തിരുവനന്തപുരം> വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ 80 ശതമാനം നിർമാണം പൂർത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യഘട്ടത്തിൽ 10 ലക്ഷം കണ്ടെയ്നർ കൈകാര്യം ചെയ്യാൻ ലക്ഷ്യമിടുന്നു. ഇതു 30 ലക്ഷം വരെ ഉയർത്താനാകും. കണ്ടെയ്നർ ഒന്നിന് ശരാശരി ആറ് പ്രവർത്തിദിനം തുറമുഖത്തിനകത്തും പുറത്തും സൃഷ്ടിക്കും. തുറമുഖം യാഥാർഥ്യമാകുന്നതോടെ നിർമാണ സാമഗ്രികൾ കുറഞ്ഞ ചെലവിൽ ഇറക്കുമതി ചെയ്യാനാകും.
തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിക്ക് കേന്ദ്ര അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് സ്ഥലമെടുപ്പും മറ്റു നടപടികളും ആരംഭിക്കും. 4673 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. താമരശേരി ചുരം റോഡിന് ബദലായി നിർമിക്കുന്ന ആനക്കാംപൊയിൽ– കള്ളാടി– മേപ്പാടി തുരങ്കപാതയ്ക്ക് ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചു. 2043 കോടി ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി 2029ൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 655 കിലോ മീറ്റർ ദൈർഘ്യമുള്ള തീരദേശ പാത 2027ൽ പൂർത്തിയാകും. മലയോര ഹൈവേ 2025 ഡിസംബറോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. കണ്ണൂരിൽ ആരംഭിക്കുന്ന അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ഒന്നാംഘട്ട നിർമാണം ജനുവരിയിൽ പൂർത്തിയാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.