മസ്കറ്റ് > ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മസ്കറ്റിൽ 77 കിലോമീറ്റർ ദൈർഘ്യമുള്ള സൈക്ലിംഗ് യാത്ര സംഘടിപ്പിച്ച് പ്രവാസി ഗ്രൂപ്പ്. നിരവധി ഇന്ത്യൻ പ്രവാസികൾ യാത്രയുടെ ഭാഗമായി. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച യാത്രയിൽ 25 വയസിനും 65നും ഇടയിൽ പ്രായമുള്ളവർ പങ്കാളികളായി. മസ്കറ്റിലെ റുവിയിൽ നിന്ന് അൽ മൗജിലേക്കും തിരികെ റൂവിയിലെ സ്റ്റാർട്ടിംഗ് പോയിന്റിലേക്കുമായിരുന്നു സൈക്ലിംഗ് സംഘടിപ്പിച്ചത്. അൽ ഖുവൈർ, അസൈബ, മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് അൽ മൗജ് വരെ അംഗങ്ങൾ യാത്രയുടെ ഭാഗമായി.
2016 ൽ ആണ് സൈക്ലിംഗ് ഗ്രൂപ്പ് രൂപം കൊണ്ടത്. കഴിഞ്ഞ നാല് വർഷമായി ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടും ഒമാൻ ദേശീയ ദിനത്തോടും അനുബന്ധിച്ച് സംഘം പ്രത്യേക സൈക്കിൾ സവാരി സംഘടിപ്പിക്കാറുണ്ടെന്ന് അംഗങ്ങൾ പറഞ്ഞു.