തിരുവനന്തപുരം> മുസ്ലിം സമുദായത്തെയും മതനിരപേക്ഷ സമൂഹത്തെയും അധിക്ഷേപിക്കാൻ ‘ദി കേരള സ്റ്റോറി’ നിർമാതാക്കൾ കൂട്ടുപിടിച്ചത് കള്ളക്കണക്കുകളെയെന്നതിന് കൂടുതൽ തെളിവ് പുറത്തുവന്നു. പാർലമെന്റിൽ ബിജെപി സർക്കാർവച്ച കണക്കുകളും എൻഐഎ ഉൾപ്പെടെ അന്വേഷണ ഏജൻസി റിപ്പോർട്ടുകളും സിനിമ കള്ളംപറയുന്നെന്ന് തെളിയിക്കുന്നു. കണക്ക് പൊളിഞ്ഞതോടെയാണ് പുതിയ ട്രെയ്ലറിൽ കണക്കു തിരുത്താൻ നിർമാതാക്കൾ നിർബന്ധിതരായത്.
കള്ളപ്രചാരണവും വർഗീയതാൽപ്പര്യങ്ങളുംമാത്രം ലക്ഷ്യംവച്ച് നിർമിച്ച സിനിമയെ ആവിഷ്കാര സ്വാതന്ത്ര്യവുമായി കൂട്ടിക്കുഴച്ച് വിവാദമുണ്ടാക്കുന്നതിനു പിന്നിലും സംഘപരിവാർ. മുൻ മുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദനെയും ഉമ്മൻചാണ്ടിയെയും തെറ്റായി ഉദ്ധരിച്ചും സിനിമയ്ക്ക് ആളെക്കൂട്ടുകയാണ് ഇവർ. സംവിധായകൻ സുദീപ്തോ സെന്നും നിർമാതാവ് വിപുൽ അമൃത് ഷായും ഇതേ അവകാശവാദം 2020ൽ എഴുതിയ ലേഖനത്തിലും ഉന്നയിച്ചിരുന്നു. 2018ൽ സുദീപ്തോ എടുത്ത ഡോക്യുമെന്ററിയിലാണ് തുടക്കം. ആൾട്ട് ന്യൂസ് എന്ന വസ്തുതാ പരിശോധനാ വെബ് സംഘം അക്കാലത്തുതന്നെ ഈ അവകാശവാദങ്ങൾ പൊളിച്ചിരുന്നു. ആൾട്ട് ന്യൂസ് സംവിധായകനോട് ഇതുസംബന്ധിച്ച രേഖകൾ ആവശ്യപ്പെട്ടെങ്കിലും നൽകാനായില്ല.
പാർലമെന്റിൽ ആഭ്യന്തരമന്ത്രാലയം വച്ച കണക്കുകളിലും എൻഐഎ റിപ്പോർട്ടുകളിലും 150നും 200നും ഇടയിൽ ആളുകളേ പോയിട്ടുള്ളൂവെന്നാണ്. ഒബ്സർവർ റിസർച്ച് ഫൗണ്ടഷൻ നടത്തിയ അന്വേഷണത്തിലും (2014–-18) അതുതന്നെ. കണ്ണൂർ, കാസർകോട്, മലപ്പുറം ജില്ലകളിലായി തീവ്രവാദ പ്രസ്ഥാനത്തോട് താൽപ്പര്യമുള്ളവർതന്നെ 300ൽ താഴെ. 110 രാജ്യത്തുനിന്നായി ആകെ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നിട്ടുള്ളത് 40,000 പേരാണ്. ഇത്തരം വസ്തുതകൾ പുറത്തുവന്നതോടെയാണ് ഗത്യന്തരമില്ലാതെ സിനിമാ നിർമാതാക്കൾ കണക്ക് തിരുത്തിയത്.
വാർത്തയിലോ വിവാദത്തിലോ വന്നില്ലെങ്കിൽക്കൂടി സിനിമ കരുതിക്കൂട്ടി പ്രചരിപ്പിക്കാനുള്ള ഗൂഢ പദ്ധതിയാണ് ഇത് തെളിയിക്കുന്നത്. ആറു ദിവസത്തിനിടെ യു ട്യൂബിൽമാത്രം 17 ലക്ഷം പേർ ട്രെയിലർ കണ്ടു.















