കുവൈത്ത് സിറ്റി > ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന കുവൈത്തികൾക്ക് ഇന്ത്യൻ എംബസി മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ അനുവദിക്കുന്നുണ്ടെന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക പറഞ്ഞു. നിരവധി തവണ ഇന്ത്യ സന്ദർശിക്കാൻ ഈ വിസ ഉപകരിക്കുമെന്നും അയൽരാജ്യങ്ങളും സന്ദർശിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിസിനസുകാർക്കുള്ള വാണിജ്യ വിസ, വിദ്യാർത്ഥികൾക്കുള്ള പഠന വിസ, തൊഴിൽ വിസ എന്നിവ ഉൾപ്പെടെ പ്രത്യേക ആവശ്യങ്ങൾക്കായി ഇന്ത്യൻ എംബസി നിരവധി വിസകൾ നൽകുന്നുണ്ട്. ഇന്ത്യയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ ആദ്യം വിസ അപേക്ഷ ഓൺലൈനായി സമർപ്പിക്കണമെന്നും തുടർന്ന് രേഖകൾ, അനുബന്ധ ഫീസ് തുടങ്ങിയവ സമർപ്പിക്കുന്നതിനായി കുവൈത്തിലെ മൂന്ന് സ്ഥലങ്ങളിലുള്ള എംബസിയുടെ കോൺസുലാർ വിസ സേവന കേന്ദ്രങ്ങളെ ഉപയോഗപെടുത്താമെന്നും ഒരു ദിവസത്തിനുള്ളിൽ വിസ അനുവദിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കുവൈത്തികൾക്ക് ഈ വർഷം ആദ്യം മുതൽ അനുവദിച്ച വിസകളുടെ എണ്ണം (ശരാശരി എട്ട് മാസം) 5,000ൽ എത്തിയതായി ആദർശ് സ്വൈക പറഞ്ഞു. കഴിഞ്ഞ വർഷം അനുവദിച്ച ടൂറിസ്റ്റ് വിസകളുടെ എണ്ണം 6,000 ആയിരുന്നു.