റിയാദ് > കേളി കലാസാംസ്കാരികവേദി റിയാദ് ബത്ഹ ക്ലാസ്സിക് റസ്റ്റോറന്റ് ഹാളിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് ട്രെയിനർ കാസിം പുത്തൻപുരക്കൽ നയിച്ച ക്ലാസ്സിൽ പുതിയ കാലഘട്ടത്തിൽ എങ്ങിനെയാണ് കുട്ടികളുടെ അഭിരുചി തിരിച്ചറിയേണ്ടതെന്നും ഒരു കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ പരിഗണിക്കണമെന്നും കൃത്യമായി വിശദീകരിച്ചു. വിവിധ പഠന കോഴ്സുകളെക്കുറിച്ചും, അതിന് വേണ്ട അടിസ്ഥാന യോഗ്യതകളെക്കുറിച്ചും അത്തരം കോഴ്സുകളിൽ ചേരാൻ മുൻകൂട്ടി ചെയ്യേണ്ട പ്ലാനിങ്ങിനെക്കുറിച്ചുമെല്ലാം ക്ലാസിൽ വിശദീകരിച്ചു.
അതിന് ശേഷം നടന്ന മുതിർന്നവർക്കുള്ള സെഷനിൽ, മാറിയ കാലത്തെ ജോലി സാധ്യതകളെക്കുറിച്ചും വ്യക്തിപരമായും തൊഴിൽ പരമായുമുള്ള കഴിവുകൾ പരിപോഷിപ്പിക്കേണ്ടതിന്റ ആവശ്യകതയെക്കുറിച്ചും, അതിനുള്ള വഴികളെക്കുറിച്ചും, തൊഴിൽ മേഖലയിൽ ഇനി വരാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ചും പ്രതിപാദിച്ചു.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞ ചടങ്ങിൽ കേളി മുഖ്യരക്ഷാധികാരി കൺവീനർ കെ പി എം സാദിഖ്, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ടി ആർ സുബ്രഹ്മണ്യൻ, സുരേന്ദ്രൻ കൂട്ടായി, ജോസഫ് ഷാജി, കേളി സെക്രട്ടറിയേറ്റ് അംഗങ്ങൾ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, വിവിധ ഏരിയകളിൽ നിന്നും കേളി കുടുംബ വേദി അംഗങ്ങൾ, കുട്ടികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, ക്ലാസെടുത്ത കാസിം പുത്തൻപുരക്കലിന് ഉപഹാരം നൽകി. കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ ചടങ്ങിന് നന്ദിപറഞ്ഞു.