ദുബായ്> യുഎഇയിൽ നിന്നുള്ള അരി കയറ്റുമതിയും പുനർ കയറ്റുമതിയും താൽക്കാലികമായി നിർത്തിവച്ചു. പ്രാദേശിക വിപണിയിൽ ആവശ്യത്തിന് അരി ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള നടപടിയിൽ നാല് മാസത്തേക്കാണ് കയറ്റുമതി നിർത്തി വച്ചിരിക്കുന്നതെന്നു സാമ്പത്തിക മന്ത്രാലയം അറിയിച്ചു. ഫ്രീ സോണുകൾ ഉൾപ്പെടെ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന അരിയുടെ കയറ്റുമതിയും പുനർ കയറ്റുമതിയും നിരോധിക്കുന്നതും തീരുമാനത്തിൽ ഉൾപ്പെടുന്നു.
2023ലെ മന്ത്രിതല പ്രമേയം നമ്പർ 120 അനുസരിച്ച് ഏകീകൃത കസ്റ്റംസ് താരിഫിന് കീഴിലുള്ള എല്ലാ അരി ഇനങ്ങൾക്കും ഇത് ബാധകമാണ്. ഇന്ത്യയിൽ നിന്നോ മറ്റെവിടെയെങ്കിലുമോ അരി കയറ്റുമതി ചെയ്യാനോ വീണ്ടും കയറ്റുമതി ചെയ്യാനോ ആഗ്രഹിക്കുന്ന കമ്പനികൾ പെർമിറ്റ് ലഭിക്കുന്നതിന് മന്ത്രാലയത്തിന് ഒരു അഭ്യർത്ഥന സമർപ്പിക്കണം.