കൊച്ചി> മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ കെ സുധാകരന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ എബിൻ എബ്രഹാമിനെ പ്രതിചേർത്ത് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകി. യൂത്ത് കോൺഗ്രസ് നേതാവ് എബിൻ എബ്രഹാമിനെ അഞ്ചാംപ്രതിയാക്കിയാണ് എറണാകുളം എസിജെഎം കോടതിയിൽ റിപ്പോട്ട് സമർപ്പിച്ചത്. ഇയാളെ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷകസംഘം.
സുധാകരന്റെ പിഎ ആണെന്നാണ് എബിൻ പറഞ്ഞിരുന്നത്. ഇയാളുടെ അക്കൗണ്ടിലേക്ക് മോൻസണിന്റെ ജീവനക്കാരിൽനിന്ന് പണം അയച്ചതിന്റെ രേഖകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. 25 ലക്ഷം രൂപ ഇയാൾ കൈപ്പറ്റിയെന്നാണ് കേസിലെ പരാതിക്കാരുടെ ആരോപണം. പുരാവസ്തു തട്ടിപ്പുകേസിൽനിന്ന് കെപിസിസിസി പ്രസിഡന്റ് കെ സുധാകരന്റെ പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എബിൻ എബ്രഹാം പരാതിക്കാരെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
തൃശൂർ സ്വദേശി അനൂപ് മുഹമ്മദിനെയും കോഴിക്കോട് സ്വദേശി എം ടി ഷെമീറിനെയും എബിൻ എബ്രഹാം കണ്ടതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മോൻസൺ മാവുങ്കൽ, കെ സുധാകരൻ, മുൻ ഡിഐജി എസ് സുരേന്ദ്രൻ, ഐജി ജി ലക്ഷ്മണ എന്നിവരാണ് യഥാക്രമം കേസിലെ ഒന്നുമുതൽ നാലുവരെയുള്ള പ്രതികൾ. സുധാകരന്റെ ജാമ്യഹർജി ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കും. സുധാകരനെയും സുരേന്ദ്രനെയും നേരത്തേ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.