കൊച്ചി
സംസ്ഥാനത്ത് ഐടി പാർക്കുകൾക്ക് പുറത്തുള്ള ഏറ്റവും വലിയ ഓഫീസ് സമുച്ചയം “നിപ്പോൺ ക്യു വൺ’ കൊച്ചിയിൽ തുറന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ കപിൽദേവ് മുഖ്യാതിഥിയായ ചടങ്ങ് വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. കൊച്ചിയും കേരളവും മാറുകയാണെന്നും മാറ്റം വേഗത്തിലാക്കാന് ഓരോരുത്തരും സര്ക്കാരിനൊപ്പം കൈകോര്ക്കണമെന്നും മന്ത്രി പറഞ്ഞു.
പാലാരിവട്ടം ബൈപാസിൽ മെഡിക്കൽ സെന്ററിനുസമീപം അഞ്ച് ലക്ഷത്തിലേറെ ചതുരശ്രയടി വലിപ്പത്തിലാണ് കൊച്ചി ആസ്ഥാനമായ നിപ്പോൺ ഗ്രൂപ്പ് ക്യു വൺ സമുച്ചയം സജ്ജമാക്കിയിരിക്കുന്നത്. ജപ്പാനിലെ ഷിബുയ ക്രോസിങ്, അമേരിക്കയിലെ ടൈംസ് സ്ക്വയർ എന്നിവിടങ്ങളിലേതിന് സമാനമായ, ഇന്ത്യയിലെ ഏറ്റവും വലിയ ത്രീഡി എൽഇഡി വാളും ഒരുക്കിയിട്ടുണ്ട്. 3300 ചതുരശ്രയടിയാണ് ഇതിന്റെ വലിപ്പം.
പതിനഞ്ച് നിലകളുള്ള കെട്ടിടത്തിൽ രണ്ട് ലക്ഷം ചതുരശ്രയടിയിലാണ് ഓഫീസ് ഇടം. 500 കാറുകൾ പാർക്ക് ചെയ്യാം. ഇരുപതോളം വൻകിട കമ്പനികൾ ഇവിടെ സ്ഥലം ഉറപ്പിച്ചുകഴിഞ്ഞു. രണ്ട് ലക്ഷം ചതുരശ്രയടി വലിപ്പത്തിൽ റീട്ടെയ്ൽ ഷോപ്പിങ് മാളും ഉണ്ടാകുമെന്നും 3000 പേർക്ക് തൊഴിൽ ലഭ്യമാകുമെന്നും നിപ്പോൺ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം എ എം ബാബു മൂപ്പൻ പറഞ്ഞു.
ഹൈബി ഈഡന് എംപി, എംഎല്എമാരായ ഉമ തോമസ്, ടി ജെ വിനോദ്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണന്, നിപ്പോണ് ഗ്രൂപ്പ് ഡയറക്ടര് അതീഫ് മൂപ്പന് തുടങ്ങിയവരും ചടങ്ങില് പങ്കെടുത്തു.