1872 ലാണ് യെല്ലോസ്റ്റോൺ നാഷണൽ പാർക്ക് സ്ഥാപിതമായത്. 2. 2 മില്യൺ ഏക്കർ വിസ്തൃതിയിൽ അമേരിക്കയുടെ വയൊമിങ്, മൊണ്ടാന, ഐഡഹോ സംസ്ഥാനങ്ങളിലായി പരന്നുകിടക്കുന്ന ഇതിനെ നാച്ചുറൽ വണ്ടർ പാർക്ക് എന്നാണ് വിളിക്കേണ്ടത്. കഴിഞ്ഞ ലക്കം പ്രസിദ്ധീകരിച്ച ‘തിളക്കുന്ന താഴ്വരയിലേക്ക് ഒരു യാത്ര’ എന്ന യാത്രാ വിവരണത്തിന്റെ അനുബന്ധ ഭാഗം…
കോവിഡ് എന്ന കുഞ്ഞൻ ആഗോള ജനരാശിയെ ഒട്ടാകെ ജയിലിലടച്ച അന്തമില്ലാകാലത്തിനിടയിലെ ഒരു പരോൾകാലത്ത് കുഞ്ഞുമോൾ സിയയെ കാണാൻ അവളുടെ വേനലൊഴിവിന് ചിക്കാഗോയിൽ എത്തിയതായിരുന്നു ഞാനും ഭർത്താവും. ചിക്കാഗോയിൽ താമസിക്കുന്ന മകളെയും കുടുംബത്തെയും കാണാനുള്ള യാത്രകളിൽ ഡിസ്നി ലാൻഡൊഴികെയുള്ളവയൊക്കെ ഒരുവിധം കണ്ടുതീർത്തിരുന്നു.
ഇതിനിടയിൽ യെല്ലോസ്റ്റോണിന്റെയും വീഡിയോ കാണാനിടയായപ്പോൾ ഞങ്ങളും ആ ഭംഗിയിൽ വീണുപോയി. അങ്ങനെ ഒരു പത്തുദിവസം നീണ്ടുനിൽക്കുന്ന റോഡ് ട്രിപ്പിന് ഞങ്ങൾ രണ്ടാളും തയ്യാറായി. മകൻ പറഞ്ഞപോലെ കിയായുടെ ഒരു ഫോർവീലർ വാടകക്കെടുത്ത് യാത്രക്കാവശ്യമായ സാധന സാമഗ്രികളൊക്കെ നിറച്ച് അതിരാവിലെ തന്നെ ഒമാഹോയിലോട്ടു വിട്ടു.
ലോകത്തിലെ പ്രഥമ ദേശീയോദ്യാനമായി 1872 ലാണ് യെല്ലോസ്റ്റോൺ നാഷണൽ പാർക്ക് സ്ഥാപിതമായത്. 2 .2 മില്യൺ ഏക്കർ വിസ്തൃതിയിൽ അമേരിക്കയുടെ വയൊമിങ്, മൊണ്ടാന, ഐഡഹോ സംസ്ഥാനങ്ങളിലായി പരന്നുകിടക്കുന്ന ഇതിനെ നാച്ചുറൽ വണ്ടർ പാർക്ക് എന്നാണ് വിളിക്കേണ്ടത്. മനോഹരങ്ങളായ തടാകങ്ങൾ, നദികൾ, മലനിരകൾ, വെള്ളച്ചാട്ടങ്ങൾ, ചെങ്കുത്തായ മലയിടുക്കുകൾ (canyon); വിവിധയിനം വന്യജീവികൾ, അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ super volcano ആയ യെല്ലോസ്റ്റോണിന്റെ ഹൈഡ്രോ തെർമൽ അത്ഭുതക്കാഴ്ചകൾ അങ്ങനെ നിങ്ങൾ കാണാൻ ആഗ്രഹിച്ചതിനേക്കാൾ കൂടുതൽ യെല്ലോസ്റ്റോൺ നിങ്ങൾക്കു സമ്മാനിക്കും. ഇപ്പോൾ നിഷ്ക്രിയമാണെങ്കിലും 2 മില്യൺ വർഷങ്ങൾക്കുമുമ്പ് വൻ സ്ഫോടനങ്ങൾക്ക് സാക്ഷ്യംവഹിച്ച ചരിത്രവുമുണ്ട്. ലോകത്തിലെ സജീവമായ ഉഷ്ണജലസ്രോതസ്സുകളിലെ പകുതിയും യെല്ലോസ്റ്റോണിലാണ്.
ഇവിടെമാത്രം കണ്ടുവരുന്ന തരത്തിലുള്ള ഉഷ്ണജലസ്രോതസ്സുകൾ, ചൂടുനീരുറവകൾ (hot springs), ചൂടുവാതകങ്ങൾ ചെളിയിലൂടെ പുറത്തുവരുന്ന അമ്ലസ്വഭാവമുള്ള തിളച്ച ആവിയും വാതകവും പുറത്തേക്കുവിടുന്ന നീരാവി രന്ധ്രങ്ങൾ എന്നിങ്ങനെ ഭൂമിയുടെ പല അത്ഭുതങ്ങൾ കാണാം. പിന്നെ കാട്ടുപോത്തുകളുടെ (BISON) കുംഭമേള കാണാൻ പോകാം. രാജ്യത്തെ ഏറ്റവും വലിയ (Elk) മ്ലാവുകളുടെ ശേഖരം, grizzly കരടികൾ,moose (കടമാൻ), കൃഷ്ണമൃഗം (antelope), കറുത്ത കരടികൾ, ചെന്നായ (coyote) എന്നിങ്ങനെ വൈവിധ്യങ്ങളായ വന്യമൃഗങ്ങളെ അവരുടെ ആവാസവ്യവസ്ഥയിൽ യെല്ലോസ്റ്റോണിലെ വിശാലമായ പുൽമേടുകളിലും താഴ്വരകളിലും വനത്തിലും എന്തിന് നടുറോഡിൽപ്പോലും കാണാൻ സാധിക്കും.
2 .2 മില്യൺ ഏക്കറിൽ സ്ഥിതി ചെയ്യുന്ന യെല്ലോസ്റ്റോൺ എല്ലാം കണ്ടുതീരാൻ ചിലപ്പോൾ ഒരു ജന്മംതന്നെ വേണ്ടിവരും. ഭൂരിഭാഗം സ്ഥലങ്ങളിലും വാഹനങ്ങളിൽ തന്നെ എത്തിച്ചേരാൻ സാധിക്കും. പിന്നെ നടത്തവും ട്രക്കിങ്ങും വേനൽക്കാലത്ത് (ജൂൺ ജൂലൈ ആഗസ്ത് മാസങ്ങളിൽ) പാർക്ക് ഇരുപത്തിനാല് മണിക്കൂറും തുറന്നിരിക്കും.
അതിരാവിലെ ഒരു കട്ടനും അടിച്ച് ഇങ്ങോട്ടു വിടുക. കാഴ്ചകളൊക്കെ കണ്ട് ഇടയ്ക്ക് വിശ്രമിച്ച് സന്ധ്യക്ക് പക്ഷി മൃഗാദികളെ അവരുടെ കൂട്ടിലും വീട്ടിലും ആക്കിയിട്ട് തിരിച്ചുവരിക. സമ്മർ സമയത്ത് സൂര്യാസ്തമയം 8 .30 നൊക്കെ ആയതുകൊണ്ട് ഒരുപാടുസമയം കിട്ടും. പക്ഷേ നിങ്ങൾ സന്ദർശിക്കുന്നത് ശിശിരത്തിലോ ശരത്തിലോ ആണെങ്കിൽ പകൽ സമയം വളരെ കുറവായിരിക്കും. പതിനായിരം വർഷത്തിലധികം ആദിമ അമേരിക്കക്കാർ യെല്ലോസ്റ്റോണിനെ തങ്ങളുടെ ആവാസ വ്യവസ്ഥയാക്കി ജീവിച്ചിരുന്നു. അഗ്നിപർവത ശിലകൾകൊണ്ടുള്ള ആയുധങ്ങളാണ് അവർ ഉപയോഗിച്ചിരുന്നത്.
യെല്ലോസ്റ്റോണിന്റെ സമതലപ്രദേശമാകെ ലാവ ഉരുകിയ അവശിഷ്ടങ്ങളും പാറകളുംകൊണ്ട് നിറഞ്ഞിരിക്കുന്നു. വിസ്തൃതിയുള്ള കാടുകളും പച്ചപ്പുൽമേടുകളും സമതലങ്ങളും വംശനാശ ഭീഷണി നേരിടുന്ന സസ്യലതാദികളുംകൊണ്ട് നിറഞ്ഞിരിക്കുന്ന അനുഗ്രഹീത ഭൂമിയാണ് യെല്ലോസ്റ്റോൺ.
യെല്ലോസ്റ്റോണിലേക്ക് പ്രവേശിക്കാൻ അഞ്ച് ഗേറ്റുകളുണ്ട്. പ്രവേശന ഫീസ് ഒരാഴ്ചത്തേക്ക് 35 ഡോളറാണ്. ഞങ്ങൾ 80 ഡോളറിന്റെ ഒരു വർഷത്തേക്കുള്ള നാഷണൽ പാർക്ക് സർവീസിന്റെ പാസ് വാങ്ങിയിരുന്നു. അമേരിക്കയിലെ ഏത് ദേശീയോദ്യാനത്തിൽ പോകാനും ഇത് മതിയാകും. പാർക്കിനുള്ളിൽ നെറ്റ്വർക്ക് ലഭ്യമാകില്ല. ഒറ്റ ദിവസംകൊണ്ട് ഒരിക്കലും നമുക്ക് യെല്ലോസ്റ്റോൺ കണ്ടു തീർക്കാൻ സാധിക്കില്ല.
പാർക്കിനകത്തുതന്നെ ധാരാളം ലോഡ്ജുകൾ താമസത്തിനായി ഉണ്ട്. ഇവയൊക്കെ ഒരു വർഷംമുമ്പുതന്നെ ബുക്കിങ് അവസാനിച്ചിട്ടുണ്ടാകും. പിന്നെ ഗേറ്റുകൾക്ക് വെളിയിലുള്ള ചെറിയ ടൗണുകൾ തന്നെ ശരണം. ആദ്യ ദിവസം യെല്ലോസ്റ്റോണിൽ താമസം കിട്ടിയെങ്കിലും രണ്ടും മൂന്നും ദിവസം കോടിയെന്ന മനോഹര സ്ഥലത്താണ് ഞങ്ങൾക്ക് ഹോട്ടൽ ലഭ്യമായത്. കോടിയിൽനിന്ന് 150 കിലോമീറ്റർ ദൂരമുണ്ട് യെല്ലോസ്റ്റോണിലേക്ക്. ഞങ്ങൾ വെളുപ്പിന് നാലരക്കെണീറ്റ് ബ്രേക്ഫാസ്റ്റും ലഞ്ചിനുള്ള സാമഗ്രികളും കൊറിക്കാനും കുടിക്കാനുമുള്ളതെല്ലാം സമാഹരിച്ച് അഞ്ചരയോടുകൂടി യാത്ര തുടങ്ങും. അപ്പോഴേക്കും നേരം വെളുത്തിട്ടുണ്ടാകും.
പച്ചപ്പിന്റെ വസന്തത്തിനൊപ്പം വേനലിന്റെ ക്രൗര്യവും കാണാം. കാട്ടുതീയുടെ വന്യതയുടെ അവശിഷ്ടമായ മരക്കോലുകളുടെ പ്രതിഷേധച്ചങ്ങല മൈലുകളോളം നിശ്ശബ്ദമായി റോഡരികിൽ സങ്കടക്കാഴ്ചയൊരുക്കി നിൽക്കുന്നു. ഇതിനിടയിൽ ജീവൻ ഒരിക്കലും അവസാനിക്കില്ലെന്ന പ്രകൃതിയുടെ വാഗ്ദാനം പ്രതീക്ഷയുടെ പച്ചനാമ്പുകളായി തളിർത്തുനിൽക്കുന്നു. ഇടയ്ക്കിടയ്ക്ക് റോഡ് കുറുകെ ഓടുന്ന മാൻകിടാങ്ങൾ. അമേരിക്കയിൽ മിക്ക യാത്രയിലും മാൻ കുറുകെ ചാടും. സൂക്ഷിക്കുക എന്ന മുന്നറിയിപ്പ് ബോർഡ് കാണാം. ആ യാത്രയിലാണ് ഞങ്ങൾ ചെമ്പൻ കരടിയെയും കുഞ്ഞിനേയും കണ്ടത്. എന്റെ കൂട്ടുകാരൻ ചാടിയിറങ്ങി അതിന്റെ പുറകെ ഓടി. പെട്ടെന്നൊരു വെടിശബ്ദം. പൊലീസ് വന്ന് കരടിയെ പേടിപ്പിച്ച് കാട്ടിലോട്ടിറക്കി.
എല്ലാ ഒന്നരമണിക്കൂറിലും മുടക്കം വരാതെ നീരാവി വെള്ളം തുപ്പുന്ന ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ഗെയ്സീർ ആണ് ഓൾഡ് ഫെയ്ത് ഫുൾ. ഇവിടെ വരുന്ന സന്ദർശർകരുടെ ലിസ്റ്റിലെ ഒന്നാമത്തെ ഐറ്റം ഇതായിരിക്കും. ഓൾഡ് ഫെയ്ത് ഫുളിന്റെ കേന്ദ്രമായ അപ്പർ ഗീസെർ ബേസിനിലാണ് ഭൂമിയിലെ സജീവമായ ഉഷ്ണജല സ്രോതസ്സുകളുടെ ഏറ്റവും വലിയ ശേഖരമുള്ളത്. യെല്ലോസ്റ്റോൺ അഗ്നിപർവതത്തിന്റെ ദ്രവശിലകളുടെ (magma) ശേഖരം ഉപരിതലത്തിൽ നിന്ന് 8 കിലോമീറ്റർ താഴെയാണുള്ളത്. ഈ ദ്രവശിലകളാണ് ഈ പ്രദേശത്തെ ഹൈഡ്രോ തെർമൽ സ്വഭാവ വിശേഷത്തിന്റെ ആദ്യ ഘടകമായ ചൂട് നൽകുന്നത്. മഞ്ഞും മഴയും രണ്ടാമത്തെ ചേരുവയായ ജലം നൽകുന്നു.
ഈ ജലം ദ്രവശിലകളുടെ ചൂടാക്കിയ പിളർന്ന പാറക്കല്ലുകളിലൂടെ പുറത്തേക്ക് ഊറി വരുന്നു. ഉയർന്ന താപനിലയിലുള്ള പാറക്കല്ലുകൾ ഹൈഡ്രോ തെർമലിന്റെ മൂന്നാമത്തെ ഘടകമായ സിലിക്ക നൽകുന്നു. ഉയർന്ന ചൂടുമൂലം സിലിക്ക ഉരുകി വെള്ളത്തോടൊപ്പം ഉപരിതലത്തിലെത്തി തണുത്തശേഷം അവിടെ നിക്ഷേപിക്കപ്പെടുന്നു. ഓരോ വിസ്ഫോടനത്തിനുശേഷവും ഓൾഡ് ഫെയ്ത്ഫുളിൽ സിലിക്കയുടെ കൂമ്പാരം കൂടിവരുന്നു. ഓൾഡ് ഫെയ്ത്ഫുൾ ഒരു വലിയ ഉഷ്ണജല വിസ്ഫോടനമല്ല, പക്ഷേ അതിന്റെ കൃത്യത ഏറെക്കുറെ ശരിയായി പ്രവചിക്കുവാൻ റേഞ്ചർമാർക്ക് കഴിയും.
കോണ്ടിനെന്റൽ ഡിവൈഡിനരികെ ലേഖികയും ഭർത്താവ് ഷംനാദും
ഞങ്ങളും യെല്ലോസ്റ്റോണിന്റെ കവാടം കഴിഞ്ഞ് ആദ്യം പോയത് ഓൾഡ് ഫെയ്ത് ഫുളിലേക്കാണ്. ഞങ്ങൾ എത്തിയപ്പോൾ ഓൾഡ് ഫെയ്ത്ഫുൾ മണൽപ്പുറത്ത് ചിത എരിഞ്ഞുതീർന്നശേഷം ചെറിയ പുക വരുന്നതുപോലെ പുക തുപ്പി കിടക്കുന്നു. ഇടയ്ക്ക് ചൂടുവെള്ളവും ചീറ്റുന്നുണ്ട്. ശ്മശാനത്തിലെന്നപോലെ അവിടെയും ഇവിടെയുമായി എരിഞ്ഞടങ്ങിയ ചിതകൾപോലെ ധാരാളം ചെറുതും വലുതുമായ ഗെയ്സീറുകൾ പുകയും നീരാവിയും ചീറ്റികൊണ്ടിരിക്കുന്നു. ആൾക്കൂട്ടത്തിന്റെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് അവൻ എത്തി.
ആദ്യംചെറുതായി ചീറ്റിച്ചു. പിന്നങ്ങോട്ടൊരു നൂറു ഫയർ ഫോഴ്സുകാർ ഒന്നിച്ച് വെള്ളംചീറ്റിക്കുന്നതുപോലെ ഒരുഗ്രൻ സൂപ്പർ ഫൗണ്ടൈൻ. ചൂട് വെള്ളവും നീരാവിയുംകൊണ്ട് ഭൂമിക്കൊരു സല്യൂട്ട്.
ഓൾഡ് ഫെയ്ത്ഫുളും അനുചര ഗീസറുകളും കണ്ടിട്ട് ഞങ്ങൾ മോർണിങ് ഗ്ലോറി പൂള് കാണാൻ പോയി. അപ്പർ ഗീസർ ബേസിന്റെ വടക്കേ മുനമ്പിലാണ് അതിമനോഹരമായ മോർണിങ് ഗ്ലോറി പൂൾ. ഇതിൽ വസിക്കുന്ന ചൂട് ഇഷ്ടമുള്ള ബാക്റ്റീരിയകളാണ് വെള്ളത്തിന്റെ നിറഭംഗിയുടെ കാരണഭൂതൻ .