മനാമ> നയതന്ത്ര ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ശനിയാഴ്ച ഇറാൻ നന്ദർശിക്കും. മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ദീർഘകാലമായി അടച്ചിട്ടിരിക്കുന്ന തെഹ്റാനിലെ സൗദി എംബസി സന്ദർശന വേളയിൽ മന്ത്രി തുറന്നേക്കും. ഇക്കാര്യം സൗദിയോ ഇറാനോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഏഴു വർഷത്തിനുശേഷം റിയാദിലെ ഇറാൻ എംബസി ഈ മാസം ആറിന് വീണ്ടും തുറന്നിരുന്നു. ജിദ്ദയിലെ കോൺസുലേറ്റ്, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷന്റെ (ഒഐസി) പ്രതിനിധി ഓഫീസ് എന്നിവയും തുറന്നു. മാർച്ച് 10ന് ചൈനയുടെ മധ്യസ്ഥതയിലാണ് സൗദിയും ഇറാനും നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ ധാാരണയിൽ എത്തിയത്. 2016ൽ ഇറാനിയൻ പ്രതിഷേധക്കാർ തെഹ്റാനിലെ സൗദി നയതന്ത്ര കാര്യാലയം ആക്രമിച്ചതിനെതുടർന്നാണ് സൗദി ഇറാനുമായുള്ള ബന്ധം വിച്ഛേദിച്ചത്.















