ബോധപൂർവവും അല്ലാതെയുമായി ചരിത്രത്തോട് ചില സിനിമകൾ പുലർത്തുന്ന അലസ സമീപനം വലിയ പ്രതികരണങ്ങൾ സമൂഹത്തിൽ ഉണ്ടാക്കാം. ഒരു പ്രത്യേക ചരിത്ര സന്ദർഭത്തെ ദൃശ്യവൽക്കരിക്കുന്ന ചലച്ചിത്ര പാഠം എത്രത്തോളം സത്യസന്ധവും വസ്തുനിഷ്ഠവുമാണെന്ന അന്വേഷണം ഇതിനാൽ തന്നെ പ്രസക്തമാണ്.
സത്യം സംസാരിക്കാൻ പ്രയാസമാണ്, കാരണം ഒരേയൊരു സത്യം മാത്രമേ ഉള്ളൂവെങ്കിലും അതിന് ജീവനുണ്ട്, സജീവവും മാറുന്നതുമായ മുഖവുമുണ്ട്’
‐ ഫ്രാൻസ് കാഫ്ക
വസ്തുതാപരമായ ഒരൊറ്റ സത്യം എന്നൊന്നുണ്ടോ? ആഖ്യാതാവിന്റെ വ്യക്തിപരമായ വീക്ഷണത്തിൽനിന്നും വ്യാഖ്യാനത്തിൽനിന്നും പൂർണമായി മോചിപ്പിക്കപ്പെട്ട് സത്യത്തിന് നിൽക്കാനാകുമോ? തെറ്റ്/ശരി, സത്യം/അസത്യം എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങളിൽനിന്ന് ബഹുത്വങ്ങളിലേക്ക് സാംസ്കാരിക ചിന്തകൾ മാറിയിട്ട് കാലം കുറച്ചായി. ഏകശിലാത്മകമായ സത്യം /വസ്തുത എന്നൊന്നില്ലെന്നും അത് കേവല സങ്കൽപ്പം മാത്രമാണെന്നും തിരിച്ചറിയപ്പെട്ടു. വസ്തുത/സത്യം എന്നിവ സാഹചര്യ സ്വഭാവമനുസരിച്ച് മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കും. ഇത്തരം ചിന്തകളുടെ അരികുപറ്റി രാഷ്ട്രീയ ലക്ഷ്യത്തിനായി വ്യാജ വസ്തുതകളെ ഉപയോഗിക്കുന്ന രീതി വ്യാപകമായി മാറി.
ഈ സാഹചര്യത്തിലാണ് പോസ്റ്റ് ട്രൂത്ത് (സത്യാനന്തരകാലം) എന്ന പരികല്പന പ്രാധാന്യം നേടിയത്. സത്യാനന്തര കാലത്ത് ഓരോരുത്തരുടെയും താല്പര്യങ്ങൾക്കനുസരിച്ച് യാഥാർഥ്യത്തെ വളച്ചൊടിക്കലും വസ്തുതകളെ വക്രീകരിക്കലും ഒരർഥത്തിൽ ബദൽ വസ്തുതകളെ സൃഷ്ടിക്കലും അസംഭവ്യമായ കാര്യങ്ങളല്ല. പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിൽ വസ്തുനിഷ്ഠമായ വസ്തുതകളേക്കാൾ വൈകാരികവും വ്യക്തിപരവുമായ വിശ്വാസം പ്രാമുഖ്യം നേടുന്നതിനെയാണല്ലോ പോസ്റ്റ് ട്രൂത്ത് എന്ന് ഓക്സ്ഫോർഡ് ഡിക്ഷണറി വിശേഷിപ്പിക്കുന്നതുതന്നെ.
2018 സിനിമയിൽ നിന്നൊരു രംഗം
സത്യാനന്തര കാലത്ത് ഒരു വസ്തുതയെ മറ്റൊന്നിനേക്കാൾ മുൻഗണന നൽകി പരിഗണിക്കുന്നതിൽ വ്യക്തിപരമായ മുൻധാരണകൾക്കും ആത്മനിഷ്ഠമായ വീക്ഷണത്തിനും പ്രധാന പങ്കുണ്ടെന്ന് ലീ മക്കിൻറ്റെയർ, മാത്യു ഡി അങ്കോണ തുടങ്ങിയ ചിന്തകർ അഭിപ്രായപ്പെടുന്നുണ്ട്. ലീ മക്കിൻറ്റെയർ പോസ്റ്റ് ട്രൂത്തിനോടുള്ള പ്രതിരോധമായി ശാസ്ത്രീയ മനോഭാവം എന്ന പരികൽപ്പനയാണ് മുന്നോട്ടുവയ്ക്കുന്നത്. യുക്തിസഹമായ തെളിവുകൾവച്ച് ശാസ്ത്രീയമായ അപഗ്രഥനത്തിലൂടെ വസ്തുതകളെ വസ്തുനിഷ്ഠമായി ഉൾക്കൊള്ളാനാണ് അദ്ദേഹം നിർദേശിക്കുന്നത്. ഇങ്ങനെ ചുറ്റിലുമുള്ള വിവിധ സാധ്യതകളിൽനിന്ന് യുക്തിയും വിവേചന ശേഷിയും ഉപയോഗിച്ച് തെരഞ്ഞെടുക്കേണ്ടതാണ് വസ്തുത.
ഫിക്ഷനും ചരിത്രവും തമ്മിലുള്ള അതിർത്തി നിർണയിക്കാൻ പറ്റാതായ ചരിത്രസന്ദർഭത്തിൽ ഇത്തരമൊരു വസ്തുതാനിർണയത്തിന് വലിയ പ്രസക്തിയുണ്ട്. മനുഷ്യചരിത്രത്തിൽ സംസ്കാരരൂപീകരണത്തിന്റെ അടയാളങ്ങൾ മനസ്സിലാക്കുന്നതിൽ ഗുഹാചിത്രങ്ങൾ വഹിച്ച പങ്ക് പുതിയ കാലത്ത് നിറവേറ്റുന്നതിൽ സിനിമകളിലെ ചരിത്രാഖ്യായികകൾക്ക് പ്രമുഖ സ്ഥാനമുണ്ട്. സിനിമാറ്റിക് ആയ ഭാവനകളെ പൂർത്തീകരിക്കുന്ന തരത്തിൽ പ്രവർത്തിക്കുമ്പോഴും സിനിമയെ ഒരു ചരിത്രരേഖയായി കണക്കാക്കുകയും പ്രത്യയശാസ്ത്രപരമായ ഒരു വ്യവഹാരമെന്ന നിലയിൽ ചരിത്രാഖ്യാനത്തെ മുന്നോട്ടുവയ്ക്കുകയും ചെയ്യുന്ന കാഴ്ച സാധാരണമായി മാറിയിട്ടുണ്ട്.
ബോധപൂർവവും അല്ലാതെയുമായി ചരിത്രത്തോട് ചില സിനിമകൾ പുലർത്തുന്ന അലസ സമീപനം വലിയ പ്രതികരണങ്ങൾ സമൂഹത്തിൽ ഉണ്ടാക്കാം. ഒരു പ്രത്യേക ചരിത്ര സന്ദർഭത്തെ ദൃശ്യവൽക്കരിക്കുന്ന ചലച്ചിത്ര പാഠം എത്രത്തോളം സത്യസന്ധവും വസ്തുനിഷ്ഠവുമാണെന്ന അന്വേഷണം ഇതിനാൽ തന്നെ പ്രസക്തമാണ്. ചരിത്രത്തെ വസ്തുനിഷ്ഠമായി സമീപിക്കാനാകില്ലെന്ന മുൻധാരണകളെ നവചരിത്രവാദികൾ തിരുത്തുമ്പോൾ തന്നെ ചരിത്രവ്യാഖ്യാനങ്ങളുടെ സ്വഭാവത്തെ അവർ തുറന്നുകാട്ടുന്നു.
സിനിമ എങ്ങനെ ഒരു ചരിത്രലോകത്തെ നിർമിക്കുന്നു എന്ന അന്വേഷണം റോബർട്ട് റോസൻസ്റ്റണെപ്പോലുള്ള ചലച്ചിത്ര ചരിത്ര ചിന്തകരുടെ പ്രധാന ചിന്താമേഖലയാണ്. അതിവിദൂരമല്ലാത്ത കാലത്ത് കേരളത്തിൽ ഏതാണ്ടെല്ലാവരും അനുഭവിക്കുകയും ഇടപെടുകയും ചെയ്ത ഒരു സന്ദർഭത്തെ ദൃശ്യവൽക്കരിക്കുമ്പോൾ പ്രത്യേകിച്ചും ഇത്തരം ആലോചനകൾ ഉയർന്നുവരും. കേരളത്തെയാകെ മുക്കിയ 2018 ലെ പ്രളയത്തെ ദൃശ്യവൽക്കരിക്കുന്ന ‘2018′ എന്ന പേരിലുള്ള സിനിമ നിരവധി സംശയങ്ങളാണ് ഈ അർഥത്തിൽ പ്രേക്ഷകനിലുണ്ടാക്കുന്നത്.
പ്രളയം അടക്കമുള്ള പ്രകൃതി ദുരന്തങ്ങൾ ഭാവനാഖ്യാനമായോ വസ്തുനിഷ്ഠ സമീപനത്താലോ അവതരിപ്പിക്കപ്പെട്ട ധാരാളം സിനിമകൾ പല ഭാഷകളിലും ഉണ്ടായിട്ടുണ്ട്. ഒരു നഗരമോ ഗ്രാമമോ പ്രത്യേക സ്ഥലമോ ഒക്കെ വെള്ളത്താൽ മൂടപ്പെട്ട സാഹചര്യത്തെയാണ് ഇത്തരത്തിലുള്ള മിക്ക സിനിമകളും മുൻനിർത്തുന്നത്.
പ്രമേയങ്ങളിൽ പലതും യഥാർഥത്തിൽ നടന്നതിനേക്കാൾ സിനിമാപ്രവർത്തകരുടെ ആലോചനകളിൽനിന്ന് രൂപമെടുത്തതാണ്. പ്രളയത്തോടൊപ്പംതന്നെ പ്രാധാന്യമുള്ള മറ്റ് പ്രമേയങ്ങളും ചില സിനിമകളെല്ലാം ഉൾക്കൊള്ളിച്ചിട്ടുമുണ്ട്.
വെള്ളപ്പൊക്കത്തിൽ മുങ്ങിയ ഒരു ഗ്രാമത്തെ കേന്ദ്രമാക്കി നിർമിക്കപ്പെട്ട അർജന്റീനിയൻ ചിത്രം ‘വാട്ടേഴ്സ് ലെഫ്റ്റ് ബിഹൈൻഡ്’ (2017), ഗൃഹപ്രവേശനത്തിന് ഒരുങ്ങിയ വീടും വീട്ടുകാരും വെള്ളത്തിൽ മുങ്ങിയ പ്രമേയവുമായി എത്തിയ ദക്ഷിണ കൊറിയൻ ചിത്രം സിങ്ക് ഹോൾ (2021), യുകെ, സൗത്ത് ആഫ്രിക്ക, കനഡ സംയുക്ത സംരംഭത്തിൽ, തെംസ് നദി കരകവിഞ്ഞൊഴുകി ലണ്ടൻ നഗരത്തെ മുക്കുന്നതായി ചിത്രീകരിച്ച ചിത്രം ‘ഫ്ലഡ്’ (2007) തുടങ്ങി നിരവധി ചിത്രങ്ങൾ ഉദാഹരിക്കാമെങ്കിലും മിക്കതും ഭാവനാഖ്യാനങ്ങളാണ്. ഇതിൽനിന്നെല്ലാം ‘2018′ വ്യത്യസ്തമാകുന്നത് കേരളത്തിലെ 13 ജില്ലകളെയും കാര്യമായി ബാധിച്ച് കടന്നുപോയ, അതിവിദൂരമല്ലാത്ത ഭൂതകാലത്തിലെ കേരളീയാനുഭവമായ പ്രളയത്തെ ദൃശ്യവൽക്കരിച്ച ഒരു കലാസൃഷ്ടി എന്ന നിലയ്ക്കാണ്.
വർത്തമാനകാലത്തിന്റെ കല എന്ന നിലയിൽ ഏറ്റവും കൂടുതൽ സാങ്കേതികയോട് അടുത്തുനിൽക്കുന്ന ഒന്നാണ് സിനിമ. മലയാളത്തിലടക്കം അത്തരം സിനിമകൾ ധാരാളമായി ഉയർന്നുവന്നിട്ടുണ്ട്. അതിന്റെ തുടർച്ചയിൽ സാങ്കേതികതയെ സമർഥമായി ഉപയോഗിച്ചുള്ള ഗ്രാഫിക്സിലൂടെ മികച്ച ദൃശ്യാനുഭവം പ്രേക്ഷകനു നൽകാൻ 2018 ന് കഴിഞ്ഞിട്ടുണ്ട് എന്നതിൽ സംശയമില്ല. മിക്കവാറും മലയാളികളെ നേരിട്ടോ അല്ലാതെയോ ബാധിച്ച ഒരു വിഷയത്തിന്റെ സിനിമാപരിചരണം എന്ന നിലയ്ക്കും നല്ല പ്രേക്ഷകശ്രദ്ധ സ്വാഭാവികമായും 2018 ന് കിട്ടും.
വൻതാരനിര അടക്കം മലയാളത്തിലെ ജനപ്രിയ സിനിമ പരിചരിച്ചു വരുന്ന വിപണനതന്ത്രങ്ങളും സിനിമയെ ശ്രദ്ധാകേന്ദ്രമാക്കി. ഇതുകൊണ്ടെല്ലാം തന്നെ വലിയ പ്രോത്സാഹനവും പ്രശംസയുമാണ് പൊതുവേ സിനിമയ്ക്ക് ലഭിച്ചത്. തിയറ്റർ റെസ്പോൺസും സോഷ്യൽ മീഡിയ റിവ്യൂകളും ഏതാണ്ട് ഏകതാന സ്വഭാവമാണ് ഇക്കാര്യത്തിൽ പ്രകടിപ്പിച്ചത്. ബോധപൂർവമെന്ന് തോന്നുംമട്ടിൽ സിനിമ പ്രകടിപ്പിച്ച വസ്തുതകളുടെ വളച്ചൊടിക്കലിനെ തുറന്നുകാണിച്ച നോളജ് മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല, ട്രൂ കോപ്പി തിങ്ക് എഡിറ്റർ ഇൻ ചീഫ് മനില സി മോഹൻ തുടങ്ങി ചുരുക്കം ചിലരുടെ ഓൺലൈൻ ഇടപെടലുകളിൽ സിനിമാനുകൂലികൾ കൂട്ടത്തോടെ അധിക്ഷേപ കമന്റുകൾ നിറയ്ക്കുകയും ചെയ്തു.
പ്രളയത്തിലെ മുഴുവൻ സംഭവങ്ങളും ഒരു സിനിമയ്ക്കുള്ളിൽ ഒതുക്കാനാവില്ലെന്നും ഡോക്യുമെന്ററി പോലെ വസ്തുതാപരമായി സിനിമയെ സമീപിക്കേണ്ടതില്ലെന്നും തുടങ്ങി നിരവധി അഭിപ്രായങ്ങൾ അനുകൂലികൾ മുന്നോട്ടുവയ്ക്കുന്നു. അതേസമയം പ്രളയത്തെ സമഗ്രമായി ആവിഷ്കരിക്കുന്നു എന്ന ബോധ്യത്തിൽ പ്രളയത്തിന്റെ കാരണത്തെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും മനസ്സിലാക്കാനുള്ള റഫറൻസായും സിനിമയെ കാണുന്നവരുണ്ട്.
ഇക്കഴിഞ്ഞ ജൂൺ പത്തിന് മലയാളത്തിലെ ഒരു പ്രമുഖ വാർത്താ ദൃശ്യ മാധ്യമത്തിന്റെ പ്രൈം ടൈം ചർച്ചക്കിടയിൽ പാനലിസ്റ്റായ മുതിർന്ന ഒരു മാധ്യമപ്രവർത്തകൻ പ്രളയകാരണം ഡാമുകൾ അശാസ്ത്രീയമായി തുറന്നതാണ് എന്ന വാദം സ്ഥാപിക്കാനായി 2018 സിനിമയെ ക്വാട്ട് ചെയ്യുന്നതു കണ്ടു. തന്റെ രാഷ്ട്രീയ വീക്ഷണത്തിനനുസൃതമായാണ് അദ്ദേഹം അത്തരമൊരു സാഹസത്തിന് മുതിർന്നതെങ്കിലും അങ്ങനെ ധരിച്ചുവശാകാനും ബോധപൂർവം വളച്ചൊടിക്കപ്പെടാനും സിനിമ ധാരാളം അവസരങ്ങൾ നൽകുന്നുണ്ട് എന്ന് കാണാം.
ക്രെഡിറ്റ് ലൈനിൽ 1924 ലെ വെള്ളപ്പൊക്കത്തെക്കുറിച്ചും മൂന്നാറിലടക്കം ആ പ്രളയം ഉണ്ടാക്കിയ നഷ്ടങ്ങളെക്കുറിച്ചും സൂചിപ്പിച്ചുകൊണ്ടാണ് സിനിമ തുടങ്ങുന്നത്. സാധാരണയിൽ നിന്നും 64% മഴ കൂടുതലായി അന്ന് ലഭിച്ചു എന്ന് പറയുമ്പോൾ തന്നെ പെരിയാറിലെ വെള്ളപ്പൊക്കമാണ് പ്രളയ കാരണമെന്നും മുല്ലപ്പെരിയാറിന്റെ ചോർച്ച അതിന് കാരണമായെന്നും സിനിമ തുടക്കത്തിലേ പറഞ്ഞുവയ്ക്കുന്നുണ്ട്.
അന്നത്തെ പ്രളയത്തെക്കുറിച്ചോ അനന്തര സംഭവവികാസങ്ങളെക്കുറിച്ചോ കാര്യമായ ഔദ്യോഗികരേഖകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ അത്തരമൊരു തീർപ്പിലേക്ക് എന്തടിസ്ഥാനത്തിലാണ് സിനിമ എത്തിയതെന്ന സംശയം തുടക്കത്തിൽ തന്നെ പ്രേക്ഷകനിലുണ്ടാകും. ഐക്യകേരള രൂപീകരണത്തിനുമുമ്പ് നാട്ടുരാജ്യങ്ങളായാണ് അന്ന് കേരളം നിലനിന്നത്. മൂന്നാഴ്ച തുടർച്ചയായി പെയ്ത മഴയാണ് പ്രളയ കാരണമായതെന്നും മധ്യകേരളത്തോടൊപ്പം തിരുവനന്തപുരം നഗരം അടക്കമുള്ള പ്രധാന ഭാഗങ്ങളിലും അന്ന് തെങ്ങോളം പൊക്കത്തിൽ വെള്ളം കയറിയെന്നും മലയിൻകീഴ് ഗോപാലകൃഷ്ണൻ (17:2019) അഭിപ്രായപ്പെടുന്നു. ചരിത്രവിരുദ്ധതയിലാണ് സിനിമ തുടക്കം മുതൽ ഊന്നുന്നതെന്നർഥം.
മഴ പതിയെ ശക്തിയാർജിച്ചു തുടങ്ങുന്ന സമയത്ത് നിർത്താതെയടിക്കുന്ന ഫോൺ അറ്റൻഡ് ചെയ്യാതെ ഓഫീസിൽ കിടന്നുറങ്ങുന്ന ആലപ്പുഴ ഇൻഫർമേഷൻ സെന്ററിലെ ജീവനക്കാരന്റെ ചിത്രം പല സർക്കാർ ഓഫീസുകളെക്കുറിച്ചും രൂഢമൂലമായി സംവിധായകന്റെ മനസ്സിൽ കയറിക്കൂടിയ ആലോചനയിൽ നിന്നുള്ളതാകും. പ്രളയകാലത്ത് ഏതെങ്കിലും വെതർ ഇൻഫർമേഷൻ സെന്ററുകൾ അത്തരത്തിൽ പ്രവർത്തിച്ചതായി ഒരു ആക്ഷേപവും ഉയർന്നുവന്നിട്ടില്ല. വിവിധ കാലാവസ്ഥാ സൂചനകളെ സമഗ്രമായി അപഗ്രഥിച്ച് മുന്നറിയിപ്പുകൾ സമൂഹ മാധ്യമങ്ങൾ വഴിയും ഓരോ നിമിഷവുമെന്നവണ്ണം നൽകി എല്ലായിടവും സജീവമായിരുന്നുതാനും.
പ്രളയം കേരളത്തെ മുക്കിത്തുടങ്ങുന്നതിന് മാസങ്ങൾക്കുമുമ്പുതന്നെ തെക്കുപടിഞ്ഞാറൻ മൺസൂൺപ്രവചനങ്ങളുടെ അറിയിപ്പ് ലഭ്യമായതിന്റെ അടിസ്ഥാനത്തിൽ സർക്കാർ യോഗങ്ങൾ വിളിച്ചുചേർക്കുകയും വിവിധ വകുപ്പുകൾ തയ്യാറായി നിൽക്കാനുള്ള നിർദേശങ്ങൾ ഉൾക്കൊള്ളുന്ന സർക്കുലർ പുറത്തിറക്കുകയും ചെയ്തിരുന്നു. സംസ്ഥാന തലത്തിലും ജില്ലാതലത്തിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി ഓപ്പറേഷൻ സെന്ററുകൾ (എഒസി) ആരംഭിക്കുകയും ചെയ്തു. ഭരണകൂടസംവിധാനങ്ങൾ മഴ ശക്തിയാർജിക്കാൻ തുടങ്ങുമ്പോൾ തന്നെ ജാഗ്രതയോടെ ഉണർന്നിരിക്കുകയായിരുന്നു എന്നാണിത് സൂചിപ്പിക്കുന്നത്.
130 ലേറെ സീനുകളുള്ള സിനിമയിൽ രണ്ടു സീനിലാണ് മുഖ്യമന്ത്രിയായി അഭിനയിച്ച കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. ദുർബലമായ ശാരീരിക ചിഹ്നങ്ങളോടെ ആലുവ ഗസ്റ്റ് ഹൗസിൽ വിളിച്ചുചേർത്ത ഒരു യോഗത്തിന്റെ സമയത്തും വെള്ളം നാടിനെ വിഴുങ്ങുന്ന ഘട്ടത്തിൽ ഇനി എന്ത് ചെയ്യും എന്ന ചോദ്യത്തോടെ നിസ്സഹായനായി ഇരിക്കുന്ന സീനിലും. മുഖ്യമന്ത്രിയുടെ വേഷത്തിന് നേരത്തെ തീരുമാനിച്ച അഭിനേതാവിന് ഗൗരവവും കരുത്തും കൂടുതലാണെന്നതിനാൽ അദ്ദേഹത്തെ മാറ്റി എന്ന് പിന്നീട് വെളിപ്പെടുത്തിയ സംവിധായകന്റെ ഉള്ളിൽ മുഖ്യമന്ത്രി ഏത് നിലയിലാണ് സിനിമയിൽ അവതരിക്കപ്പെടേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായ ധാരണകളുണ്ടാകാം.
എന്നാൽ പ്രളയത്തിൽ നാട് തകർന്നു തരിപ്പണമാകാതിരിക്കാൻ അക്ഷോഭ്യനും അചഞ്ചലനുമായി കേരളത്തെ നയിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വം ദേശീയ, ലോക ശ്രദ്ധ നേടിയതാണ് എന്ന യാഥാർത്ഥ്യം ആർക്കും വിസ്മരിക്കാനാകില്ല. പ്രളയദുരിതം രൂക്ഷമായിരുന്ന ആഗസ്ത് എട്ടുമുതൽ ഇരുപത്തിയെട്ട് വരെയുള്ള ഇരുപത് ദിവസങ്ങളിൽ 21 തവണയാണ് മുഖ്യമന്ത്രി ഉന്നതതല അവലോകന യോഗം വിളിച്ചുചേർത്തത്. ചില ദിവസങ്ങളിൽ രാവിലെയും വൈകീട്ടും അവലോകന യോഗങ്ങളും മറ്റുചില ദിവസങ്ങളിൽ പ്രത്യേക മന്ത്രിസഭായോഗങ്ങളും ചേരുകയുണ്ടായി.
സാധാരണ ഓഫീസ് സമയത്തേക്കാളും നേരത്തെ ഓഫീസിൽ എത്തിയിരുന്ന അദ്ദേഹം രാത്രി ഏറെ വൈകിയാണ് വസതിയിലേക്ക് തിരിച്ചുപോയിരുന്നത്. രക്ഷാപ്രവർത്തനവും ദുരിതാശ്വാസവുമല്ലാതെ മറ്റൊരു അജണ്ടയും അക്കാലത്ത് സംസ്ഥാന ഭരണ നേതൃത്വത്തിന് ഉണ്ടായിരുന്നില്ല. അണക്കെട്ടുകളിലെ ജലനിരപ്പ് ഓരോ മണിക്കൂറിലും മുഖ്യമന്ത്രി നിരീക്ഷിച്ചിരുന്നു. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം സുഗമമായി നടന്നു പോയതും മുഖ്യമന്ത്രിയുടെ പ്രത്യേക ശ്രദ്ധ ഉള്ളതുകൊണ്ടായിരുന്നു. ഓരോ ദിവസത്തെയും പ്രധാന സംഭവവികാസങ്ങളും സർക്കാർ സ്വീകരിക്കുന്ന നടപടികളും വാർത്താ സമ്മേളനത്തിലൂടെ പൊതുജനങ്ങളെ അറിയിക്കുന്നതിനും അദ്ദേഹം ജാഗ്രത കാട്ടി.
ലോകമെങ്ങുമുള്ള മലയാളികൾ അദ്ദേഹത്തിന്റെ വാക്കുകൾക്ക് കാതോർത്തു. ഇതിനിടയിൽ പ്രളയബാധിത പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും നേരിട്ടെത്തി ആശ്വാസം പകരാനും അദ്ദേഹം സമയം കണ്ടെത്തി. മുന്നറിയിപ്പുകളും ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാദൗത്യങ്ങളും അടക്കം പ്രളയവുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും സമഗ്രമായി നാടിനെ അറിയിക്കുന്ന തരത്തിൽ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ് അതതു സമയങ്ങളിൽ അപ്ഡേറ്റ് ആയിക്കൊണ്ടിരുന്നു. കേരളത്തെ പുനർനിർമിക്കാനുള്ള പ്രവർത്തനങ്ങളിലും സജീവമായ നേതൃത്വം നൽകി ഫണ്ട് കണ്ടെത്താനും മറ്റും ലോകത്തിന്റെ പല ഭാഗങ്ങളിലും സഞ്ചരിക്കുകയും ചെയ്ത മുഖ്യമന്ത്രിയാണ് കേരളത്തിലുണ്ടായിരുന്നത്. പുനർനിർമാണത്തിനുള്ള അധിക വിഭവ സമാഹരണവും അടിയന്തര ധനസഹായവും ഉൾപ്പെടെയുള്ള തീരുമാനങ്ങളെടുക്കാൻ വേണ്ട സമയത്തെല്ലാം മന്ത്രിസഭാ യോഗങ്ങൾ ചേരാനും മുഖ്യമന്ത്രി നേതൃത്വം നൽകി.
ഇനി എന്തുചെയ്യും എന്ന് പരിക്ഷീണിതനായി ഉദ്യോഗസ്ഥരോട് ചോദിച്ച മുഖ്യമന്ത്രിയല്ല, ദുരന്തത്തെ പ്രതിരോധിക്കാൻ ഉദ്യോഗസ്ഥർക്കുകൂടി വഴികാട്ടിയും ഊർജവുമായ മുഖ്യമന്ത്രിയാണ് കേരളത്തിൽ പ്രളയകാലത്ത് ഉണ്ടായിരുന്നത് എന്നതാണ് യാഥാർഥ്യം. കേരളം നാളിതുവരെ പരിചയിച്ചിട്ടില്ലാത്ത രക്ഷാപ്രവർത്തനമാണ് പ്രളയനാളുകളിൽ കണ്ടത്.
മുഖ്യമന്ത്രി പിണറായി വിജയൻ
കടലിന്റെ പ്രക്ഷുബ്ധതയോട് മല്ലിട്ട് ജീവിതം കരുപ്പിടിപ്പിക്കുന്ന മത്സ്യത്തൊഴിലാളികൾ പ്രളയബാധിത പ്രദേശങ്ങളിൽ നടത്തിയ രക്ഷാപ്രവർത്തനം സിനിമ ആവിഷ്കരിക്കുന്നുണ്ട്. പത്തനംതിട്ട ജില്ലയിൽ ജലം ക്രമാതീതമായി ഉയർന്ന് സ്ഥിതിഗതികൾ നിയന്ത്രണാതീതമാകുമെന്ന സാഹചര്യം ഉടലെടുത്തപ്പോഴാണ് മത്സ്യത്തൊഴിലാളികളെ രംഗത്തിറക്കാനുള്ള ആലോചനകൾ ഉണ്ടാകുന്നത്.
ഫിഷറീസ് മന്ത്രിയായിരുന്ന ജെ മേഴ്സിക്കുട്ടി അമ്മയും മുഖ്യമന്ത്രിയും കൂടിച്ചേരുന്ന രാഷ്ട്രീയ ഭരണനേതൃത്വം എടുത്ത ഒരു തീരുമാനം സിനിമയിലെത്തിയപ്പോൾ തീർത്തും മതകേന്ദ്രിതമായ ഒന്നായി. കൊല്ലം ജില്ലയിലെ വാടി കടപ്പുറത്തുനിന്ന് തുടങ്ങിയ തൊഴിലാളികളുടെ രക്ഷാദൗത്യയാത്ര നീണ്ടകരയിലേക്കും പിന്നീട് കേരളത്തിന്റെ എല്ലാ തീരപ്രദേശങ്ങളിലേക്കും അതിവേഗം പടർന്നു.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽനിന്നായി ആയിരത്തോളം മത്സ്യയാനങ്ങൾ പ്രളയബാധിത പ്രദേശങ്ങളുടെ മുക്കിലും മൂലയിലുമെത്തി. ബോട്ടിൽ ചവിട്ടിക്കയറാനുള്ള സ്റ്റെപ്പ് ആയി സ്വന്തം മുതുക് കാണിച്ചുകൊടുത്ത മത്സ്യത്തൊഴിലാളി വരെ ഇന്നാട്ടിലുണ്ടായി. ഓഖിദുരന്തം കടപുഴക്കി എറിഞ്ഞ് പ്രതിസന്ധിയിലാക്കിയ തങ്ങളുടെ ജീവിതസാഹചര്യങ്ങൾ കൈമെയ് മറന്ന് രക്ഷാദൗത്യത്തിനിറങ്ങാൻ മത്സ്യത്തൊഴിലാളികൾക്ക് പ്രതിബന്ധമായില്ല.
സ്വന്തം ജീവൻപോലും തുലാസിലായിട്ടും അക്ഷീണരായി അവർ പൊരുതി. രക്ഷാപ്രവർത്തനത്തിന് ഒരു പാരിതോഷികവും അവർ സ്വീകരിച്ചില്ല. രക്ഷാപ്രവർത്തകരുടെ ജാതിയും മതവും അപ്രസക്തമായിടത്ത് മനുഷ്യൻ എന്ന നന്മയാണ് ഉയർന്നുനിന്നത്. പക്ഷേ അത്തരത്തിലൊരു പൊതുപ്രതിനിധാനത്തിന്റെ ഭാഗമാകാൻ സിനിമയ്ക്കായില്ല.
മത്സ്യത്തൊഴിലാളികൾ രംഗത്തിറങ്ങുന്നതിനുമുമ്പ് അതത് പ്രദേശത്തെ നാട്ടുകാരും പൊതുപ്രവർത്തകരുമാണ് രക്ഷാദൗത്യത്തിൽ മുമ്പിലുണ്ടായിരുന്നത്. രാഷ്ട്രീയ യുവജന വിദ്യാർഥി സംഘടനാ പ്രവർത്തകരും ക്ലബ്ബുകൾ അടക്കമുള്ള സംസ്കാരിക കൂട്ടായ്മകളിലെ അംഗങ്ങളും സജീവമായി രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങി. കുത്തിയൊലിച്ചുവന്ന മഴവെള്ളപ്പാച്ചിലിനെപ്പോലും തൃണവൽക്കരിച്ച് ആളുകളെ ഒഴിപ്പിച്ചും സാധനങ്ങൾ മാറ്റിയും പ്രളയബാധിത പ്രദേശങ്ങളിൽ ആഴ്ചകളോളം തങ്ങിയ യുവജനങ്ങൾ ധാരാളമുണ്ടായിരുന്നു. പൊലീസ്, ഫയർഫോഴ്സ്, റവന്യു, വനം, എക്സൈസ്, ജയിൽ, മോട്ടോർ വാഹന വകുപ്പുകളിലെ ജീവനക്കാരും എല്ലായിടത്തുമുണ്ടായിരുന്നു. കേരള പൊലീസിന്റെ ‘ഓപ്പറേഷൻ ജലരക്ഷ’യും മറ്റു ഏജൻസികളെ അപേക്ഷിച്ച് ജീവൻ രക്ഷാ പ്രവർത്തനങ്ങളിൽ വിദഗ്ധ പരിശീലനം ലഭിച്ചവരാണെന്ന അഡ്വാൻറ്റേജ് കൂടി ഉപയോഗപ്പെടുത്തി അഗ്നിരക്ഷാസേനയും നടത്തിയ ഇടപെടലുകളിലൂടെ ലക്ഷക്കണക്കിന് മനുഷ്യരാണ് ആശ്വാസതീരമണഞ്ഞത്.
ഇവരാരും സിനിമയിലെ രക്ഷാപ്രവർത്തന രംഗങ്ങളിൽ ഒരിടത്തുപോലും ഇടം നേടിയില്ല. പ്രേക്ഷകരുടെ വലിയ കൈയടി നേടിയ എയർ ലിഫ്റ്റിങ് സീനുകൾക്ക് ആധാരമായ രക്ഷാപ്രവർത്തനത്തിന് കേന്ദ്രസേനകൾ എത്തിയതുപോലും സൈന്യത്തിനെ കൃത്യസമയത്ത് ആവശ്യപ്പെട്ടും എത്തിച്ചേർന്ന ഫോഴ്സിനെ ഫലപ്രദമായി വിനിയോഗിച്ചും സംസ്ഥാന ഭരണകൂടം നടത്തിയ ഇടപെടലുകളെത്തുടർന്നാണെന്ന കാര്യം സമർഥമായി വിസ്മരിക്കപ്പെട്ടു.
സിനിമ വൻ വാണിജ്യവിജയം നേടിയതിനു ശേഷമുള്ള ഒരു ഇന്റർവ്യൂവിൽ, ഇത്തരം സംഘടനകളും സർക്കാർ സംവിധാനങ്ങളും എന്തുകൊണ്ട് ഒഴിവാക്കപ്പെട്ടു എന്ന ചോദ്യത്തിന് എല്ലാവരുടെയും ഫോട്ടോകൾ താങ്ക്സ് കാർഡിൽവച്ചിട്ടുണ്ടെന്നും അവരെ സിനിമയിൽ ഉൾക്കൊള്ളിക്കാനുള്ള ബുദ്ധി തനിക്ക് ഉണ്ടായിരുന്നില്ല എന്നുമാണ് സംവിധായകൻ പ്രതികരിച്ചത്. പരസ്പരവിരുദ്ധമായ ആ പ്രതികരണം തന്നെ ഒഴിവാക്കലുകളുടെ പിന്നിലുള്ള ബോധപൂർവമായ താൽപ്പര്യങ്ങളെ വെളിവാക്കുന്നുണ്ട്.
കളക്ഷൻ സെന്ററിലെ ജോലികൾക്കായി വളന്റിയർമാരുടെ വലിയ കുറവ് പരിഹരിക്കാൻ‘Save Kerala’ എന്ന വാട്സാപ്പ് ഗ്രൂപ്പിലൂടെ സഹായം അഭ്യർഥിക്കുകയും യുവജനങ്ങൾ കൂട്ടമായി എത്തുകയും ചെയ്ത ഒരു സീൻ സിനിമയിലുണ്ട്. കേരളത്തിനുപുറത്തുള്ള വിദ്യാർഥികളും യുവജനങ്ങളും അവരുടെ സോഷ്യൽ മീഡിയ ഇടങ്ങളെ വെർച്വൽ രക്ഷാകേന്ദ്രങ്ങളാക്കി പരിവർത്തിപ്പിച്ച സമയമായിരുന്നു പ്രളയകാലം.
രക്ഷാപ്രവർത്തകർക്ക് കണ്ടെത്താനാകാതെ വീടുകളിൽ ഒറ്റപ്പെട്ടവർക്കും അവശ്യരക്ഷാ മരുന്നുകളും ഭക്ഷണവും ഉൾപ്പെടെ തീർന്നുപോയവർക്കും കൈത്താങ്ങായി ഗവൺമെന്റ് സംവിധാനങ്ങളെ ബന്ധപ്പെടുത്തിനൽകാൻ പലതരത്തിൽ രൂപംകൊണ്ട ഓൺലൈൻ കൂട്ടായ്മകൾ സഹായിച്ചു. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ സർക്കാർ സംവിധാനം പൊതു പോർട്ടലായി രൂപകൽപ്പന ചെയ്ത keralarescue.in ലേക്ക് വന്ന വിവരങ്ങളെല്ലാം ക്രോഡീകരിച്ച് പ്രാദേശികമായി രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് കൈമാറാനും
ഫലപ്രദമായി ഇടപെടാനും സാധിച്ചു.
ഒരു ക്യാമ്പിലും ഒരു ആവശ്യത്തിനും വളന്റിയർമാരുടെ കുറവുകളുണ്ടായിരുന്നില്ല. വടക്കൻ ജില്ലകളിൽനിന്നുപോലും യുവജന സംഘടനകളുടെ തീരുമാനപ്രകാരം വലിയ ബസുകളിൽ കുട്ടനാട്ടിലേക്കും മറ്റും സന്നദ്ധ പ്രവർത്തനത്തിന് ആയിരങ്ങളെത്തി. തിരുവനന്തപുരം നഗരസഭയിൽനിന്ന് അവശ്യ വസ്തുക്കളുമായി കൂറ്റൻ ലോറികൾ ചുരം കയറി വയനാട്ടിലെത്തി. ബസ്സും ജീവനക്കാരെയും സൗജന്യമായി വിട്ടുനൽകിയ ബസ്സുടമകളും ഓഫ്റോഡ് റൈസിങ് വിനോദങ്ങൾക്കുപയോഗിച്ചിരുന്ന കാറുകൾ വിട്ടുനൽകിയവരും ഒക്കെയായി വലിയൊരു സമൂഹം ഈ പ്രവർത്തനങ്ങളുടെ പുറകിൽ ഉണ്ടായിരുന്നു. അവരാരെയും കാണാൻ സിനിമയ്ക്ക് കഴിഞ്ഞില്ല.
പ്രളയത്തിന് കാരണമായി സിനിമ സ്ഥാപിക്കാനും കുറ്റപ്പെടുത്താനും ശ്രമിക്കുന്നത് അശാസ്ത്രീയമായ ഡാം മാനേജ്മെന്റിനെയാണ്. ഇരുപത്തിയാറ് വർഷത്തിനു ശേഷം ഡാം തുറക്കുന്നത് റിപ്പോർട്ട് ചെയ്യാൻ പോകുമ്പോഴും എല്ലാ മാധ്യമ സ്ഥാപനങ്ങളും അവിടെ എത്തിയിട്ടുണ്ടാകും, എക്സ്ക്ലൂസീവ് ആയതിനാൽ താൻ തന്നെ പോകണം എന്ന പരസ്പര വൈരുധ്യത്തിൽ തുടങ്ങുന്ന മുതിർന്ന മാധ്യമ പ്രവർത്തകയെയും ഉദ്യോഗസ്ഥർ തമ്മിലുള്ള ഈഗോ വർക്ക് ചെയ്തതിന്റെ ഫലമായി ഡാമുകൾ തോന്നിയപോലെ തുറക്കുന്നതായും സിനിമ ചിത്രീകരിക്കുന്നിടത്ത് ഇത്തരമൊരു സിനിമയുടെ ഹോം വർക്ക് വ്യക്തമാകും. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെക്കുറിച്ച് ഒരു തരത്തിലുള്ള ധാരണയുമില്ലാതെയാണ് സിനിമ ഇത്തരം കാര്യങ്ങളെ സമീപിക്കുന്നതെന്ന് വ്യക്തമാണ്.
കേന്ദ്ര ജല കമീഷൻ റിപ്പോർട്ട് പ്രകാരം 2018 ജൂൺ ഒന്നിനും ആഗസ്ത് പതിനെട്ടിനും ഇടയിൽ സാധാരണ പെയ്യേണ്ട 1649.5 മി മീന്റെ സ്ഥാനത്ത് 2346.6 മി മീ മഴയാണ് കേരളത്തിൽ പെയ്തത്. അസാധാരണമാംവിധം ഉയർന്ന മഴയാണ് 14 ൽ 13 ജില്ലയിലും രൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടാക്കിയത് എന്ന് വ്യക്തം. ഡാമുകൾ ഇല്ലാത്ത പുഴകളിൽപ്പോലും ജലനിരപ്പ് കുത്തനെ ഉയരുകയും ചുറ്റുമുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്തിരുന്നു.
കേന്ദ്ര ജല കമീഷന്റെ ജി & ഡി സൈറ്റുകളിലെ കണക്കുപ്രകാരം പല അണക്കെട്ടുകളിൽനിന്നും ഒഴുക്കിവിട്ട വെള്ളത്തേക്കാളും അധികം നദികളുടെ കൈവഴികളിൽനിന്നുള്ള നീരൊഴുക്കാണ് ഉയർന്ന ജലനിരപ്പിന് കാരണമായതെന്ന് വ്യക്തമാകുന്നുണ്ട്. ഓരോ സംഭരണിയുടെയും വിശദമായ Inflow, Outflow and Water Level ഗ്രാഫുകൾ സഹിതം സൈറ്റിൽ ലഭ്യമാണ്. ഇത്തരം വസ്തുതകൾ മുമ്പിലുള്ളപ്പോൾ ഏത് ആധികാരിക വിവരത്തെ അടിസ്ഥാനപ്പെടുത്തിയാണ് സിനിമ ഡാം മാനേജ്മെന്റുമായി ബന്ധപ്പെട്ട തീർപ്പിലെത്തിയതെന്ന് വ്യക്തമല്ല.
സേഫ്സോണിലിരുന്ന് ജനകീയ സമരങ്ങളെ പുച്ഛിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന മധ്യവർഗ ബോധമാണ് ടൂറിസ്റ്റുകളെ കൊണ്ടുവരുന്നതിനിടയിൽ കാണുന്ന സമരക്കാരെ അധിക്ഷേപിക്കുന്ന ടാക്സി ഡ്രൈവറിലുള്ളത്. നദീസംരക്ഷണ സമരത്തിന് ശ്രദ്ധ കിട്ടാനോ വീര്യം കൂട്ടാനോ ബോംബിനെ ഉപയോഗപ്പെടുത്തിയ ചരിത്രം കേരളത്തിലില്ല. ബോംബിന്റെ പ്രൊഡക്ഷൻ ഫാക്ടറി, തൊണ്ണൂറുകളിലെ വാണിജ്യ സിനിമകളിൽ സ്ഥിരമായി കണ്ടിരുന്ന മലബാറിൽനിന്ന് തമിഴ്നാട്ടിലേക്ക് മാറി എന്ന മാറ്റമവിടെയുണ്ട് എന്നൊരു സമാധാനമുണ്ട്.
2018 സിനിമയിൽ നിന്നൊരു രംഗം
2016 ഡിസംബറിൽ നിലവിൽവന്ന ഹരിതകേരളം മിഷന്റെ ഭാഗമായി 400 കിലോമീറ്റർ പുഴയും 60,855 കിലോമീറ്റർ നീർച്ചാലുകളും 26,589 കുളവും വീണ്ടെടുക്കപ്പെടുകയും ‘ഇനി ഞാനൊഴുകട്ടെ’ എന്ന പദ്ധതി വഴി വീണ്ടെടുത്ത ജലസ്രോതസുകളുടെ തീരങ്ങൾ കയർഭൂവസ്ത്രം വഴി ബലപ്പെടുത്തുകയും ചെയ്ത് സമൃദ്ധമായ പച്ചപ്പിനെയും സമ്പന്നമായ വെള്ളശേഖരത്തെയും ഉറപ്പുവരുത്തിയ കേരളത്തിൽ അടുത്തകാലത്തൊന്നും അത്തരത്തിലൊരു സമരം നടന്നിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.
എന്നും എല്ലാം ഒരുപോലിരിക്കും എന്ന ധാരണയിലാണ് സിനിമയിലെ സ്കൂളും ആവിഷ്കരിക്കപ്പെടുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വഴി കോടികൾ ചെലവഴിച്ച് പൊതുവിദ്യാലയങ്ങളെല്ലാം അടിസ്ഥാന സൗകര്യങ്ങളിൽ ഏറെ മെച്ചപ്പെട്ട കാലത്ത് ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് നടത്താൻ ഈ സിനിമയ്ക്കേ കഴിയൂ. പ്രളയം കാരണം തകർന്നതും അപകട സാധ്യതയുള്ളതുമായ സ്കൂളുകൾ തിരിച്ചറിയുന്നതിനും വേണ്ട നടപടികൾ എടുക്കുന്നതിനും സർക്കാർ നേരത്തെ ക്രമീകരണമുണ്ടാക്കിയിരുന്നു എന്നുമാലോചിക്കണം.
രക്ഷാപ്രവർത്തനത്തിനിടെ പ്രധാന കഥാപാത്രങ്ങളിൽ ഒരാൾ മരണപ്പെടുകയും നാട്ടിൽ അയാളുടെ സ്മാരകം ഉയരുകയും ചെയ്യുന്നത് സിനിമയിലെ വികാരതീവ്ര ഭാഗങ്ങളിൽ പ്രധാനപ്പെട്ടതാണ്. അത്തരമൊരു ചിത്രീകരണത്തിനിടയിലും രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുക്കുന്നതിനിടയിൽ പ്രളയജലത്തിലെ രോഗാണുക്കൾ ശരീരത്തിലെത്തി എലിപ്പനി ബാധിച്ച് മരണമടഞ്ഞ സിപിഐ എം ആലപ്പുഴ നടുഭാഗം ലോക്കൽ സെക്രട്ടറി എസ് വി ഷിബുവിനെ സിനിമ ഓർത്തതേയില്ല. മൂന്നാർ പോകുന്ന വഴിക്കുള്ള പാലം പ്രളയജലത്തിന്റെ കുത്തൊഴുക്കിൽ പാടെ തകരുന്ന കാഴ്ച സിനിമയിൽ കാണാം.
കേരളത്തിലുടനീളം കോടികളുടെ നഷ്ടമാണ് പ്രളയം വരുത്തിവച്ചത്. ഓഖിയും നിപ്പയും തകർത്തെറിഞ്ഞ കേരളത്തെ പുനർനിർമിച്ചു വരുന്നതിനിടയിലാണ് അശനിപാതം പോലെ പ്രളയവും വിഴുങ്ങിയത്. എന്നാൽ താമസയോഗ്യമാക്കേണ്ട വീടുകളിൽ തുടങ്ങി പൂർണമായും പുനർനിർമിക്കേണ്ട നാടുകളിലേക്ക് വരെ ഭരണകൂടത്തിന്റെ ശ്രദ്ധ എത്തി. പുനർനിർമാണത്തിന് ആവശ്യമായ പണവുമായി അതിർത്തികൾ കടന്നും സഹായ പ്രവാഹമെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധാരാളം സംഭാവനകൾ എത്തി.
ജൂഡ് ആന്റണി ജോസഫ്
പ്രളയത്തിൽ തകർന്ന ഒരു നാടല്ല സിനിമ ചിത്രീകരിക്കുമ്പോൾ ഉള്ള കേരളം. ഐക്യത്തോടെനിന്ന് അതിജീവിക്കുക എന്ന സർക്കാർ കാഴ്ചപ്പാടിനോടൊപ്പം നാട് കൈകോർത്തപ്പോൾ അതിജീവനത്തിന്റെ പുതിയ അധ്യായം എഴുതിച്ചേർത്ത് അടിസ്ഥാന സൗകര്യങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട നാടായി കേരളം മാറി. ലോകം ശ്രദ്ധിച്ച ഈ അതിജീവന പോരാട്ടത്തിനും അതിന് ക്രിയാത്മകമായി നേതൃത്വം നൽകിയവർക്കും ഒരിടവും സിനിമ നൽകിയില്ല.
‘Everyone is a hero’ എന്ന ടാഗ് ലൈൻ സിനിമയ്ക്കുണ്ടെങ്കിലും എല്ലാവരും ആ കൂട്ടത്തിൽ ഉൾപ്പെടുന്നില്ല എന്ന് കാണാം. തന്റെ വികൃതമായ ജാതി സാമൂഹ്യ ബോധ്യങ്ങളെ കേരളത്തിനുമുമ്പാകെ നേരത്തെതന്നെ വെളിപ്പെടുത്തിക്കഴിഞ്ഞ സംവിധായകൻ തന്റെ താൽപ്പര്യങ്ങളെ കുത്തിനിറച്ചുണ്ടാക്കിയ ഒരു സിനിമ മാത്രമാണ് 2018. സിനിമ ഡോക്യുമെന്ററിയല്ലെന്നും അതൊരു ഫിക്ഷനാണെന്നും പറയുന്നവർ ചരിത്ര വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി ഇതിനുമുമ്പ് ലോകത്തുണ്ടായ പല വിഖ്യാത ചിത്രങ്ങളും വസ്തുതകളെ സമീപിച്ച വിധം പരിശോധിക്കേണ്ടതുണ്ട്.
സിനിമ ബോധപൂർവം വിട്ടുകളഞ്ഞ ഭരണനേതൃത്വത്തെയും സർക്കാർ സംവിധാനങ്ങളെയും സാമൂഹ്യ വിഭാഗങ്ങളെയും കേരളം ഇന്നും ഓർത്തുവയ്ക്കുന്നുണ്ട് എന്ന് ഉറപ്പിച്ചുപറയാനാകും. അരാഷ്ട്രീയതയുടെ സൗകര്യങ്ങളിലേക്ക് ചേക്കേറാനുള്ള മനോഭാവവും നിർണായകമായ ചരിത്ര സന്ദർഭങ്ങളോട് പുലർത്തുന്ന കുറ്റകരമായ ഉദാസീനതയും അടക്കം ചരിത്രപരതയ്ക്ക് യോജിക്കാത്ത അനവധി ചിഹ്നങ്ങളാണ് 2018 ബാക്കിവയ്ക്കുന്നത്.
(ലേഖനത്തിൽ പ്രതിപാദിച്ച കണക്കുകൾ കേരള സർക്കാർ ഇൻഫർമേഷൻ & പബ്ലിക്ക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിച്ച ‘പ്രളയം 2018′ (2019 ഒക്ടോബർ രണ്ടാം പതിപ്പ്) എന്ന കൃതിയിൽനിന്ന് എടുത്തതാണ്)