ദുബായ് > യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പകർത്തിയ അഗ്നിപർവ്വതത്തിന്റെ ഫോട്ടോ ശ്രദ്ധേയമായി. ട്വിറ്റർ വഴിയാണ് ഫിലിപ്പീൻസിലെ താൽ അഗ്നിപർവ്വതത്തിന്റെ ചിത്രം അൽ നെയാദി പങ്ക് വച്ചത്.
“കമുസ്ത ഫിലിപ്പിനാസ് ” എന്ന് അദ്ദേഹം കുറിച്ചു. ലോകത്തിലെ ഏറ്റവും ചെറിയ അഗ്നിപർവ്വതങ്ങളിലൊന്നും ഫിലിപ്പീൻസിലെ ഏറ്റവും സജീവമായ രണ്ടാമത്തെ അഗ്നിപർവ്വതവുമായ താൽ അഗ്നിപർവ്വതത്തിന്റെ ഈ ചിത്രം ഞാൻ ISS-ൽ നിന്ന് പകർത്തി എന്നാണ് അദ്ദേഹം കുറിച്ചത്.
ബഹിരാകാശത്ത് നിന്ന് നമ്മൾ ഭൂമിയെ എത്ര ആഴത്തിൽ നോക്കുന്നുവോ അത്രയധികം അതിന്റെ ഭൂമിശാസ്ത്രപരമായ വൈവിധ്യം നമുക്ക് മനസ്സിലാകുമെന്നും നെയാദി പറഞ്ഞു.
ലോകത്തിലെ ഏറ്റവും ചെറിയ അഗ്നിപർവ്വതങ്ങളിൽ ഒന്നാണെങ്കിലും മനിലയിൽ നിന്ന് 70 കിലോമീറ്റർ തെക്ക് സ്ഥിതി ചെയ്യുന്ന താൽ ഫിലിപ്പൈൻസിലെ ഏറ്റവും സജീവമായ രണ്ടാമത്തെ അഗ്നിപർവ്വതമാണ്.