കോഴിക്കോട്
എഴുതുന്നതിന്റെ ആനന്ദമായിരുന്നു ഗഫൂർ അറയ്ക്കലിന് ജീവിതം. ഫാറൂഖ് കോളേജിലെ വിദ്യാർഥി ജീവിതകാലത്ത് തുടങ്ങിയ എഴുത്തുജീവിതം മരണമുഖത്തും കൈവിട്ടില്ല. രോഗക്കിടക്കയിൽ എഴുതിത്തീർത്ത പുതിയ നോവൽ ‘ദ കോയ’ പ്രകാശനത്തിന് മണിക്കൂറുകൾമുമ്പേയുള്ള വിടവാങ്ങൽ പരിപൂർണമായ സാഹിത്യജീവിതത്തിന്റെ അടയാളമായി.
ഫാറൂഖ് കോളേജിൽ പ്രീഡിഗ്രി സയൻസ് വിദ്യാർഥിയായെത്തിയ ഗഫൂറിന് കവിതയായിരുന്നു പ്രിയം. മലയാളം അധ്യാപകനായ കെ ഇ എന്നുമായുള്ള സൗഹൃദം അതിന് കരുത്തുകൂട്ടി. നിദ്ര നഷ്ടപ്പെട്ട സൂര്യൻ, അമീബ ഇരപിടിക്കുന്നതെങ്ങനെ എന്നീ രണ്ട് കവിതാസമാഹാരങ്ങൾ അക്കാലത്ത് പുറത്തിറക്കി. രണ്ടിനും ആമുഖക്കുറിപ്പെഴുതിയത് കെ ഇ എൻ. ഫാറൂഖ് കോളേജിൽനിന്ന് ഡിഗ്രിയും ബിഎഡും പൂർത്തിയാക്കി ചേളാരിയിൽ പാരലൽ കോളേജ് അധ്യാപകനായി. രാഷ്ട്രീയ സാംസ്കാരികരംഗത്തും സജീവമായി.
‘ഒരു ഭൂതത്തിന്റെ ഭാവിജീവിതം’ ആദ്യ നോവൽ 2011ൽ പുറത്തിറങ്ങി. 2014ൽ ‘അരപ്പിരി ലൂസായ കാറ്റാടിയന്ത്രം’ നോവലും. 2016ൽ ക്യാൻസർ ബാധിതനാണെന്ന് അറിഞ്ഞശേഷമാണ് ഗഫൂറിന്റെ ശ്രദ്ധേയമായ എല്ലാ രചനകളും പിറന്നത്. മരണത്തിനരികെയായിരിക്കുമ്പോഴും എഴുത്തിലൂടെ കലഹിക്കുകയായിരുന്നു സർഗപ്രതിഭ. ‘ഹോർത്തൂസുകളുടെ ചോമി’ എന്ന നോവൽ പിറന്നത് ഈ കാലത്താണ്. ഈ നോവൽ ജയശ്രീ ഇംഗ്ലീഷിലേക്ക് വിവർത്തനംചെയ്തു. ‘രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി’യിലൂടെ ആക്ഷേപഹാസ്യ രാഷ്ട്രീയ നോവലിന്റെ മൂർച്ച അറിയിച്ചു. ബാഷ് മുഹമ്മദ് സംവിധാനംചെയ്ത ‘ലുക്ക ചുപ്പി’ എന്ന സിനിമയ്ക്ക് തിരക്കഥയെഴുതി.
കോഴിക്കോട് പള്ളിക്കണ്ടി പശ്ചാത്തലമാക്കി രചിച്ച ‘ദ കോയ’ രോഗത്തിന്റെ ഏറ്റവും ഭീദിതമായ നാളുകളിലാണ് പൂർത്തിയാക്കിയത്. ഇസ്ലാമോഫോബിയയുടെ നിർമിതികളെ പൊളിച്ചെഴുതുന്ന നോവൽ വ്യാഴാഴ്ച വൈകിട്ട് പ്രകാശനം ചെയ്യാനിരിക്കെയാണ് മരണം. ഒരു മാസമായി കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയിൽ മരണത്തോടുള്ള സമരത്തിലായിരുന്നു ഗഫൂർ. സുഹൃത്തുക്കൾ ചേർന്നാണ് പുസ്തകപ്രകാശനം ഏർപ്പാടാക്കിയത്.