ബീജിങ്
കളിജീവിതത്തിലെ അതിവേഗ ഗോളുമായി ലയണൽ മെസി. ഓസ്ട്രേലിയക്കെതിരായ രാജ്യാന്തര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ 79–-ാംസെക്കൻഡിലാണ് അർജന്റീന നായകൻ നിറയൊഴിച്ചത്. അർജന്റീനയ്ക്കായി തുടർച്ചയായ ഏഴാംകളിയിലും മുപ്പത്തഞ്ചുകാരൻ ലക്ഷ്യം കണ്ടു. ഓസ്ട്രേലിയക്കെതിരായ മത്സരം 2–-0ന് ലോകചാമ്പ്യൻമാർ ജയിച്ചു. രണ്ടാംപകുതിയിൽ ജർമൻ പെസെല്ലയാണ് മറ്റൊരു ഗോൾ കുറിച്ചത്.
ചൈനീസ് തലസ്ഥാനമായ ബീജിങ്ങിലെ വർക്കേഴ്സ് സ്റ്റേഡിയത്തിലാണ് അർജന്റീന–-ഓസ്ട്രേലിയ പോരാട്ടം നടന്നത്. കളി തുടങ്ങി കണ്ണടച്ച് തുറക്കുംമുമ്പ് മെസി ഗോളടിച്ചു. എൺസോ ഫെർണാണ്ടസ് നൽകിയ പാസിൽനിന്ന് രണ്ട് ഓസ്ട്രേലിയൻ പ്രതിരോധക്കാരെ വകഞ്ഞുമാറ്റിയുള്ള ഇടംകാൽ ഷോട്ട് വലകയറി. ഖത്തർ ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഓസ്ട്രേലിയക്കെതിരെ ഗോൾ നേടിയശേഷം എല്ലാ കളിയിലും അർജന്റീന കുപ്പായത്തിൽ മെസി ലക്ഷ്യം കണ്ടിട്ടുണ്ട്. നെതർലൻഡ്സ്, ക്രൊയേഷ്യ, ഫ്രാൻസ്, പാനമ, കുറകാവോ ടീമുകൾക്കെതിരെയാണ് ഗോളുകൾ.
ബീജിങ്ങിൽ 68,000 പേരാണ് കളി കണാനെത്തിയത്. ചൈനീസ് ഭാഷയിലായിരുന്നു മെസി ഉൾപ്പെടെയുള്ള അർജന്റീന കളിക്കാരുടെ പേര് ജേഴ്സിയിൽ എഴുതിയത്. 19ന് ഇന്തോനേഷ്യയുമായാണ് അർജന്റീനയുടെ അടുത്ത മത്സരം.















