ന്യൂയോർക്ക് > തങ്ങളെ തെരഞ്ഞെടുത്ത പ്രവാസികളുടെ അഭിപ്രായങ്ങൾ കേൾക്കാൻ ഭരണാധികാരികൾ പ്രവാസികളുടെ അടുത്തേക്ക് വരുന്ന ജനാധിപത്യത്തിൻ്റെ മനോഹരമായ കാഴ്ചയാണ് ലോക കേരള സഭ മേഖല സമ്മേളനത്തിൽ കാണാൻ കഴിഞ്ഞതെന്ന് ബ്ലോഗറും എഴുത്തുകാരനും അമേരിക്കയിൽ ബാങ്ക് ഉദ്യോഗസ്ഥനുമായ നസീർ ഹുസൈൻ കിഴക്കേടത്ത്. സെഷനിൽ നമ്മുടെ ഉന്നത വിദ്യാഭാസ രംഗവും വ്യവസായങ്ങളും കൈ കോർത്ത് പിടിച്ച് ഗവേഷണങ്ങൾ വഴി പുതിയ സംരംഭങ്ങളുടെ ഒരു ആവാസവ്യവസ്ഥ എങ്ങനെ കൊണ്ടുവരാൻ കഴിയുമെന്നുള്ള വിഷയം സംസാരിക്കുകയായിരുന്നു നസീർ ഹുസൈൻ. ഇക്കാര്യം പരിഗണിക്കാം എന്നും സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ വകുപ്പുമായും ചർച്ചകൾ നടത്തി തുടർ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മറുപടി പ്രസംഗത്തിൽ അറിയിച്ചു.
“തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ മാസം 800 രൂപ സ്കോളർഷിപ്പ് കിട്ടി പഠിച്ച ഒരാളാണ് ഞാൻ. കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയുടെ ഉൽപ്പന്നം. ഇപ്പോൾ വാൾസ്ട്രീറ്റിലെ ഒരു ബാങ്കിൽ വൈസ് പ്രസിഡന്റാണ്. 23 വർഷമായി ന്യൂജേഴ്സിയിൽ താമസിക്കുന്നയാളാണ്. ബാപ്പ ഒരു കൂലിപ്പണിക്കാരനായിരുന്നു. ഉമ്മ സ്കൂളിൽ പോയിട്ടില്ല. മകൻ അമേരിക്കയിലെ ഏറ്റവും വലിയ ഒരു സർവകലാശാലയായ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ബെർക്ലിനിൽ ആണ് ഈയടുത്ത് പഠിച്ചിറങ്ങിയത്. ആ യൂണിവേഴ്സിറ്റിയിലെ നാനോ ടെക്നോളജിയിൽ ഗവേഷണം നടത്തുന്ന ലാബിൽ ആണ് ജോലി ചെയ്യുന്നത്. അവരുടെ ലാബിന് ഈ അടുത്ത് 22 മില്ല്യൺ ഡോളറിന്റെ ഫണ്ടിങ് ലഭിക്കുകയുണ്ടായി. ഇതിൽ ഒരു പങ്ക് അൽഗരിതം എഴുതിയ മകനും, ഇതിൽ റിസർച്ച് ചെയ്യുന്ന ഗവേഷകനും കിട്ടുന്നുണ്ട്. ഇവിടെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഗവേഷണം ഒരു പങ്ക് വഹിക്കുന്നുണ്ട്. ഈ ഗവേഷണങ്ങൾ മനുഷ്യന് ഉപകാരപ്പെടുന്ന ഉൽപ്പന്നങ്ങൾ കമ്പനികൾക്ക് നിർമിക്കാനും, അത് വിറ്റ് കിട്ടുന്നതിൽ ഒരു പങ്ക് വീണ്ടും ഗവേഷണങ്ങളിലേക്ക് തിരികെ എത്തുവാനും കഴിയുന്ന ഇക്കോ സിസ്റ്റം അമേരിക്കയിലുണ്ട്. ഇത്തരത്തിൽ കേരളത്തിലും വന്നുകാണാൻ ആഗ്രഹമുണ്ട്. മറ്റു രാജ്യങ്ങളിൽ നിന്ന് ഉന്നത വിദ്യാഭ്യാസത്തിനായി ജനങ്ങൾ കേരളത്തിലെത്തുക എന്ന നിലയിലേക്ക് മാറണം’ -നസീർ പറഞ്ഞു.
ഉന്നത വിദ്യാഭാസ രംഗത്തെ വ്യവസായങ്ങളുമായും ഗവേഷണങ്ങളുമായും ബന്ധപ്പെടുത്തിയുള്ള പ്രവർത്തനങ്ങൾ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗത്തിൽ പറഞ്ഞു. ഈ വിഷയത്തിൽ കൃത്യമായ പഠനം നടത്തുമെന്നും സർവകലാശാലകളുമായും ഉന്നത വിദ്യാഭ്യാസ വകുപ്പുമായും ചർച്ചകൾ നടത്തി തുടർ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.