കുവൈത്ത് സിറ്റി> നിരോധന കാലാവധി അവസാനിച്ചതോടെ കുവൈത്തിൽ ചെമ്മീൻ വിപണി ഊർജിതമായി. മത്സ്യബന്ധനം പുനരാരംഭിച്ച ആദ്യ ദിവസം ഫഹാഹീൽ മാർക്കറ്റിൽ 100 ബാസ്ക്കറ്റ് ചെമ്മീനും ഷർഖ് മാർക്കറ്റിൽ 56 ബാസ്ക്കറ്റ് ചെമ്മീനും ലേലം ചെയ്തു. ഒരു ബാസ്ക്കറ്റിന് 45 മുതൽ 65 വരെ കുവൈത്തി ദിനാർ ആയിരുന്നു വില.
മത്സ്യബന്ധന മേഖല നേരിടുന്ന വെല്ലുവിളികളും പ്രതിബന്ധങ്ങളും വകവയ്ക്കാതെ, പ്രാദേശിക വിപണിയിലേക്ക് ചെമ്മീൻ എത്തിക്കുന്നതിനായി മത്സ്യത്തൊഴിലാളികൾ പരിശ്രമിക്കുന്നുണ്ടെന്ന് കുവൈത്ത് മത്സ്യത്തൊഴിലാളി യൂണിയൻ മേധാവി ധാഹെർ അൽ-സോയാൻ പറഞ്ഞു.
രാജ്യത്തിന്റെ സമുദ്രാതിർത്തിയിൽ പ്രവേശിക്കാൻ അനുവദിച്ച ലൈസൻസുകളുടെ എണ്ണത്തിൽ കുറവുണ്ടായതിന്റെ ഫലമായി കഴിഞ്ഞ സീസണിലെ ആദ്യദിനത്തെ അപേക്ഷിച്ച് ചെമ്മീനിന്റെ അളവ് കുറഞ്ഞെന്നും ആവശ്യമായ ഡീസൽ ക്വാട്ട ലഭിക്കാത്തതിനാൽ വരും ദിവസങ്ങളിൽ ഷർഖ്, ഫഹാഹീൽ മാർക്കറ്റുകളിൽ ചെമ്മീനിന്റെ വരവ് വലിയ തോതിൽ കുറയുമെന്നും അദ്ദേഹം പറഞ്ഞു.