പേരാമ്പ്ര> ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത ബിജെപി മഹിളാ നേതാവിനും സഹായിക്കുമെതിരെ മേപ്പയൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. യുവമോർച്ച മുൻ സംസ്ഥാന കമ്മിറ്റി അംഗവും മഹിളാ മോർച്ച നേതാവുമായ ചക്കിട്ടപാറ മുതുകാട് സ്വദേശി കുളപ്പുറത്ത് താഴക്കുനിയിൽ പ്രകാശിനി, സഹായി തൊട്ടിൽപാലം മുള്ളൻകുന്നിലെ പെരുവനംതറ സുനിൽ കുമാർ എന്നിവർക്കെതിരെയാണ് കേസ്.
ആർഎസ്എസ് പ്രവർത്തകൻ മുയിപ്പോത്ത് എരവത്ത് കണ്ടി മീത്തൽ ചന്ദ്രനാണ് ഇരുവർക്കുമെതിരെ പരാതിനൽകിയത്. മകൻ അർജുന് തൃശൂരിലെ കാർഷിക സർവകലാശാലയിൽ ജോലി ശരിപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് ചന്ദ്രനിൽനിന്ന് പ്രകാശിനിയും സുനിൽകുമാറും ചേർന്ന് മൂന്നരലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. കാർഷിക സർവകലാശാലയിലെ ജോലിക്ക് ഇവർ 10 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. മുൻകൂറായാണ് മൂന്നരലക്ഷം രൂപ വാങ്ങിച്ചത്. 2022 ജനുവരി 14 ന് സുനിൽകുമാറിന്റെ അക്കൗണ്ടിലേക്ക് രണ്ടുലക്ഷം രൂപ അയച്ചു. രണ്ടുദിവസം കഴിഞ്ഞ് പ്രകാശിനി വീട്ടിലെത്തി ഒന്നര ലക്ഷം രൂപ പണമായി കൈപ്പറ്റി. 2022 മാർച്ച് 31 നുള്ളിൽ ജോലി ശരിയാകുമെന്നാണ് പറഞ്ഞത്.
നിശ്ചിത ദിവസം കഴിഞ്ഞിട്ടും ജോലി ലഭിക്കാതായതോടെ പ്രകാശിനിയെ സമീപിച്ചെങ്കിലും ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞു മാറി. വാങ്ങിച്ച പണം തിരിച്ചുനൽകണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും മറുപടിയുണ്ടായില്ല. തുടർന്നാണ് ചന്ദ്രൻ 23 ന് മേപ്പയൂർ പൊലീസിൽ പരാതിനൽകിയത്. ഞായറാഴ്ച ചന്ദ്രന്റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രകാശിനിക്കെതിരെ ഇത്തരം നിരവധി പരാതിയുള്ളതായി നാട്ടുകാർ പറയുന്നു.