കൊച്ചി> വിദേശ ധനകാര്യസ്ഥാപനങ്ങൾ ഇന്ത്യൻ മാർക്കറ്റിൽ പണം എറിയാൻ മത്സരിച്ചത് ദേശീയ ഓഹരി സൂചികയെയും സെൻസെക്സിനെയും സർവകാല റെക്കോർഡ് തലത്തിലേയ്ക്ക് നയിച്ചു. പിന്നിട്ടവാരം സെൻസെക്സ് 1739 പോയിന്റ്റും നിഫ്റ്റി 523 പോയിന്റ്റും കത്തി കയറിയതിനിടയിൽ റെക്കോർഡുകൾ പലതും കടപുഴുകി. ജനുവരി ജൂൺ കാലയളവിൽ ബോംബെ സെൻസെക്സ് 6.37 ശതമാനവും നിഫ്റ്റി സൂചിക 5.99 ശതമാനവും മുന്നേറി.
പ്രതിദിന നിക്ഷപതോതിൽ വിദേശ ഓപ്പറേറ്റർമാർ കാണിച്ച ഉത്സാഹത്തിനിടയിൽ വാരാന്ത്യം ദിനം അവർ ഇറക്കിയത് 12,350 കോടി രൂപയാണ്. ഡെറിവേറ്റീവ് മാർക്കറ്റിൽ ജൂൺ സീരീസിന് ശേഷമുള്ള അവരുടെ തിരിച്ചു വരവ് കണ്ട് ആഭ്യന്തര മ്യുച്വൽ ഫണ്ടുകൾ പോലും തരിച്ചു നിന്നു. പിന്നിട്ടവാരം വിദേശ ഓപ്പറേറ്റർമാർ 20,771 കോടി രൂപ ഇന്ത്യയിൽ ഇറക്കി. ജൂണിലെ അവരുടെ മൊത്തം നിക്ഷേപം ഇതോടെ 47,148 കോടി രൂപയിലെത്തി.
മൺസൂണിന്റ തുടക്കത്തിന് തിളക്കം മങ്ങിയത് കാർഷിക മേഖലയെ ആശങ്കയിലാക്കി. ഭക്ഷ്യ ഉൽപ്പന്നങ്ങൾ പലതും ഇതിനകം തന്നെ വിലക്കയറ്റത്തിന്റ്റ പിടിയിൽ അകപ്പെട്ടു. മഴയുടെ അളവ് ചുരുങ്ങിയത് കേന്ദ്ര ബാങ്കിനെ അസ്വസ്ഥമാക്കുന്നു. ജൂണിൽ മഴ അറുപത് ശതമാനം കുറഞ്ഞ സാഹചര്യത്തിൽ പണപ്പെരുപ്പം വീണ്ടും തല ഉയർത്തുമെന്ന അവസ്ഥയിലാണ്. അടുത്ത വായ്പ്പാ അവലോകനത്തിൽ ആർ ബി ഐ റിപ്പോ നിരക്കുകളിൽ ഭേദഗതികൾക്ക് നീക്കം നടത്താം. പലിശ നിരക്ക് പുതുക്കിയാൽ നിക്ഷേപം തിരിച്ചു പിടിക്കാൻ വിദേശ ഫണ്ടുകൾ രംഗത്ത് ഇറങ്ങും.
നിഫ്റ്റിയിൽ ആറ് ശതമാനം പ്രതിവാര മികവിൽ അദാനി എന്റ്റർെ്രെപസസ്, ടാറ്റാ മോട്ടേഴ്സ്, സൺ ഫാർമ്മ ഓഹരികൾ തിളങ്ങിയപ്പോൾ അഞ്ച് ശതമാനം ഉയർന്ന് എം ആന്റ് എം, ഇൻഫോസീസ്, ഇൻഡസ് ബാങ്ക് ഓഹരികളും കരുത്ത് കാണിച്ചു. മാരുതി, എച്ച് ഡി എഫ് സി, എൽ ആന്റ് റ്റി, ഡോ. റെഡീസ്, എസ് ബി ഐ, ഹിൻഡാൽക്കോ, എയർടെൽ, റ്റി സി എസ്, വിപ്രോ, ടാറ്റാ സ്റ്റീൽ, ഒ എൻ ജി സി തുടങ്ങിയവയിലും നിഷേപകർ പിടിമുറുക്കി.
സെൻസെക്സ് 62,979 ൽ നിന്നും 62,860 ലേയ്ക്ക് വാരാരംഭത്തിൽ തളർന്നെങ്കിലും ഈ അവസരത്തിൽ ഉടലെടുത്ത ബുൾ തരംഗം പിന്നീട് സൂചികയെ 64,768.58 വരെ കൈപിടിച്ച് ഉയർത്തി. വാരാന്ത്യം സെൻസെക്സ് 64,718 പോയിന്റ്റിലാണ്. നിഫ്റ്റി 18,665 ൽ നിന്നുള്ള കുതിപ്പിൽ 18,887 ലെ റെക്കോർഡ് തകർത്ത് ചരിത്രത്തിൽ ആദ്യമായി 19,000 പോയിന്റ്റിലേയ്ക്കും അവിടെ നിന്നും നിഫ്റ്റി 19,201 വരെയും കയറി. വിപണിക്ക് ഈ വാരം 19,375 പോയിന്റ്റിൽ ആദ്യ പ്രതിരോധം തല ഉയർത്താം. പുതിയ ഉയരങ്ങളിൽ സഞ്ചരിക്കുന്നതിനിടയിൽ ഫണ്ടുകൾ ഏതവരസത്തിലും ലാഭമെടുപ്പിലേയ്ക്ക് ചുവടു മാറ്റി ചവിട്ടാനും ഇടയുണ്ട്. പ്രോഫിറ്റ് ബുക്കിങിൽ വിൽപ്പന സമ്മർദ്ദമായാൽ നിഫ്റ്റിക്ക് 18,80018,450 പോയിന്റ്റിൽ താങ്ങ് പ്രതീക്ഷിക്കാം.
ഇന്ത്യയുടെ വിദേശ നാണയ കരുതൽ ശേഖരം 2.9 ബില്യൺ ഡോളർ ഇടിഞ്ഞ് ജൂൺ 23 ന് അവസാനിച്ച വാരം 593.2 ബില്യൺ ഡോളറായി താഴ്ന്നു. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 74.80 ഡോളറിലെത്തി. അന്താരാഷ്ട്ര മാർക്കറ്റിൽ സ്വർണം ട്രോയ് ഔൺസിന് 1920 ഡോളറിൽ നിന്നും 1889 ലേയ്ക്ക് ഇടിഞ്ഞങ്കിലും വാരാന്ത്യം 1919 ഡോളറിലാണ്.