കുവൈത്ത് സിറ്റി > കുവൈറ്റ് മൂല്യവർധിത നികുതിക്ക് (വാറ്റ്) പകരം എക്സൈസ് നികുതി നടപ്പിലാക്കാന്‍ നീക്കം. പാര്‍ലമെന്റിന്റെ വരും സമ്മേളനത്തില്‍ എക്സൈസ് നികുതിയുമായി ബന്ധപ്പെട്ട ബില്ലുകള്‍ പരിഗണനക്ക് വന്നേക്കുമെന്ന് പ്രാദേശിക മാധ്യമമായ കുവൈത്ത് ടൈംസ് ടൈംസ് റിപ്പോർട്ട് ചെയ്തു.നികുതി 10 മുതൽ 25 ശതമാനം വരെയാകാം.
ജനകീയ തലത്തിലും പാർലമെന്ററി തലത്തിലും വാറ്റ് വ്യാപകമായി നിരസിക്കപ്പെട്ട സാഹചര്യത്തിൽ അടുത്ത മൂന്ന് വർഷത്തേക്കെങ്കിലും സർക്കാർ പദ്ധതികളിൽ നിന്ന് ഇത് ഒഴിവാക്കിയതായാണ് റിപ്പോർട്ട് പറയുന്നത്.
തുടക്കത്തിൽ പുകയില അനുബന്ധ ഉത്പന്നങ്ങൾ മധുര പാനീയങ്ങൾ, വാച്ചുകൾ, ആഭരണങ്ങൾ, വിലയേറിയ കല്ലുകൾ തുടങ്ങിയ ആഡംബര വസ്തുക്കൾ, ആഡംബര കാറുകൾ, നൗകകൾ എന്നിവയ്ക്ക് എക്സൈസ് നികുതി ചുമത്താനാണ് നീക്കം.
നിർദ്ദിഷ്ട എക്സൈസ് നികുതിയിലൂടെ പ്രതിവർഷം 500 ദശലക്ഷം ദിനാർ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്,ആദ്യഘട്ടമെന്ന നിലയില്‍ ആഡംബര വസ്തുക്കൾക്ക് മാത്രമാണ് നികുതി ഏര്‍പ്പെടുത്തുക.
നേരത്തെ വിദേശികൾക്ക് മാത്രമായി റെമിറ്റൻസ് ടാക്സ് നിർദേശം പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നുവെങ്കിലും എം.പിമാരുടെ എതിര്‍പ്പുമൂലം നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല .