ദുബായ് > സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷകരമായ വിഡിയോകളും പരാമർശങ്ങളും നടത്തുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇ. പ്രാദേശിക ഭാരണകൂടങ്ങൾ പുറപ്പെടുവിക്കുന്ന നിയമങ്ങളും നിയന്ത്രണങ്ങളും യുഎഇ സൈബർ നിയമത്തിൽ പറയുന്ന വ്യവസ്ഥകളും ഉപയോക്താക്കൾ കർശനമായി പാലിക്കണം.
ഇസ്ലാം മതത്തെയോ മറ്റ് മതങ്ങളെയോ അതിന്റെ സംസ്കാരത്തേയോ അപകീർത്തിപ്പെടുത്തും വിധമുള്ള ഓൺലൈൻ പോസ്റ്റുകൾ പങ്കുവെച്ചാൽ ശിക്ഷ കഠിനമായിരിക്കും. ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഏഴു വർഷം തടവും രണ്ടര ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ.
മനുഷ്യക്കടത്ത്, അശ്ലീലം, വേശ്യാവൃത്തി തുടങ്ങി പൊതുധാർമികതക്ക് എതിരായ പ്രവർത്തനങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നടത്തരുത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഉള്ളടക്കങ്ങൾ അടങ്ങിയ പോസ്റ്റുകളും പ്രചരിപ്പിക്കുവാൻ പാടില്ല. ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഒരുവർഷം മുതൽ അഞ്ചു വർഷം വരെ തടവും രണ്ടര ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയും ചുമത്തും.
വ്യക്തികളുടെ അനുവാദമില്ലാതെ അവരുടെ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവെക്കുക, ഭീഷണിപ്പെടുത്തുക, ആധികാരിക ഉറവിടങ്ങളിൽ നിന്നല്ലാത്ത തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുക എന്നിവയും ശിക്ഷാർഹമാണ്. നിയമം ലംഘിച്ചാൽ ആറു മാസം തടവും ഒന്നരലക്ഷം പിഴയുമാണ് ലഭിക്കുക.
കൂടാതെ ഭരണകൂടത്തേയോ സർക്കാർ വകുപ്പുകളെയോ ദേശീയ ചിഹ്നങ്ങളേയോ മറ്റ് രാജ്യങ്ങളുടെ രാഷ്ട്രീയവ്യവസ്ഥകൾ എന്നിവക്കെതിരായ പോസ്റ്റുകളും ഗുരുതര കുറ്റകൃത്യമായി പരിഗണിക്കുമെന്നും അധികൃതർ ഓർമിപ്പിച്ചു.