ദുബായ് > എമിറാത്തി ഹൈസ്കൂളുകളിൽ നിന്നും യൂണിവേഴ്സിറ്റികളിൽ നിന്നും ബിരുദം നേടുന്ന മികച്ച വിദ്യാർഥികൾക്ക് ഗോൾഡൻ വിസ അനുവദിച്ചതായി പ്രഖ്യാപിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയാണ് 2023-ന്നിലെ ഗോൾഡൻ വിസകൾ അനുവദിച്ചത്.
കഴിഞ്ഞ വർഷം ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉന്നത വിജയം നേടിയ ഹൈസ്കൂൾ വിദ്യാർത്ഥികളെ അനുമോദിക്കുകയും സർവകലാശാലകളിൽ സാമ്പത്തിക പാരിതോഷികങ്ങളും സ്കോളർഷിപ്പുകളും നൽകാനുള്ള നിർദ്ദേശങ്ങൾ നൽകിയിരുന്നു. എമിറേറ്റ്സ് ടവേഴ്സിൽ ഉന്നത വിജയം നേടിയവരെ അദ്ദേഹം കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.
2022 ന്റെ തുടക്കത്തിൽ ഷെയ്ഖ് ഹംദാൻ പ്രഖ്യാപിച്ച ഈ പദ്ധതി മികച്ച വിദ്യാർത്ഥികളെ തിരിച്ചറിയാനും പ്രതിഫലം നൽകാനും ലക്ഷ്യമിട്ടുള്ളതാണ്. എമിറാത്തി വിദ്യാർത്ഥികൾക്ക് രാജ്യത്തിനകത്തും പുറത്തും ഏറ്റവും പ്രശസ്തമായ അന്താരാഷ്ട്ര സർവ്വകലാശാലകളിൽ സ്കോളർഷിപ്പുകൾ നേടാനാകും, കൂടാതെ പ്രവാസികൾക്ക് ഫ്രീ സോണുകളിലെ അന്താരാഷ്ട്ര സർവകലാശാല ശാഖകൾക്ക് സാമ്പത്തിക സഹായവും ഗോൾഡൻ വിസയുടെ മുൻഗണനയും ലഭിക്കും.