മനാമ> ആറു വർഷത്തെ ഇടവേളയ്ക്കുശേഷം ഖത്തറിനും ബഹ്റൈനുമിടയിൽ വ്യാഴാഴ്ച നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കും. ഇരു രാജ്യങ്ങളുടെയും ദേശീയ എയർലൈനുകളായ ഖത്തർ എയർവെയ്സും ഗൾഫ് എയറുമാണ് സർവീസ് നടത്തുക. ഖത്തറും ബഹ്റൈനും നയതന്ത്രബന്ധം പുനഃസ്ഥാപിച്ചതിനു തൊട്ടുപിന്നാലെയാണ് വിമാന സർവീസും പുനഃസ്ഥാപിക്കുന്നത്.
ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് വ്യാഴാഴ്ചമുതൽ എല്ലാ ദിവസവും രാത്രി എട്ടിനാണ് ബഹ്റൈനിലേക്കുള്ള ഖത്തർ എയർവെയ്സ് സർവീസ്. ഇതേ വിമാനം രാത്രി 10.20ന് പുറപ്പെട്ട് 11.15ന് ദോഹയിൽ തിരിച്ചെത്തും. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് രാവിലെ 9.30നാണ് ഖത്തറിലേക്കുള്ള സർവീസ്. ഈ വിമാനം 11.15ന് ദോഹയിൽനിന്ന് മടങ്ങും. 2017 ജൂണിൽ സൗദി, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറിന് ഏർപ്പെടുത്തിയ നയതന്ത്ര ഉപരോധത്തെതുടർന്നാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ വിമാന സർവീസ് നിലച്ചത്.