സാന്ദ്രസംഘര്‍ഷങ്ങളിലെ മൗനത്തെ ധ്യാനിക്കുന്ന പക്ഷിപാതാളങ്ങള്‍ താണ്ടാനുളള പുനര്‍ജനി നൂഴലുകളാണ് കെ ടി മത്തായിയുടെ ചിത്രങ്ങള്‍. ആത്മീയത കേവലം ദൈവസങ്കല്‍പത്തിന്റെ തിരുശേഷിപ്പുകള്‍ തേടുന്ന പാഴ്‌സഞ്ചാരങ്ങളല്ല, മറിച്ച് ഒരോ വ്യക്തിയുടെയും മാനസികവ്യവഹാരങ്ങളുടെ സാകല്യമാണെന്ന് കരുതുന്ന ഒരാളുടെ ആത്മഭാഷണങ്ങളാണ് ഈ ചിത്രകാരന്‍ അന്വേഷിക്കുന്നതും സാക്ഷാത്കരിക്കുന്നതും.
കെ ടി മത്തായി
അപരിഷ്‌കൃതിയുടെ നൈര്‍മല്യങ്ങള്‍ കാട്ടിലകളായി പൊഴിഞ്ഞുകിടക്കുന്ന നാട്ടിടവഴികളിലൂടെ, തന്റെ ബാല്യകൗമാരങ്ങളുടെ കുതൂഹലകാമനകള്‍ അന്വേഷിച്ചു നടന്ന ദൂരങ്ങളെ, യാഥാര്‍ത്ഥ്യങ്ങളുടെ കൈച്ചാണില്‍ അളന്നെടുത്തുകൊണ്ട്, ഒരു ലഹരിയാലെന്നവണ്ണം പിന്തുടരുകയാണ് ഈ കലാകാരന്‍. സഹജീവികളിലെ സഹനങ്ങളുടെ സുവിശേഷങ്ങള്‍ക്ക് ചെവിയോര്‍ത്ത്, തന്റെ ജന്മനാടിന്റെ തലയെടുപ്പായി ഉയര്‍ന്നുനിന്നിരുന്ന കുന്നുകള്‍ തേടിച്ചെന്ന ചിത്രകാരനെ വരവേറ്റത്, ഒരു തുളളി രക്തംപോലും പൊടിയാതെ ആ കുന്നുകളെ വേരോടെ മാന്തിപ്പറിച്ചെടുക്കുന്ന കൂറ്റന്‍ യന്ത്രങ്ങളാണ്.
മുള ചീന്തിക്കീറുംവിധം നെഞ്ചിലുയര്‍ന്ന തേങ്ങലുകള്‍ ചോരയില്‍ ചാലിച്ച് ഹൃദയത്തില്‍ ഒളിപ്പിച്ചുവച്ച ആ കൗമാരക്കാരന്‍, പിന്നീട് നിറങ്ങള്‍കൊണ്ട് പ്രപഞ്ചം നിര്‍വചിക്കാന്‍ തുടങ്ങിയപ്പോള്‍, അയാളുടെ ചിത്രങ്ങളിലേയ്ക്ക്, നെഞ്ചില്‍ ഉണങ്ങാമുറിവുകളായി കിടന്ന ചോരച്ചിന്തുകള്‍ ഉരുള്‍പൊട്ടി തലയറഞ്ഞ് വീണുതുടങ്ങി. അത് മുളപ്പിച്ചെടുത്ത് ഒരു കര്‍ഷകനെപ്പോലെ രചനയില്‍ നട്ടുവളര്‍ത്തുകയാണിവിടെ ചിത്രകാരന്‍. എന്തും വിലയ്ക്കു വാങ്ങാമെന്ന ധാര്‍ഷ്ട്യത്തിന്റെ മൂര്‍ത്തികള്‍, നാശത്തിന്റെ അശനിപാതങ്ങളായി പെയ്തിറങ്ങുന്ന സമകാലത്തിന്റെ കലിബാധയെ തന്റെ നിറപ്പെയ്ത്തില്‍ അടയാളപ്പെടുത്താന്‍ കെ ടി മത്തായി എന്ന ചിത്രകാരന്‍ അങ്ങനെ പ്രതിബദ്ധനായി. മത്തായിയുടെ ചിത്രങ്ങള്‍ പഴയ നിയമത്തിലെ പുറപ്പാടിന്റെ ഓര്‍മകളിലേയ്ക്ക് അനുവാചകനെ പിന്തിരിഞ്ഞ് നോക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു സ്വയം സഞ്ചാരത്തിലാണ്.
ബാല്യത്തില്‍ ബാലികേറാമലകളായി, ആകാശചുംബികളായി, തലനിവര്‍ത്തി നില്‍ക്കുകയും പിന്നീട് തന്റെ യൗവനാരംഭത്തോടെ തറയുറഞ്ഞടിഞ്ഞുപോയതുപോലെ, അപ്രത്യക്ഷമാകുകയും ചെയ്ത മാമലകള്‍ മത്തായിയുടെ ചിത്രങ്ങളിലെ ഒരു അവിരാമ സാന്നിദ്ധ്യമാണ്. ‘ജലജന്യമായ പാഴ്‌നിലങ്ങള്‍’ എന്നു സാമാന്യമായി വിവക്ഷിക്കാവുന്ന ചിത്രപരമ്പരയില്‍ കാഴ്ചക്കാരന് അന്യമായി ഒന്നുമില്ലാതിരുന്നിട്ടും, അത് അവനെ വിഭ്രമിപ്പിക്കും. ആ പേരില്‍ത്തന്നെ വിസ്മയകരമായ ഒരു വിരുദ്ധോക്തി ഒളിപ്പിക്കപ്പെട്ടിട്ടുണ്ട്. ജീവന്റെ ആദിമമായ സ്മരണകളുണര്‍ത്തുന്ന ജലത്തില്‍നിന്ന് ഉരുവംകൊണ്ട മണ്ണ്, ഷണ്ഡമായിത്തീരുന്ന ദൗര്‍ഭാഗ്യകരമായ പരിതോവസ്ഥയെ, അതിന്റെ ദൃശ്യമൂര്‍ധന്യത്തിലേയ്ക്ക് നട്ടുപിടിപ്പിക്കുവാന്‍ ബദ്ധപ്പെടുകയാണ് ചിത്രകാരന്‍.
കെ ടി മത്തായിയുടെ പെയിന്റിംഗ്
നീര്‍ജന്യമായിട്ടും പാഴ്‌നിലമായിപ്പോകുന്ന മനുഷ്യമനസ്സുകള്‍കൂടി പരോക്ഷമായി ഇവിടെ ആവിഷ്‌കൃതമാകുന്നുണ്ട്. ഇന്നലെകള്‍ എന്നത് മനുഷ്യസംസ്‌കൃതിയുടെ ശ്രേണിബദ്ധമായ ഒരു നൈരന്തര്യത്തിന്റെ അവിഭാജ്യഘടകമാണെന്ന തിരിച്ചറിവില്‍ നിന്നാണ് ജീവികള്‍ പരസ്പര സഹവര്‍ത്തിത്വം പഠിക്കുന്നത്. ഇന്നലെകളെ മായ്ച്ചുകളയാന്‍ മുതലാളിത്തശക്തികള്‍ ശ്രമിക്കുന്നത്, ഓര്‍മകള്‍ മനുഷ്യനില്‍ നിര്‍മിച്ചെടുക്കുന്ന സ്‌നേഹപാശത്തിന്റെ ശക്തിയറിയാവുന്നത് കൊണ്ടുകൂടിയാണ്. ഒരുകുളവും, അതിനുചുറ്റും കോട്ടകെട്ടി കാവല്‍ നില്‍ക്കുന്ന മലകളും, അവയ്ക്കുമുകളില്‍ ജീവന്റെ ആനന്ദമായി വളര്‍ന്നുപൊങ്ങിയ മരങ്ങളും, അതിനിടയില്‍ തിരസ്‌കൃതരുടെ ആലയംപോലെ ഒരു ദേവാലയവും ഈ ചിത്രത്തിലെ ചില അടയാളപ്പെടുത്തലുകളാണ്.
മനുഷ്യന്റെയുളളില്‍ ഉറവയെടുത്ത് സഹജീവികളിലേയ്ക്ക് കാരുണ്യമായി ഒഴുകിയെത്തേണ്ടതെന്നപോലെ, മലകളെ പരസ്പരം ബന്ധിപ്പിക്കാനെന്നവണ്ണം വളഞ്ഞും പുളഞ്ഞും അന്തമില്ലാതെ ഒഴുകുന്ന നദികള്‍കണക്കെ, നാട്ടുവഴികള്‍. കുളത്തില്‍ നീര്‍ജീവികളെപ്പോലെ പലമട്ടില്‍ ചരിക്കുന്ന കോമാളീരൂപികളായ മനുഷ്യര്‍. കുളക്കരയുടെ മേല്‍ത്തട്ടിലെ മേശമേല്‍ കയറിനിന്ന് ആകാശത്തെ അഭിസംബോധനചെയ്ത് ഒരു സംഗീതോപകരണം മീട്ടിപാടുന്ന മറ്റൊരു കോമാളി. തീവ്രനിറങ്ങളും ഒപ്പം പതിഞ്ഞ നിറങ്ങളുമുപയോഗിച്ച് ജലച്ചായത്തില്‍ തീര്‍ത്ത ഈ രചന മത്തായിയെന്ന ചിത്രകാരന്റെ രാഷ്ട്രീയംകൂടി അനാവരണം ചെയ്യുന്നുണ്ട്. കോമാളികള്‍ പല വിതാനങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പല ചിത്രങ്ങള്‍ ഒരു കാലഘട്ടത്തിന്റെ അടയാളംപോലെ ഇദ്ദേഹം രചിച്ചിട്ടുണ്ട്.
മനോതലപ്രതിസന്ധികളിലൂടെ ഉഴറിപ്പായുന്ന ഒരു സമൂഹമായി കേരളീയ ജനത അനുനിമിഷം മാറിക്കൊണ്ടിരിക്കുകയാണ്. നിരവധിയായ സംഘര്‍ഷങ്ങളുടെ തടവറയ്ക്കുളളിലെ അടിമജീവിതമാണ് കേരളീയര്‍ നയിക്കുന്നത്. സാര്‍വലൗകികമായി ഒരു ഉപഭോക്തൃസമൂഹം നേരിടുന്ന പ്രതിസന്ധികളാണ് നിര്‍ഭാഗ്യവശാല്‍ നമ്മേയും കീഴ്‌പ്പെടുത്തുന്നത്. ആത്മസംഘര്‍ഷങ്ങളില്‍ വിരിയുന്ന ഈ സമസ്യകളുടെ അവിസ്മരണീയമായ കാഴ്ചകളാണ് പ്രതിസന്ധികളെന്ന പരമ്പരയിലെ രചനകളില്‍ ആവിഷ്‌കൃതമാകുന്നത്. ഒരു മനുഷ്യന്റെ മനസ്സാണ് അവന്റെ എല്ലാ സഞ്ചാരങ്ങളേയും നിയന്ത്രിക്കുന്നത്. അവന്‍ ആരാണെന്ന് നിര്‍ണയിക്കുന്നത് അവന്റെ മാനസിക വ്യവഹാരങ്ങളും വ്യാപാരങ്ങളുമാണ്. നിന്ദിതരുടേയും പീഡിതരുടേയും ഇടങ്ങളാണ് ദൈവപ്പുരകളെന്നു മനുഷ്യരെ പഠിപ്പിച്ചത് മതങ്ങളാണ്.
കെ ടി മത്തായിയുടെ പെയിന്റിംഗ്
പിന്നീട് അത്തരം ദൈവപ്പുരകളില്‍നിന്ന് നിന്ദിതരും പീഡിതരും ആട്ടിയകറ്റപ്പെട്ടു. ക്രമേണ നിന്ദിതരും നിസ്വരുമായ ജനതതിയുടെ ആശ്രയമായിത്തീര്‍ന്ന പ്രാര്‍ത്ഥനകള്‍ അവനു വൈദികശുശ്രൂഷയേക്കാള്‍ മികച്ച വൈദ്യശുശ്രൂഷയായി. പ്രതിസന്ധികളെ സമര്‍ത്ഥമായി മറികടക്കാന്‍ മനുഷ്യന്‍ ധ്യാനത്തില്‍ അഭയംകൊണ്ടു. ഒരു ദേവാലയത്തില്‍ ഏതോ വിശുദ്ധന്റെ ഛായാച്ചിത്രത്തിന് മുന്നില്‍നിന്ന് വേദപുസ്തകം വായിക്കുന്ന പെണ്‍കുട്ടിയും, നിലത്ത് മുട്ടുകുത്തി മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്ന മറ്റ് മൂന്നുപേരും ഒരു ക്രിസ്തീയ ജീവിതത്തിലെ നിത്യദൃശ്യമാണ്.
ദൈവപ്പുരയുടെ മലര്‍ക്കെ തുറന്നിട്ട ആനവാതിലുകള്‍പ്പുറം മലനിരകള്‍ ശിരസ്സുപൊക്കി നില്‍ക്കുന്ന ഗ്രാമീണജീവചൈതന്യത്തിന്റെ യഥാര്‍ത്ഥ കാഴ്ചകള്‍കൂടി ചിത്രകാരന്‍ ആലേഖനം ചെയ്തിട്ടുണ്ട്. തന്റെ കൗമാരാനുഭവങ്ങളുടെ വര്‍ണച്ചെപ്പിലൂടെ സമകാലികജീവിതം വായിക്കാനുളള ചിത്രകാരന്റെ കൗതുകം ഈ രചനയെ കാഴ്ചക്കാരനില്‍ അവ്യാഖ്യേയമായ ബാല്യാനുഭവങ്ങള്‍ ഉണര്‍ത്തുന്ന ഒന്നാക്കിമാറ്റുന്നു. ഇതേ പരമ്പരയിലെ മറ്റൊരു ചിത്രം ഒരു മലയോരഗ്രാമത്തെയാണ് അവലംബിക്കുന്നത്. മുറിച്ചെടുത്ത അപ്പങ്ങള്‍പോലെ തോന്നിക്കുന്ന മലനിരകള്‍ ഒരുപറ്റം മനുഷ്യരുടെ അപ്പവും ജീവിതവും മറ്റൊരുത്തന്‍ കട്ടെടുത്ത് കൊണ്ടുപോയതുപോലെ കാഴ്ചക്കാരനില്‍ മുറിവുണ്ടാക്കും.
മലകളുടെ ശിരസ്സറുക്കുന്ന യന്ത്രം ഒരു പടുകൂറ്റന്‍ ഹിംസ്രജന്തുവിനെപ്പോലെ മലകയറിവരുന്നു. അംഗഛേദം വന്ന ആ മലനിരകളില്‍ അപ്പോഴും അതിജീവനത്തിനായി പോരാടുന്ന മരങ്ങളും തേയിലക്കാടുകളും അവയുടെ അകാലമായ അന്ത്യശ്വാസത്തിന്റെ നാളുകള്‍ ജപിച്ചുകൊണ്ടിരിക്കുന്നു. തങ്ങളുടെ ദുരന്ത വിധിക്കുനേരെ കലഹിക്കാന്‍ ത്രാണിയില്ലാത്ത പാവം ഗ്രാമീണര്‍ എല്ലാം മറന്ന് പ്രാര്‍ത്ഥനാനിര്‍ഭരരായി പേടിച്ചുനില്‍ക്കുന്നു.
എല്ലാത്തിനും സാക്ഷിയായി ചിത്രത്തിന്റെ മുന്‍വിതാനത്തില്‍ത്തന്നെ ഒരു വ്യര്‍ത്തചിഹ്നംപോലെ പരിലസിച്ച് നില്‍ക്കുന്ന ദേവാലയം. നിസ്വരുടെ അഭയസ്ഥാനങ്ങള്‍ പൈശാചികര്‍ കീഴടക്കുമ്പോള്‍ സ്വാഭാവികമായും ജനിക്കുന്ന വിചിത്രമായ ഭയത്തിന്റെ ഒരു പുതപ്പ് അവരെയാകെ മൂടിയിരിക്കുന്നതായി കാഴ്ചക്കാരന് അനുഭവപ്പെടത്തക്കവിധം തീവ്രതരമാണ് അതിന്റെ രചനാരീതി. ഈ പരമ്പരയിലെ മറ്റു ചിത്രങ്ങളും അത്രമേല്‍ പരാജിതരായിപ്പോകുന്ന മനുഷ്യജീവിതങ്ങളെത്തന്നെയാണ് കാഴ്ചപ്പെടുത്താന്‍ യത്‌നിക്കുന്നത്. ഒരു റേഷന്‍പീടിക പല ചിത്രങ്ങളിലും പല വീക്ഷണകോണിലൂടേയും മത്തായി ചിത്രപ്പെടുത്തിയിട്ടുണ്ട്.
ഒരു രംഗാവതരണകലാരൂപത്തിലെ നായകസ്ഥാനീയനായി നില്‍ക്കുന്ന കഥാപാത്രംപോലെ ഏറെ പ്രസക്തിയുണ്ട് ആ അടയാളപ്പെടുത്തലിന്. സാധാരണക്കാരനായ ഒരു മലയാളിയുടെ നിത്യജീവിതത്തില്‍ പൊതുവിതരണകേന്ദ്രമായ റേഷന്‍കട കയറിപ്പറ്റിയിട്ട് അരമുക്കാല്‍ നൂറ്റാണ്ട് കഴിഞ്ഞു. അവന്റെ പട്ടിണിയുടെ ഓട്ടക്കലങ്ങളില്‍ നറുംവറ്റായി ഉദിച്ചുനിന്ന റേഷനരിയുടെ അരുമയാര്‍ന്ന സ്‌നഹവായ്പ്പിന് അമ്മയുടെ വാത്സല്യത്തോളം പൗരാണികതയുണ്ട്. പാവപ്പെട്ടവന്റെ തപ്തനിശ്വാസങ്ങളുതിര്‍ന്നുവീണ് നനവാര്‍ന്ന പച്ചമണ്ണില്‍ കളിച്ചുവളര്‍ന്ന ചിത്രകാരന് റേഷന്‍കട തന്റെ ദൈവാനുഭവത്തിന്റെ പ്രാഗ്രൂപമാണ്.
റേഷന്‍കടയ്ക്ക് മുന്നില്‍ ആകുലതയും ആശ്വാസവും ഒരുപോലെ വാരിപൂശിനില്‍ക്കുന്ന സാധാരണമനുഷ്യര്‍ക്കുമപ്പുറത്ത് കുടിവെള്ളമൂറ്റി വില്‍പ്പനയ്ക്കു കൊണ്ടുപോകുന്ന വണ്ടിയും, മലതുരക്കുന്ന യന്ത്രങ്ങളുമെല്ലാം ഒരു പതിവു കാഴ്ച്ചയായി അടയാളപ്പെടുത്തിയിട്ടുളള ഈ ചിത്രണത്തില്‍ ഒരു നാടിന്റെ രാഷ്ട്രീയ ചരിത്രംകൂടി രേഖപ്പെടുന്നുണ്ട്. മണ്ണിന് സമം കാര്‍ന്നെടുക്കുന്ന മലകളുടെ ചിതാഭസ്മവുമായി നിരനിരയായി നീങ്ങുന്ന ലോറികളും പുഴയിലെ മണലൂറ്റി നദിയിലൂടെ തന്നെ കടത്തികൊണ്ടുപോകുന്ന ചെറുവളളങ്ങളും ചിത്രണംചെയ്തിട്ടുളള രചനയില്‍ ശിരഛേദത്തിന് വിധേയമായ ഒട്ടധികം കുന്നുകള്‍ കാണാം.
അവയ്ക്കിടയില്‍ നിഷ്‌കളങ്കമായി ശ്വാസം കഴിച്ചു നില്‍ക്കുന്ന കുഞ്ഞുങ്ങളെപ്പോലെ നിരവധി കുടിലുകള്‍ കാണാം. ചിത്രമദ്ധ്യത്തില്‍ താരതമ്യേന മറ്റെല്ലാത്തിനേക്കാളും പൊക്കത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ദൈവപ്പുര അവിശുദ്ധമായ ഒരു ശകുനംപോലെ എല്ലാത്തിനും മൂകസാക്ഷിയാകുന്നു. ദൈവങ്ങള്‍ നിശബ്ദരായിമാറുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നതെന്ന വേദന ചിത്രകാരനെപ്പോലെ കാഴ്ചക്കാരനും പങ്കുവയ്ക്കുന്നു.
‘ആരുടെയുമല്ലാത്ത പരേതര്‍ക്കുളള തര്‍പ്പണങ്ങള്‍’ എന്ന പരമ്പര മനുഷ്യാസ്തിത്വത്തിന് വിശ്വാസങ്ങളുമായുളള ആത്മബന്ധങ്ങളെ തന്റേതായ വഴിയിലൂടെ പരാവര്‍ത്തനം ചെയ്യുകയാണ് ചിത്രകാരന്‍. തങ്ങളുടെ പൂര്‍വികര്‍ക്കുളള ഓര്‍മദിനങ്ങളാണ് തര്‍പ്പണങ്ങളെന്ന് കരുതുമ്പോഴും അവ വെറും വിശ്വാസത്തെമാത്രം മുന്‍നിര്‍ത്തിയുളള ഒരു ചടങ്ങിനപ്പുറത്തേയ്ക്ക് മനുഷ്യസംസ്‌കൃതിയെ നയിക്കുന്നില്ല. സ്വന്തം പിതാവിന്റെ പേര് എല്ലാവരും ഓര്‍ക്കുന്നെങ്കിലും അദ്ദേഹത്തിന്റെ പിതാവിന്റെ പേര് ഓര്‍ക്കുന്നവര്‍ വിരളമാണ്. ഇനിയിപ്പോള്‍ അതും ഓര്‍ക്കുന്നെങ്കില്‍ പ്രപിതാമഹന്റെ പേര്‍ ആര്‍ക്കൊക്കെ അറിയാമെന്നത് ഏറെ കുഴയ്ക്കുന്ന ഒരു ചോദ്യമാവും. പരേതര്‍ക്കുളള തര്‍പ്പണങ്ങള്‍ അവരുടെ സ്വത്വത്തെ ഓര്‍മിക്കാനുളള ഒരവസരമാണ്. അതിലൂടെ അവര്‍ സഹജീവികളുമായി പുലര്‍ത്തിയിരുന്ന സമ്പര്‍ക്കങ്ങളിലെ നന്മകള്‍ തിരിച്ചറിയാനുളള ഒരവസരം വന്നുചേരുകയാണ്.
അതിലപ്പുറം അതിനെ കേവലം അനുഷ്ഠാനമാക്കി മാറ്റുന്നതിലെ തന്ത്രങ്ങള്‍ക്ക് ചില നല്ലതല്ലാത്ത ലക്ഷ്യങ്ങളുണ്ട്. ഓര്‍മകള്‍ നഷ്ടമാകുന്ന ഒരു ജീവിവര്‍ഗമായി മനുഷ്യര്‍ മാറിക്കൊണ്ടിരിക്കെ നന്മകള്‍ക്ക് തര്‍പ്പണം ചെയ്യണമെന്ന് ചിത്രകാരന്‍ വിചാരിക്കുന്നുണ്ടാവും. ഈ പരമ്പരയിലെ ചിത്രങ്ങളെല്ലാം നിറംമങ്ങിയ ഓര്‍മകള്‍കൊണ്ട് നെയ്‌തെടുത്തവയാണ്. പറുദീസ നഷ്ടംപോലെ, നെഞ്ചുവേവുന്ന പ്രകൃതിചൂഷണങ്ങള്‍ ചിത്രണം ചെയ്യാന്‍ ഉപയോഗിച്ചിരുന്ന കടുത്ത നിറങ്ങളില്‍നിന്ന് വ്യത്യസ്തമായി, കനത്ത മൗനത്തിലേയ്ക്ക് വീണുപോയ ഒരാളുടെ ആത്മഗതങ്ങളോളം നിറംചോര്‍ന്നതാണ് ഈ പരമ്പരയിലെ ഒട്ടുമിക്ക ചിത്രങ്ങളും. സൂഫിസന്യാസിമാരെ ഓര്‍മിപ്പിക്കുന്ന ഇതിലെ മനുഷ്യരൂപങ്ങള്‍ ആത്യന്തികമായി ബുദ്ധസൂഫി പാരമ്പര്യത്തില്‍ ഉള്‍ചേര്‍ന്നിരിക്കുന്ന ധനോര്‍ജപരമായ ചില സൂചകങ്ങളെ ചിത്രത്തില്‍ അടയാളപ്പെടുത്താന്‍കൂടി ശ്രമിക്കുന്നതായി കണ്ടെത്താം.
ഒരുപാട് മനുഷ്യരൂപങ്ങള്‍ ആലേഖനം ചെയ്തിട്ടുളള ചിത്ര പരമ്പരയാണ് ‘അലസസഞ്ചാരങ്ങള്‍’. ഒന്നിനുമല്ലാതെയുളള സഞ്ചാരങ്ങള്‍ പലപ്പോഴും യാദൃശ്ചികതയുടെ ഒത്തിരി വിസ്മയങ്ങള്‍ യാത്രികന് സമ്മാനിക്കാറുണ്ട്. മുന്‍കൂട്ടി തിട്ടപ്പടുത്തി നടത്താറുളള യാത്രയിലൂടെ ലഭ്യമാകുന്ന അനുഭവങ്ങളില്‍നിന്ന് തികച്ചും വിഭിന്നമാകാം ഇത്തരം യാത്രകള്‍. അത്തരത്തിലുളള യാത്രകള്‍ നരവംശത്തിന്റെ ഒരു തലത്തില്‍ നിന്ന് മറ്റൊരു തലത്തിലേയ്ക്കുളള പലായനങ്ങളാണ്. ആത്മീയമായ ചില ഇടങ്ങള്‍ക്കുവേണ്ടിയുളള തിരച്ചിലുകളാണ് ഇവിടെ ചിത്രകാരന്‍ നിർവഹിക്കുന്നത്. ഒരു ചിത്രത്തില്‍ ഒരിടത്താവളത്തില്‍ ഒത്തുചേര്‍ന്നിരിക്കുന്ന കുറച്ച് അന്തേവാസികളെ കാണാം.
അവര്‍ വസിക്കുന്ന ചതുപ്പില്‍ സ്വാഭാവികമായും വന്നുചേരുന്ന പന്നികളില്‍ ചിലതിനെ ഓമനിക്കുന്ന കോമാളിവേഷക്കാരന്റെ സ്വതഃസിദ്ധമായ തുറന്ന ചിരി സര്‍വചരാചരങ്ങളോടുമുളള അയാളുടെ സഹവര്‍ത്തിത്വത്തിലെ നൈര്‍മല്യതയാണ് വിളംബരംചെയ്യുന്നത്. തൊട്ടപ്പുറത്ത് ഒരു മരത്തിന്റെ കുരിശാകൃതിയിലുളള ചില്ലയില്‍ സ്വയം ക്രൂശിതനായി നില്‍ക്കുന്ന ഒരു കര്‍ഷകനെ കാണാം. രാജ്യത്ത് വൈവിധ്യമാര്‍ന്ന മുതലാളിത്ത പീഡനങ്ങള്‍ നേരിടുന്ന കര്‍ഷകര്‍ ജീവനൊടുക്കുന്ന ഞെട്ടിക്കുന്ന വാര്‍ത്തകളുടെ സങ്കടങ്ങളില്‍നിന്ന് പലായനം ചെയ്യാനാകാതെ വിമ്മിഷ്ടപ്പെടുന്ന കലാകാരനെ നമുക്കിവിടെ വായിച്ചെടുക്കാം.
ആകാശത്തേയ്ക്കുയര്‍ത്തിയ കൈകളില്‍ ഒരു കോപ്പയുമായി മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന മറ്റൊരു കര്‍ഷകന്‍ ഈ പാനപാത്രം തന്നില്‍ നിന്നുമെടുക്കണമെന്ന് ദൈവത്തോട് അപേക്ഷിക്കുന്ന ക്രിസ്തുവിനെ ഓര്‍മിപ്പിക്കുന്നു. അവരുടെ തമ്പുകള്‍ക്കിടയില്‍ തന്റെ പേരില്‍ ഒരു ജനത നടത്തുന്ന കൊടുംഹത്യകള്‍ അറിയാതെ നിര്‍ന്നിമേഷമായി നില്‍ക്കുന്ന പശു ഒരു അടയാളമായി മാറുന്നു. ചിത്രത്തിന്റെ പശ്ചാത്തലം തന്റെ സ്ഥിരം രൂപകങ്ങളാല്‍ ചിത്രകാരന്‍ പൂര്‍ണമാക്കിയിട്ടുണ്ട്. ഈ പരമ്പരയിലെ മറ്റൊരു ചിത്രത്തില്‍ നൂറിലധികം മനുഷ്യരൂപങ്ങള്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. വേദപുസ്തകം പഴയ നിയമത്തിലെ പുറപ്പാട് എന്ന ഖണ്ഡത്തെ പെട്ടെന്ന് ഓര്‍മിപ്പിക്കുന്നതാണ് ഈ രചന. മത്തായിയുടെ ഏറ്റവും മികച്ച രചനകളിലൊന്നാണിത്. ചിത്രത്തിന്റെ സന്നിവേശവും നിറങ്ങളിലെ മിതത്വവും ലാവണ്യപരമായി മികച്ച അനുഭവമാണ് അനുവാചകന് നല്‍കുന്നത്.
ഇടങ്ങള്‍ നഷ്ടപ്പെടുന്ന, അല്ലെങ്കില്‍ സ്വന്തമായി ഇടങ്ങളില്ലാത്ത മനുഷ്യകുലത്തിന്റെ വേദനകളും സംത്രാസവും ലളിതവും അതേസമയം തീവ്രവുമായ രൂപകങ്ങളിലൂടെ ഈ രചനയില്‍ ചിത്രകാരന്‍ അടയാളപ്പെടുത്തുന്നുണ്ട്. തറകെട്ടിവളര്‍ത്തിയ മരത്തില്‍ ഒട്ടിച്ചിട്ടുളള അല്‍പ്പം മാത്രം ദൃശ്യമാകുന്ന ഒരു പരസ്യക്കടലാസ്, ഇത് വേദപുസ്തകത്തെയല്ല, സമകാല മനുഷ്യജീവിതത്തയാണ് ദൃശ്യവല്‍ക്കരിക്കുന്നതെന്ന് അതിവിദഗ്ദമായി ഭാവുകനെ ഓര്‍മിപ്പിക്കുന്നു. നവോത്ഥാനചിത്രകലയുടെ ക്ലാസിക് പാരമ്പര്യത്തെ വീക്ഷണപരമായി സ്പര്‍ശിക്കുമ്പോഴും അത് സമകാലികകലയുടെ ദൃശ്യസാധ്യതയെത്തന്നെ അവലംബിക്കുന്നതുവഴി ഏറ്റവും നവീനമായി വര്‍ത്തിക്കുന്നു. കെ.ടി. മത്തായിയെന്ന കലാകാരന്റെ ദര്‍ശനീയമാനത്തെ കൃത്യമായി അടയാളപ്പെടുത്തുകയാണ് ഈ രചനയുടെ ദൗത്യമെന്ന് വായനക്കാരന് തോന്നിയാല്‍ അതില്‍ അത്ഭുതമില്ല.
ഇതിന് സമാനമായ മറ്റൊരു രചനയാണ് ‘അസന്തുലിതമായത്’. പ്രകൃതിക്ക് സഹജമായ ഒരു സന്തുലിത വ്യവസ്ഥയുണ്ട്. മനുഷ്യന്‍ നിരന്തരമായി കൊന്നുതിന്നുന്നത് ആ മഹത്തായ ചാക്രികവ്യവസ്ഥിതിയെയാണ്. അതുണ്ടാക്കുന്ന ദുരന്തത്തിന്റെ മാരകമായ അന്ത്യത്തെപ്പറ്റി അവന്‍ ഒട്ടും പരിഭ്രമിക്കുന്നില്ല. ഇലക്ട്രോണിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ നാം വലിച്ചെറിയുന്നതെല്ലാം നമ്മുടെതന്നെ ആന്തരിക ഇടങ്ങളിലേയ്ക്കാണെന്നും അത് നമ്മുടെ ശവക്കുഴികള്‍ മാന്തിക്കൊണ്ടിരിക്കുകയാണെന്നുമുളള സത്യത്തിന് നിറംപിടിപ്പിക്കുകയാണ് ചിത്രകാരന്‍. വല്ലാത്തൊരു ഉള്‍ക്കിടിലത്തോടെയല്ലാതെ ഈ ചിത്രത്തിന് മുന്നില്‍ കാഴ്ചക്കാരന് നില്‍ക്കാനാവില്ല.
കെ ടി മത്തായി
ആത്യന്തികമായി ചിത്രകാരന്‍ ഒരു ദാര്‍ശനികനാണ്. ഒരു പ്രവാചകനെപ്പോലെ വരുംവരായ്കകളെ വിളിച്ചുകൂകുന്ന ഭ്രാന്തിന്റെ മൂര്‍ധന്യത്തിലാണ് ചിത്രകാരന്‍ ഒരോ രചനയും നിര്‍വഹിക്കുന്നത്. പ്രകൃതിയുമായുളള തന്റെ അകൈതവമായ സഹവര്‍ത്തിത്വം ഒരു ഭ്രാന്തുതന്നെയാണ് രചനാവേളകളില്‍ ഈ ചിത്രകാരന്. കേരളത്തിലാദ്യമായി ഒരു സഞ്ചരിക്കുന്ന പ്രതിഷ്ഠാപനത്തിലൂടെ പ്രകൃതിചൂഷണത്തോട് ശാരീരികമായിക്കൂടി തന്റെ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്, ഈ ചിത്രകാരന്‍. തന്റെ ജന്മഗ്രാമത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുളള പാറമടയിലേയ്ക്ക് ചുമലില്‍ ഒരു വൃക്ഷത്തയ്യുമേന്തി ഒട്ടേറെ ഗ്രാമവാസികളുടെ അകമ്പടിയോടെ ജാഥയായി നടന്നെത്തി ആ പാറമടയില്‍ വൃക്ഷത്തൈ നടുകയും അവിടെ കിടന്നിരുന്ന പാറക്കഷണങ്ങളാല്‍ ചില പ്രതിഷ്ഠാപനങ്ങള്‍ തീര്‍ക്കുകയും ചെയ്തുകൊണ്ട് തന്റെ ദര്‍ശനം പ്രയോഗത്തില്‍ വരുത്തിയ കലാകാരനാണ് മത്തായി.
ആത്മീയതയും ആദ്ധ്യാത്മികതയും ഒന്നാണെന്ന രീതിയില്‍ മതം വിപണനം ചെയ്യപ്പെടുന്ന ഒരു സമൂഹത്തില്‍ അവ തമ്മിലുളള അന്തരം ദാര്‍ശനികമായി വലിയ വ്യത്യാസമുളളതാണെന്ന തിരിച്ചറിവ് പങ്കുവയ്ക്കുകയാണ് ഈ രചനകളിലൂടെ ചിത്രകാരന്‍ അനുഷ്ഠിക്കുന്നത്. എറണാകുളം ജില്ലയിലെ മുളന്തുരുത്തിക്കടുത്ത് കുന്നപ്പിളളിയെന്ന കുഗ്രാമത്തില്‍ താമസിച്ച് രചനകള്‍ നടത്തുന്ന കെ ടി മത്തായിയെന്ന കലാകാരന്റെ മനസ്സ് ലോകത്തിനുനേരെ തിരിച്ചുപിടിച്ച ഒരു ദൂരദര്‍ശനിയാണ്. അതില്‍ വരാനിരിക്കുന്ന കാലങ്ങളുടെ ഭൂരേഖകള്‍ ഇനിയും തെളിഞ്ഞുവരും, പലതും നമ്മെ ഓര്‍മപ്പെടുത്താനായി.
(ചിന്ത വാരികയിൽ നിന്ന്)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..