കൊച്ചി > സിനിമാസെറ്റുകളിൽ ലഹരി ഉപയോഗം കണ്ടെത്താൻ ഇനി പൊലീസ്. ഷൂട്ടിങ് സെറ്റുകളിൽ ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാൻ ഷാഡോ പൊലീസിനെ നിയോഗിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ കെ സേതുരാമൻ മാധ്യമങ്ങളോട് പറഞ്ഞു. മഫ്തിയിലും പൊലീസുണ്ടാകും. സെറ്റുകളിൽ പൊലീസ് പരിശോധന നടത്തും. ഷൂട്ടിങ് തടസ്സമുണ്ടാകാത്തവിധത്തിലായിരിക്കും പരിശോധന. എക്സൈസും പരിശോധനയ്ക്കുണ്ടാകും.
ലഹരി ഉപയോഗിക്കുന്നവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരും. ആവശ്യമെങ്കിൽ, വെളിപ്പെടുത്തലുകൾ നടത്തിയവരുടെ മൊഴി രേഖപ്പെടുത്തും. ഈ വിഷയത്തിൽ സിനിമാപ്രവർത്തകരിൽനിന്നുണ്ടായ വെളിപ്പെടുത്തലുകൾ സ്വാഗതാർഹമാണ്. പരാതികൾ ലഭിച്ചിട്ടില്ല. കഴിഞ്ഞദിവസം പൊലീസ് പ്രത്യേകയോഗം ചേർന്നിരുന്നു. സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങിയതായും കമീഷണർ പറഞ്ഞു. ചലച്ചിത്രരംഗത്തെ ലഹരി ഉപയോഗ വിവരങ്ങൾ എക്സൈസും ശേഖരിച്ചുതുടങ്ങി.