കൊച്ചി > സാമ്പത്തിക മേഖലയ്ക്ക് കരുത്ത് പകരാൻ അമേരിക്കയും യുറോപ്യൻ കേന്ദ്ര ബാങ്കും പലിശ നിരക്ക് ഉയർത്തിയത് ആഗോള ഓഹരി വിപണികളിൽ ചാഞ്ചാട്ടം സൃഷ്ടിച്ചു. ഡോളർ സൂചികയ്ക്ക് നേരിട്ട തളർച്ച സാർവദേശീയ വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിച്ചു. പുതിയ ഉയരങ്ങളിലേയ്ക്ക് നീങ്ങിയ മഞ്ഞലോഹത്തിനും വാരാവസാനം തിരിച്ചടി നേരിട്ടു. ബോംബെ സെൻസെക്സ് 58 പോയിന്റ് പ്രതിവാര നഷ്ടത്തിലാണ്. വിദേശ ഓപ്പറേറ്റർമാർ പോയ വാരം എല്ലാ ദിവസവും നിക്ഷേപകരായി രംഗത്ത് നിറഞ്ഞു നിന്നു. വിദേശ ഫണ്ടുകൾ മൊത്തം 5528 കോടി രൂപയുടെ നിക്ഷേപം നടത്തി. എന്നാൽ ആഭ്യന്തര ഫണ്ടുകൾ നാലിൽ മൂന്ന് ദിവസവും വിൽപ്പനയ്ക്കാണ് മുൻ തൂക്കം നൽകിയത്. വ്യാഴാഴ്ച അവർ 442 കോടി രൂപയുടെ ഓഹരികൾ വാങ്ങി മറ്റു ദിവസങ്ങളിലായി മൊത്തം 3177 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.
വിദേശ നിക്ഷേപത്തിന്റെ കരുത്തിൽ വിനിമയ വിപണിയിൽ രൂപയുടെ മൂല്യം ഉയർന്നു. മുൻവാരത്തിലെ 81.83ൽ നിന്നും രൂപ 81.68ലേയ്ക്ക് കയറി. രൂപയുടെ നീക്കങ്ങളെ ആർ ബി ഐ നിരീക്ഷിക്കുകയാണ്. രൂപയെ ഒരു നിശ്ചിത റേഞ്ചിൽ പിടിച്ചു നിർത്താൻ നീക്കം നടത്തുന്നതായും സൂചനയുണ്ട്. വിദേശ നാണയകരുതൽ ശേഖരം ഏപ്രിൽ 28ന് അവസാനിച്ച 588.78 ബില്യൺ ഡോളറായി ഉയർന്നു. തൊട്ട് മുൻവാരത്തെ അപേക്ഷിച്ച് 4.5 ബില്യൺ ഡോളറിന്റെ വർധന. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പണപ്പെരുപ്പം കുറക്കാൻ പലിശ നിരക്കിൽ 25 ബേസിസ് പോയിന്റ് ഉയർത്തി. പണപ്പെരുപ്പം രണ്ട് ശതമാനമായി കുറക്കാനുള്ള ശ്രമത്തിലാണവർ. തുടർച്ചയായി പത്ത് തവണ പലിശ നിരക്ക് ഉയർത്തിയെന്നല്ലാതെ പ്രതിസന്ധി പരിഹരിക്കാനായില്ല. ആവർത്തിച്ചുള്ള നിരക്ക് വർദ്ധനയിലും യു എസിൽ പണപ്പെരുപ്പം അഞ്ച് ശതമാനത്തിലാണ്.
നിഫ്റ്റി സൂചിക തുടർച്ചയായ രണ്ടാം വാരവും 18,000 പോയിന്റിന് മുകളിലാണ്. മുൻവാരത്തിലെ 18,065 ൽ നിന്നും ഓപ്പണിങ് വേളയിൽ 17,886 ലേയ്ക്ക് തളർന്നെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ കരുത്ത് കാണിച്ച നിഫ്റ്റി ഒരവസരത്തിൽ 18,267 വരെ കയറി. മാർക്കറ്റ് ക്ലോസിങിൽ 18,069 പോയിന്റിലാണ്. സെൻസക്സ് 61,112 ൽ നിന്നും 60,500 റേഞ്ചിലേയ്ക്ക് തുടക്കത്തിൽ സാങ്കേതിക തിരുത്തൽ
കാഴ്ച്ചവെച്ച ശേഷമുള്ള തിരിച്ചു വരവിൽ സൂചിക 61,800 ലേയ്ക്ക് കയറിയെങ്കിലും ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ സൃഷ്ടിച്ച വിൽപ്പന സമ്മർദ്ദം മൂലം വ്യാപാരാന്ത്യം 61,054 ലേയ്ക്ക് തളർന്നു. മുൻ നിര ഓഹരികളായ എച്ച് യു എൽ, മാരുതി, ആർ ഐ എൽ, ടാറ്റാ സ്റ്റീൽ, ഐ റ്റി സി, ഇൻഫോസിസ്, റ്റി സി എസ്, ആക്സിസ് ബാങ്ക് തുടങ്ങിയവയിൽ വാങ്ങൽ താൽപര്യം ദൃശ്യമായി. അതേ സമയം ഫണ്ടുകളുടെയും ഊഹക്കച്ചവടക്കാരുടെയും വിൽപ്പന സമ്മർദത്തിൽ എസ് ബി ഐ, എച്ച് ഡി എഫ് സി, എച്ച് ഡി എഫ് സി ബാങ്ക്, എം ആൻറ് എം, വിപ്രോ, ടാറ്റാ മോട്ടേഴ്സ്, സൺ ഫാർമ്മ ഓഹരികൾക്ക് തിരിച്ചടി നേരിട്ടു.
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 75 ഡോളറിൽ നിന്നും 63.57 ലേയ്ക്ക് ഇടിഞ്ഞ ശേഷം വാരാന്ത്യം 71.32 ഡോളറിലാണ്. സ്വർണം ട്രോയ് ഔൺസിന് 1990 ഡോളറിൽ നിന്നും 2078 ഡോളർ വരെ ഉയർന്നു. വാരാവസാനം നിരക്ക് 2017 ഡോളറിലാണ്. സാങ്കേതികമായി സ്വർണം ബുള്ളിഷ് ട്രെൻഡ് നിലനിർത്തുന്നു.