ന്യൂഡൽഹി
സ്ത്രീകൾക്ക് സ്വാതന്ത്ര്യത്തോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച കൺവൻഷൻ ചൂണ്ടിക്കാട്ടി. മോദി സർക്കാർ നടപ്പാക്കുന്നത് സ്ത്രീവിരുദ്ധ, കോർപറേറ്റ് പ്രീണന നയങ്ങളാണ്. മനുസ്മൃതിയിലും വർഗീയതയിലും അധിഷ്ഠിതവുമാണിത്– -കൺവൻഷൻ ചൂണ്ടിക്കാട്ടി.
ആർഎസ്എസിനെയും ബിജെപിയെയും അകറ്റൂ, സ്ത്രീകളെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തി ഒക്ടോബർ അഞ്ചിന് നടക്കുന്ന ഡൽഹി ചലോ മാർച്ചിനു മുന്നോടിയായാണ് കൺവൻഷൻ ചേർന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിക്രമങ്ങൾക്ക് ഇരയായ 15 സ്ത്രീകൾ സംസാരിച്ചു.
പൊതുവിതരണ സമ്പ്രദായം ഇല്ലാതാക്കാനുള്ള ആസൂത്രിതശ്രമത്തെ കൺവൻഷൻ അപലപിച്ചു. ദേശീയ കുടുംബാരോഗ്യ സർവേ മാനദണ്ഡങ്ങളിൽനിന്ന് വിളർച്ച ഒഴിവാക്കി. അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നു. ഭക്ഷ്യവസ്തുക്കൾക്ക് അടക്കം ജിഎസ്ടി അടിച്ചേൽപ്പിച്ചു. പെരുകുന്ന തൊഴിലില്ലായ്മ സ്ത്രീകളെ അരക്ഷിതാവസ്ഥയിൽ തള്ളുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ വർഷം 200 തൊഴിൽദിനം ഉറപ്പാക്കി വേതന കുടിശ്ശിക തീർക്കണമെന്നും ആവശ്യപ്പെട്ടു.
ആരോഗ്യമേഖലയിൽ സർക്കാർ ചെലവിടൽ വൻതോതിൽ കുറയ്ക്കുന്നതിന്റെ ആഘാതവും കൂടുതലായി ഏറ്റുവാങ്ങേണ്ടിവരുന്നത് സ്ത്രീകളാണ്. സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്നു. 2021ൽ പ്രതിദിനം ശരാശരി 86 ബലാത്സംഗക്കേസ് റിപ്പോർട്ട് ചെയ്തു. കത്വ, ഉന്നാവോ, ഹാഥ്റസ് എന്നിവിടങ്ങളിൽ സ്ത്രീപീഡകർക്ക് രാഷ്ട്രീയ സംരക്ഷണം ലഭിച്ചത് ആക്രമണങ്ങൾക്ക് പ്രോത്സാഹനമായി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോക്സോ നിയമം മറികടക്കാൻ നഗ്നമായ ശ്രമങ്ങളാണ്. മണിപ്പുർ കലാപത്തിലും ഹരിയാന സംഘർഷത്തിലും കേന്ദ്ര–- സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തം പ്രകടമായെന്നും കൺവൻഷൻ ചൂണ്ടിക്കാട്ടി.
അസോസിയേഷൻ രക്ഷാധികാരി ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി കെ ശ്രീമതി അധ്യക്ഷയായി. ജനറൽ സെക്രട്ടറി മറിയം ധാവ്ളെ പ്രഖ്യാപനരേഖ അവതരിപ്പിച്ചു. വിവിധ സെഷനുകളിലായി ചർച്ച നടന്നു. സി എസ് സുജാത വിദ്യാഭ്യാസമേഖല ചർച്ച നയിച്ചു.