ജീവിതശൈലി രോഗങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് പ്രമേഹം. ചെറുപ്പക്കാരിൽ പോലും പ്രമേഹം വളരെയധികം കൂടി വരുന്നതാണ് നിലവിലെ അവസ്ഥ. പലർക്കും പ്രമേഹത്തെക്കുറിച്ച് അറിയില്ലെന്നതാണ് മറ്റൊരു യാഥാർത്ഥ്യം. രോഗ നിർണയം കൃത്യമായി നടത്തേണ്ടത് വളരെ പ്രധാനമാണ്. ഹൃദയാഘാതം, പക്ഷാഘാതം, വൃക്കരോഗം തുടങ്ങി പല അസുഖങ്ങളാണ് ഇവരെ കാത്തിരിക്കുന്നത് എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഇന്ന് ഈ രോഗം അനുഭവിക്കുന്നു. മധുര പലഹാരങ്ങൾ അധികം കഴിച്ചാൽ പ്രമേഹം വരുമെന്നാണ് പലരും കരുതുന്നത്, എന്നാൽ അമിതവണ്ണവും അനാരോഗ്യകരമായ ഭക്ഷണക്രമവും മോശം ജീവിതശൈലിയും കാരണം പ്രമേഹരോഗം വളരെ പെട്ടെന്ന് തന്നെ ആളുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട് എന്നതാണ് വസ്തുത.