ദുബായ് > സുഡാനീസ് അഭയാർത്ഥികൾക്ക് മെഡിക്കൽ സഹായം ലഭ്യമാക്കി യുഎഇ. അഭയാർത്ഥികളെ ചികിത്സിക്കുന്ന ഛാഡിലെ ഫീൽഡ് ഹോസ്പിറ്റലിൽ യുഎഇ സഹായ സംഘം രോഗികളെ സന്ദർശിച്ചിരുന്നു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദിന്റെ നിർദേശപ്രകാരം കഴിഞ്ഞ മാസമാണ് മെഡിക്കൽ സെന്റർ ആരംഭിച്ചത്. ആദ്യ 10 ദിവസത്തിനുള്ളിൽ 1,200-ലധികം അഭയാർത്ഥികളെ യുഎഇയുടെ പ്രതിനിധി സംഘം ചികിത്സിച്ചു.
സ്ത്രീകളും കുട്ടികളും പ്രായമായവരും വിട്ടുമാറാത്ത രോഗങ്ങളുള്ളവരും അഭയാർത്ഥികളിൽ ഉൾപ്പെടുന്നു. എമിറേറ്റ്സ് റെഡ് ക്രസന്റ്, സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ചാരിറ്റബിൾ ആൻഡ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ, ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘം അഭയാർഥികൾക്കും പ്രാദേശിക സമൂഹത്തിനും ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്നതുൾപ്പെടെ ഛാഡിലെ അംജറാസിൽ പിന്തുണയുമായി രംഗത്തുണ്ട്.
രോഗികളുടെ ആരോഗ്യവും ക്ഷേമവും പരിശോധിക്കുന്നതിനും അവർക്ക് പിന്തുണ നൽകുന്നതിനുമാണ് ആശുപത്രി സന്ദർശനമെന്ന് ഛാഡിലെ എമിറേറ്റ്സ് റെഡ് ക്രസന്റ് പ്രതിനിധി സംഘത്തിന്റെ തലവൻ ഡോ അഹമ്മദ് അൽ ദഹേരി പറഞ്ഞു. രോഗികൾ യുഎഇ ഡെലിഗേഷന്റെ സംരംഭത്തിന് നന്ദി അറിയിച്ചിട്ടുണ്ട്.