ദുബായ് > നഗരത്തിന്റെ ശുചിത്വം നിലനിർത്തുന്നതിൽ സജീവമായി സന്നദ്ധപ്രവർത്തകരും. ഈ വർഷം ആദ്യ ആറു മാസത്തിൽ മാത്രം നഗരത്തിലെ ഔദ്യോഗിക സംവിധാനങ്ങളുമായി സഹകരിച്ച് പ്രവർത്തിച്ചത് 4791 വളന്റിയർമാരാണ്. ഇതുവഴി ബീച്ച്, മരുഭൂമി താമസസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്നായി 9.4 ടൺ മാലിന്യം ശേഖരിക്കാൻ സാധിച്ചതായി ദുബൈ മുനിസിപ്പാലിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.
സന്നദ്ധപ്രവർത്തകർക്ക് ശുചിത്വ യജ്ഞത്തിൽ പങ്കാളികളാകാൻ അവസരമൊരുക്കുന്നതിന് ‘ശുചീകരണ തൊഴിലാളിക്കൊക്കൊപ്പം ഒരു മണിക്കൂർ’ എന്നപേരിൽ അധികൃതർ കാമ്പയിൻ ആരംഭിച്ചിരുന്നു. നഗരത്തിലെ പ്രധാന ബീച്ചുകൾ, മാർക്കറ്റുകൾ , വാണിജ്യ-വ്യവസായിക-താമസ സ്ഥലങ്ങൾ, മരുഭൂപ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് വളന്റിയർമാരെ നിയമിച്ചത്. ഇത് വലിയ വിജയമാണെന്നാണ് ഈ വർഷം ആദ്യ മാസങ്ങളിലെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
പരിസ്ഥിതി സംരക്ഷണത്തിനും ശുചിത്വം പാലിക്കുന്നതിനും സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിൽ ദുബായ് മുനിസിപ്പാലിറ്റി ഏറെ ശ്രദ്ധയൂന്നത്തിന്റെ ഭാഗമായി ആണ് ഇത്തരം ക്യാംപെയ്ൻ സംഘടിപ്പിക്കുന്നത് . വാളന്റിയർമാരുടെ സേവനങ്ങൾ നഗരത്തിന്റെ ആകർഷണീയത നിലനിർത്തുന്നതിനും മികച്ച സേവനം ഉറപ്പുവരുവരുത്തുന്നതിനും സഹായികരമാണെന്നും മുനിസിപ്പാലിറ്റി വിലയിരുത്തി.