ദുബായ് > 2023 ആദ്യ പാദത്തിൽ ഫെഡറൽ കോടതികളിലെ 95 ശതമാനം കേസുകളും ഓൺലൈനായി നടത്തി ദുബായ് നീതിന്യായ മന്ത്രാലയം. ഡിജിറ്റൽ പരിവർത്തനത്തിലൂടെ സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് മന്ത്രാലയം നടത്തുന്നത്. യുഎഇയുടെ ഡിജിറ്റൽ പരിവർത്തന പദ്ധതികളുമായി യോജിച്ച് 2025-ഓടെ ഒരു ഡിജിറ്റൽ ഗവൺമെന്റ് എന്ന ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതാണ് മന്ത്രാലയത്തിന്റെ നേട്ടം.
2021 ജൂണിൽ ഫെഡറൽ കോടതികളിലെ 80 ശതമാനം കേസുകളും ഓൺലൈനാക്കാൻ യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സർക്കാരിനോട് നിർദ്ദേശിച്ചതിനെ തുടർന്നാണ് നടപടികൾ ഓൺലൈനായത്.
ഓൺലൈൻ വിവാഹങ്ങൾക്കായി സർക്കാർ ഡിജിറ്റൽ സംവിധാനം കൊണ്ടുവരികയും, പേപ്പർ വർക്കുകൾ കുറയ്ക്കുകയും ചെയ്തു. 99 ശതമാനം ഡിജിറ്റൽ പവർ ഓഫ് അറ്റോർണി സൃഷ്ടിക്കാൻ നോട്ടറി പബ്ലിക് വീഡിയോ കോളുകളും പ്രത്യേക സാങ്കേതികവിദ്യയുമാണ് ഉപയോഗിച്ചത്. സൗകര്യപ്രദമായ ഓൺലൈൻ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനും ഉപഭോക്തൃ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള മന്ത്രാലയത്തിന്റെ കാര്യക്ഷമത നീതിന്യായ മന്ത്രി അബ്ദുല്ല ബിൻ സുൽത്താൻ ബിൻ അവദ് അൽ നുഐമി ചൂണ്ടിക്കാട്ടി.