കുവൈത്ത് സിറ്റി > മൂന്നുമാസത്തിനുള്ളിൽ സിവിൽ ഐ ഡി കാർഡ് കൈപ്പറ്റിയില്ലെങ്കിൽ 20 ദിനാർ പിഴ ഈടാക്കാനായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ(PACI) ആലോചിക്കുന്നതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. അതോറിറ്റിയുടെ സംവിധാനത്തിൽ 220,000 സിവിൽ ഐഡന്റിറ്റി കാർഡുകളാണ് ശേഖരിക്കാതെ കെട്ടികിടക്കുന്നതെന്ന് PACI വെളിപ്പെടുത്തി.
മെയ് 23ന് മുൻപ് അപേക്ഷ സമർപ്പിച്ച കാർഡുകളുടെ വിതരണം നിർത്തി. ദിവസങ്ങൾക്കുള്ളിൽ പുതിയവ വിതരണം ചെയ്യും. കെട്ടികിടക്കുന്ന കാർഡുകളിൽ ഏകദേശം 70 ശതമാനവും താമസക്കാരായ പ്രവാസികളുടെതാണെന്ന് അതോറിറ്റിയുടെ ഡയറക്ടർ ജനറൽ മൻസൂർ അൽ-മുതിൻ അറിയിച്ചു. ഈ കാർഡുകൾ സ്റ്റോറേജ് സ്പേസ് കുറയ്ക്കുകയും പുതിയ കാർഡുകളുടെ വിതരണത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സിവിൽ ഐഡന്റിറ്റി കാർഡ് വിതരണ പ്രക്രിയ കാര്യക്ഷമമാക്കാൻ അധിക മെഷീനുകൾ ഉപയോഗിച്ച് നിലവിലെ ഡെലിവറി ഇൻഫ്രാസ്ട്രക്ചർ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു .















