ദമ്മാം > ദമ്മാം നവോദയ കേന്ദ്രവനിത വേദിയുടെ നേതൃത്വത്തിൽ വനിതാ സംഗമം 2023 സംഘടിപ്പിച്ചു. സ്ത്രീയെ വ്യക്തിയായി കാണേണ്ടത് പ്രധാനമാണെന്നും, സമൂഹത്തിൽ വിവിധ മേഖലകളിൽ സ്ത്രീകൾ അനുഭവിക്കുന്ന വിവേചനങ്ങളെ മറികടക്കാൻ സ്ത്രീയുടെ സ്വാതന്ത്ര്യത്തിന് പരിധി നിശ്ചയിക്കരുതെന്നും ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് മാധ്യമ പ്രവർത്തകയും ലോക കേരളസഭാംഗവുമായ തൻസി ഹാഷിർ അഭിപ്രായപ്പെട്ടു.
സാംസ്കാരിക സമ്മേളനത്തിന് കേന്ദ്ര വനിതാവേദി കൺവീനർ രശ്മി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബഹറൈൻ പ്രതിഭ രക്ഷാധികാരിയും, ലോകകേരള സഭാംഗവുമായ സിവി നാരായണൻ, നവോദയ മുഖ്യരക്ഷാധികാരി ബഷീർ വാരോട്, OICC പ്രതിനിധി ഹുസ്നാ ആസിഫ് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.
കേന്ദ്ര കുടുംബവേദി സെക്രട്ടറി ഉമേഷ് കളരിക്കൽ, പ്രസിഡന്റ് നന്ദിനി മോഹൻ, കേന്ദ്ര ബാലവേദി രക്ഷാധികാരി സുരയ്യ ഹമീദ് എന്നിവരും നവോദയ രക്ഷാധികാരികളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിൽ വെച്ച് യൂണിറ്റ് വനിതാവേദി സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളിൽ നിന്നും തിരഞ്ഞെടുത്ത സൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ “E-വൾ” എന്ന ഡിജിറ്റൽ മാഗസിൻ ഉദ്ഘാടനം തൻസി ഹാഷിർ നിർവഹിച്ചു. കൂടാതെ 20 വർഷത്തിൽ കൂടുതൽ സേവനമനുഷ്ഠിച്ച നവോദയ അംഗങ്ങളായിട്ടുള്ള 39 നേഴ്സുമാരെ ചടങ്ങിൽ ആദരിച്ചു .പ്രോഗ്രാം കൺവീനർ ജസ്ന ഷമീം സ്വാഗതം പറഞ്ഞ പരിപാടിയിൽ സുജ ജയൻ നന്ദി പറഞ്ഞു.