പുതുപ്പളളി
‘‘കമ്യൂണിസ്റ്റുകാരാണെന്ന് പറയാൻപോലും ഭയന്നൊരു കാലമാണത്. പാർടിയുമായി ബന്ധമുണ്ടെന്നറിഞ്ഞാൽ അറസ്റ്റുചെയ്യും. കോൺഗ്രസിന്റെ പ്രതാപകാലത്ത് ജയിക്കാമെങ്കിൽ കമ്യൂണിസ്റ്റ് പാർടിക്ക് ഇന്നും അത് സാധിക്കും.’’ പറയുന്നത് പുതുപ്പള്ളിയിൽ 1965ലും 67ലും ചെങ്കൊടി പാറിച്ച് എംഎൽഎയായ ഇ എം ജോർജിന്റെ സഹോദരൻ ഇ എം മാണി. കമ്യൂണിസ്റ്റ് വേട്ടയുടെ ഭീകരത മുഖത്ത് മിന്നിമായുന്നതറിയാം. 87 വയസ് പിന്നിട്ട മാണിയുടെ ഓർമയിൽ മായാതെയുണ്ട് ആ കാലം.
എന്തായിരുന്നു അന്നത്തെ രാഷ്ട്രീയ സാഹചര്യം?
കൊടുംക്രൂരതകളുടെ പര്യായമായിരുന്നു കോൺഗ്രസ്. പൊലീസും ഗുണ്ടാസംഘവും അവരുടെ ചൊൽപ്പടിക്ക്. അന്ന് ജയിലിൽ കിടന്നാണ് എന്റെ സഹോദരൻ പുതുപ്പള്ളിയിൽനിന്ന് ജയിച്ചത്. എല്ലാ അധികാരശക്തികളും കോൺഗ്രസിനൊപ്പമായിരുന്നു.
എങ്ങനെയാണ് പാർടി ആ വിജയം നേടിയത്?
കോട്ടയത്തോട് ചേർന്ന പുതുപ്പള്ളി കോൺഗ്രസിന്റെ നെടുങ്കോട്ടയായിരുന്നു. എന്നാൽ തൊഴിലാളികളും പാവങ്ങളും കമ്യൂണിസ്റ്റ് പാർടിയെ വിശ്വസിച്ചു, സ്നേഹിച്ചു. പാർടിയുടെ പിന്തുണ കോൺഗ്രസ് കണക്കുകൂട്ടിയതിലും അപ്പുറമായിരുന്നു. 1965ലെ തെരഞ്ഞെടുപ്പിൽ ജനങ്ങൾ കോട്ട തകർത്തു. കോൺഗ്രസിന്റെ തോമസ് രാജനെ തോൽപ്പിച്ച് ഇ എം ജോർജ് മണ്ഡലം പിടിച്ചെടുത്തു. മണ്ഡലം തിരിച്ചുപിടിക്കാനുറച്ചാണ് 1957ലും 60ലും വിജയിച്ച പി സി ചെറിയാനെ 67ൽ ഇറക്കിയത്. പക്ഷേ ഇ എം ജോർജ് വിജയമാവർത്തിച്ചു.
സഹോദരൻ ഇ എം ജോർജിനെ
ഓർക്കുമ്പോൾ..?
എന്നേക്കാൾ 12 വയസ് മൂത്തയാളാണ്. ചെറുപ്പം മുതലേ അദ്ദേഹം കമ്യൂണിസ്റ്റ് പാർടിക്ക് ഒപ്പമായിരുന്നു. വലിയ ത്യാഗമാണ് അവരൊക്കെ അന്ന് അനുഭവിച്ചത്. പൊലീസ് മർദനവും ജയിൽവാസവും അനുഭവിച്ചു. അമ്മ അക്കാമ്മ കമ്യൂണിസ്റ്റ് അനുഭാവിയായിരുന്നു. അതാണ് ഞങ്ങളെ സ്വാധീനിച്ചത്. വിദ്യാർഥിയായിരിക്കെത്തന്നെ ഇ എം ജോർജ് പൊതുരംഗത്തേക്ക് വന്നു. ആർ സുഗതനും സി എസ് ഗോപാലപിള്ളയുമൊക്കെയാണ് അണിയറയിൽ പ്രവർത്തിച്ചിരുന്ന നേതാക്കൾ.
ഇത്തവണത്തെ മത്സരം…?
ഉമ്മൻചാണ്ടിയില്ലാത്ത തെരഞ്ഞെടുപ്പിൽ പകരക്കാരനെ കണ്ടെത്തൽ കോൺഗ്രസിനാണ് വെല്ലുവിളി. സ്ഥാനാർഥി ജെയ്ക് സി തോമസ് മിടുക്കനാണ്. അവഗണിക്കാവുന്ന ശക്തിയല്ല മണ്ഡലത്തിൽ ഇന്ന് ഇടതുപക്ഷം. ഏലമല വർഗീസ് മാണിയുടെയും അക്കാമ്മയുടെയും മക്കളാണ് ജോർജും മാണിയും. ഇവരടക്കം ആറുമക്കൾ. മാണിയും ഇളയ സഹോദരി അമ്മിണിയും മാത്രമാണ് ശേഷിക്കുന്നത്. അമ്മിണി സിപിഐ എം പ്രവർത്തകയാണ്. മീനടം പഞ്ചായത്തംഗവുമായിരുന്നു.