“ആരോഗ്യവും സന്തോഷവും’ മത്സരം സംഘടിപ്പിച്ച് ദുബായ് ഹെൽത്ത് അതോറിറ്റി. ആരോഗ്യകരവും സന്തുഷ്ടവുമായ ഒരു സമൂഹം സൃഷ്ടിക്കുക എന്ന ആത്യന്തിക ലക്ഷ്യത്തോടെ വിവിധ ജീവിതശൈലി രോഗങ്ങൾ തടയുന്നതിനും വ്യായാമം പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യകരമായ രീതികൾ സ്വീകരിക്കേണ്ടതിൻ്റ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് മത്സരത്തിന്റെ ലക്ഷ്യം. മത്സരത്തിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യാമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു.
18 വയസ് മുതലുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. ഓഗസ്റ്റിൽ ആരംഭിക്കുന്ന മത്സരം ഡിസംബർ അവസാനം വരെ നീണ്ടുനിൽക്കും. 240,000 ദിർഹത്തിന്റെ സമ്മാനങ്ങളാണ് വിജയികൾക്ക് ലഭിക്കുക. ഇത് 30 പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യമായി നൽകും.
ജനങ്ങളുടെ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയാണ് മത്സരം പ്രതിഫലിപ്പിക്കുന്നതെന്ന് ഡിഎച്ച്എയുടെ പബ്ലിക് ഹെൽത്ത് ആൻഡ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റിലെ ഹെൽത്ത് പ്രൊമോഷൻ ആൻഡ് എജ്യുക്കേഷൻ വിഭാഗം മേധാവി ഡോ. ഹെൻഡ് അൽ അവധി പറഞ്ഞു.
STEPPI പ്ലാറ്റ്ഫോമുമായും ആസ്റ്റർ ക്ലിനിക്കുകളുമായും സഹകരിച്ച് ദുബായ് ഹെൽത്ത് അതോറിറ്റിയാണ് മത്സരം നടപ്പിലാക്കുന്നത്. ആപ്പ് സ്റ്റോർ, പ്ലേ സ്റ്റോർ അല്ലെങ്കിൽ Huawei ആപ്പ് ഗാലറി എന്നിവയിൽ നിന്ന് STEPPI ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഒരു അക്കൗണ്ട് തുടങ്ങി
മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കും.