയ വിദേശ അംബാസഡർമാരുടെ യോഗ്യതാപത്രം സ്വീകരിച്ചു.
അബുദാബിയിലെ ഖസർ അൽ വതനിൽ നടന്ന സ്വീകരണ ചടങ്ങിൽ പുതിയ അംബാസഡർമാരെ രാഷ്ട്രപതി സ്വാഗതം ചെയ്യുകയും അവർ യുണൈറ്റഡ് അറബ് എമിറേറ്റുകളുമായുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുത്തുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. യുഎഇയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും ശൈഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു.
കുവൈറ്റ് സ്റ്റേറ്റ് അംബാസഡർ ജമാൽ മുഹമ്മദ് അൽ ഗനൈം, അൾജീരിയയുടെ അംബാസഡർ ഒമർ ഫ്രീതെ, മലേഷ്യൻ അംബാസഡർ അഹമ്മദ് ഫാദേൽ ബിൻ ഷംസിദ്ദീൻ, ഹോളി സീ അംബാസഡർ ക്രിസ്റ്റോഫ് സാഖിയ എൽ-കാസിസ്, എത്യോപ്യയുടെ അംബാസഡർ ഒമർ ഹുസൈൻ ഒബ, യുണൈറ്റഡ് കിംഗ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെയും വടക്കൻ അയർലൻഡിന്റെയും അംബാസഡർ എഡ്വേർഡ് ഹോബാർട്ട്, പനാമ അംബാസഡർ റെബേക്ക ഷാരോണ പെരസ് സെർവാന്റസ്; അംഗോള അംബാസഡർ ജൂലിയോ ബെലാർമിനോ ഗോമസ് മായാറ്റോ; കൊളംബിയയുടെ അംബാസഡർ ലൂയിസ് മിഗ്വൽ മെർലാനോ ഹോയോസ്, ഇറാൻ അംബാസഡർ റെസ അമീരി; നെതർലാൻഡ്സ് അംബാസഡർ ജെറാർഡ് പോൾ മേരി ഹ്യൂബർട്ട് സ്റ്റീഗ്സ്, ചാഡ് അംബാസഡർ കെദല്ല യൂനസ് ഹമീദി എൽഹദ്ജ് മമാദി, ടാൻസാനിയയുടെ അംബാസഡർ യാക്കൂബ് ഹസൻ മുഹമ്മദ്, സ്വിസ് കോൺഫെഡറേഷന്റെ അംബാസഡർ ആർതർ മാറ്റ്ലി, ബോസ്നിയ ആൻഡ് ഹെർസഗോവിനയുടെ അംബാസഡർ ബോജൻ ജോക്കിക്ക്, റുവാണ്ട അംബാസഡർ ജോൺ മിറെംഗെ എന്നിവരുടെ യോഗ്യതാപത്രങ്ങൾ പ്രസിഡൻറ് ഏറ്റുവാങ്ങി.
ചടങ്ങിൽ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോടതിയിലെ പ്രത്യേക കാര്യ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ, സഹമന്ത്രി ശൈഖ് ശഖ്ബൂത് ബിൻ നഹ്യാൻ അൽ നഹ്യാൻ, സഹമന്ത്രി ഖലീഫ ഷഹീൻ അൽ മരാർ എന്നിവർ പങ്കെടുത്തു.