ഒരു സംരംഭം തുടങ്ങുന്നു എന്നു പറയുന്നതും ഒരു സ്റ്റാർട്ടപ് തുടങ്ങുന്നു എന്നു പറയുന്നതും തമ്മിൽ വ്യത്യാസമുണ്ട്. എല്ലാ സംരംഭങ്ങളെയും സ്റ്റാർട്ടപ്പുകളായി കണക്കാക്കാനാകില്ല. ഒരു സംരംഭം സ്റ്റാർട്ടപ്പാകണമെങ്കിൽ അതിനു താഴെ പറയുന്ന ചില സവിശേഷതകൾ ഉണ്ടായിരിക്കണം.
1. സ്റ്റാർട്ടപ്പിന്റെ ഉടമസ്ഥരൂപം പ്രൈവറ്റ് ലിമിറ്റഡ് കമ്പനി, രജിസ്റ്റേർഡ് പാർട്ണർഷിപ് ഫോറം, ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ് (എൽഎൽപി) എന്നിവയിൽ ഏതെങ്കിലും ഒന്നായിരിക്കണം.
2. ധാരാളം തൊഴിലവസരങ്ങളോ വലിയ സമ്പത്തോ സൃഷ്ടിക്കാൻ ശേഷിയുള്ള ഉൽപ്പന്നങ്ങളുടെയോ സേവനങ്ങളുടെയോ പ്രക്രിയകളുടെയോ ബിസിനസ് മോഡലിന്റെയോ ഇന്നൊവേഷൻ, വികസനം, അഭിവൃദ്ധിപ്പെടുത്തൽ എന്നിവയിൽ കേന്ദ്രീകൃതമായ ബിസിനസായിരിക്കണം.
3. സ്റ്റാർട്ടപ് രൂപീകരണം തികച്ചും പുതിയതായിരിക്കണം. മറ്റേതെങ്കിലും സ്ഥാപനം പുനരുദ്ധരിച്ചതോ അതിൽനിന്ന് വിഭജിച്ചുപോന്നതോ ആകരുത്.
4. സ്ഥാപനം നിലവിൽവന്നിട്ടും പ്രവർത്തനങ്ങൾ തുടങ്ങിയിട്ടും രൂപീകരണതീയതിമുതൽ 10 വർഷം കഴിഞ്ഞിട്ടുണ്ടാകരുത്. രൂപീകരണത്തിനും രജിസ്റ്റർ ചെയ്യുന്നതിനുമിടയിൽ ഒരു സാമ്പത്തികവർഷവും 100 കോടി രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവ് ഉണ്ടയിട്ടില്ലാത്ത സംരംഭമായിരിക്കണം.
ഈ നിബന്ധനകളെല്ലാം പാലിച്ചുള്ള സംരംഭങ്ങൾക്കുമാത്രമാണ് “സ്റ്റാർട്ടപ്’ എന്ന അംഗീകാരം ലഭിക്കുക. വ്യവസായ, ആഭ്യന്തര വാണിജ്യ പ്രോത്സാഹനവകുപ്പാണ് (ഡിപിഐഐടി) സ്റ്റാർട്ടപ് അംഗീകാരം നൽകുന്നത്. www. startupindia.gov.in എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം.
പേറ്റന്റ് നേടാൻ എളുപ്പം
സ്റ്റാർട്ടപ് അംഗീകാരം ലഭിച്ച സംരംഭങ്ങൾക്ക് സാധാരണ സംരംഭങ്ങളിൽനിന്ന് വ്യത്യസ്തമായ പരിഗണനയാണ് ലഭിക്കുക. ബൗദ്ധിക സ്വത്തവകാശം (ഐപിആർ) നേടാൻ എളുപ്പമാകുകയും പേറ്റന്റ് അപേക്ഷകൾ വളരെ വേഗം പരിഗണിക്കുകയും ചെയ്യും.വിവിധ ബൗദ്ധികസ്വത്തുക്കൾ എങ്ങനെ സംരക്ഷിക്കണമെന്നും മറ്റു രാജ്യങ്ങളിൽ ബൗദ്ധിക സ്വത്തവകാശം എങ്ങനെ രജിസ്റ്റർ ചെയ്യാമെന്നുമുള്ള ഉപദേശ, നിർദേശങ്ങൾ സൗജന്യമായി നൽകാൻ പ്രത്യേക ഫെസിലിറ്റേഴ്സ് പാനലുമുണ്ട്. ഐപിആർ നേടാനുള്ള നിയമപ്രകാരമുള്ള ഫീസ് മാത്രം നൽകിയാൽ മതിയാകും. പേറ്റന്റ് അപേക്ഷാഫീസിൽ 80 ശതമാനവും ട്രേഡ് മാർക്ക് അപേക്ഷാഫീസിൽ 50 ശതമാനവും ഇളവും ലഭിക്കും.
മൂന്നുവർഷം ക്ലിയറൻസ് വേണ്ട
അംഗീകൃത സ്റ്റാർട്ടപ്പുകൾക്ക് 36 വൈറ്റ് കാറ്റഗറി വ്യവസായങ്ങൾ ആരംഭിക്കാൻ ചില പരിസ്ഥിതിനിയമങ്ങളിൽ ആദ്യത്തെ മൂന്നുവർഷം ക്ലിയറൻസ് ആവശ്യമില്ല എന്നതാണ് മറ്റൊരു നേട്ടം. കമ്പനി രൂപീകരിച്ചതിനുശേഷമുള്ള ആദ്യത്തെ മൂന്നുമുതൽ അഞ്ചുവർഷം വരെ അനുവദനീയ തൊഴിൽ, പരിസ്ഥിതി നിയമങ്ങളിൽ സെൽഫ് സർട്ടിഫിക്കേഷൻ ചെയ്യാമെന്ന ആനുകൂല്യവുമുണ്ട്. കോർപറേറ്റ് കാര്യ മന്ത്രാലയം സ്റ്റാർട്ടപ്പുകളെ “ഫാസ്റ്റ് ട്രാക്ക് ഫേംസ്’ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ 90 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടൽപ്രക്രിയ പൂർത്തിയാക്കാൻ ഇത് സ്റ്റാർട്ടപ്പുകൾക്ക് സഹായമാകുന്നു. സർക്കാർ ടെൻഡറുകൾക്ക് അപേക്ഷിക്കുമ്പോൾ മറ്റു കമ്പനികൾക്കുള്ള പല നിബന്ധനകളും സ്റ്റാർട്ടപ്പുകൾക്ക് ഒഴിവാക്കിയിട്ടുമുണ്ട്.
ആദായനികുതി ഹോളിഡേ
കമ്പനിയോ എൽഎൽപിയോ ആയി 2016 ഏപ്രിൽ ഒന്നിനോ അതിനുശേഷമോ രൂപീകരിച്ച സ്റ്റാർട്ടപ്പുകൾക്ക് ആദായനികുതി ഇളവുകൾ ലഭ്യമാകും. വാർഷിക വിറ്റുവരവ് 100 കോടിയോ അതിൽ താഴെയോ ആയിരിക്കണം. രൂപീകരിച്ചതിനുശേഷമുള്ള ആദ്യത്തെ 10 വർഷത്തിൽ സംരംഭം തെരഞ്ഞെടുക്കുന്ന തുടർച്ചയായ മൂന്നുവർഷം ആദായനികുതി നല്കേണ്ടതില്ല. അംഗീകൃത സ്റ്റാർട്ടപ്പുകൾക്ക് നികുതി ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള ഇന്റർ മിനിസ്റ്റീരിയൽ ബോർഡിൽനിന്ന് സർട്ടിഫിക്കറ്റ് നേടിയ സ്റ്റാർട്ടപ്പുകൾക്കാണ് ഇത് ലഭ്യമാകുക.
(കൊച്ചിയിലെ ഡി വാലർ മാനേജ്മെന്റ് കൺസൾട്ടന്റ്സിന്റെ മാനേജിങ് ഡയറക്ടറാണ് ലേഖകൻ)