കൊച്ചി> വിദേശ ഓപ്പറേറ്റർമാർ ഇടപാടുകൾ നടന്ന എല്ലാ ദിവസങ്ങളിലും മുൻ നിര ഓഹരികൾ വിറ്റുമാറാൻ ഉത്സാഹിച്ചതോടെ ഇന്ത്യൻ വിപണിയിൽ മുൻ നിര ഓഹരി സൂചികകൾ ഒരു ശതമാനം ഇടിഞ്ഞു. ബോംബെ സൂചിക 776 പോയിന്റും നിഫ്റ്റി സൂചിക 204 പോയിന്റും താഴ്ന്നു.
മാർക്കറ്റ് ഓപ്പണിങ് വേളയിലെ ആദ്യ കുതിപ്പിൽ തന്നെ ബാധ്യതകൾ ഒഴിവാക്കാനുള്ള നീക്കങ്ങൾക്ക് വിദേശ ഫണ്ടുകൾ തുടക്കം കുറിച്ചു. പിന്നിട്ട രണ്ടാഴ്ച്ചയിൽ ഏറെയായി വിൽപ്പനക്കാരായി നീങ്ങിയ ആഭ്യന്തര ഫണ്ടുകൾ വിപണിയുടെ രക്ഷയ്ക്കായി രംഗത്തിറങ്ങിയിട്ടും സെൻസെക്സ് 60,427 റേഞ്ചിൽ നിന്നും 59,412 ലേയ്ക്ക് തളർന്നു. വാരാന്ത്യം സൂചിക 59,655 പോയിന്റിലാണ്. മുൻ വാരം സൂചിപ്പിച്ച 59,543 ലെ രണ്ടാം സപ്പോർട്ട് ക്ലോസിങിൽ നിലനിർത്താനായത് പ്രദേശിക നിക്ഷേപകർക്ക് ആശ്വാസം പകരും.
ഈ വാരം വിപണി 60,250 ലേയ്ക്ക് തിരിച്ചു വരവ് കാഴ്ച്ചവെക്കുമെന്ന നിഗമനത്തിലാണ് ഒരു വിഭാഗം ഇടപാടുകാർ. ഈ തടസം മറികടന്നാൽ സൂചിക മാസാവസാനം 60,850നെ ലക്ഷ്യമാക്കാം. ഇതിനിടയിൽ വീണ്ടും വിൽപ്പനക്കാർ രംഗത്ത് പിടിമുറുക്കിയാൽ സെൻസെക്സിന് 59,235ൽ താങ്ങ് പ്രതീക്ഷിക്കാം. നിഫ്റ്റി സൂചിക 17,828 പോയിന്റിൽ നിന്നും കൂടുതൽ മുന്നേറാൻ ക്ലേശിക്കുന്നതു കണ്ട് ബാധ്യതകൾ വിറ്റുമാറാൻ ഇടപാടുകാർ നടത്തിയ നീക്കം മൂലം ഒരു വേള 17,553 പോയിന്റിലേക്ക് തിരുത്തൽ കാഴ്ച്ചവെച്ചു. എന്നാൽ വിപണി 17,524 ലെ സപ്പോർട്ട് നിലനിർത്തി ക്ലോസിങിൽ 17,624 ലാണ്.
നിഫ്റ്റി ഐ റ്റി സൂചിക അഞ്ച് ശതമാനം ഇടിഞ്ഞു. മീഡിയ, മെറ്റൽ ഇൻഡക്സുകൾക്കും തിരിച്ചടി നേരിട്ടു. നിഫ്റ്റി പി എസ് യു ബാങ്ക് സൂചികയും എഫ് എം സി ജി, ഓയിൽ ആൻഡ് ഗ്യാസ് സൂചികയും ഉയർന്നു. ഇൻഫോസിസ് ഓഹരി വില 11 ശതമാനം ഇടിഞ്ഞ് 1227 രൂപയായി. ടെക് മഹീന്ദ്ര എട്ട് ശതമാനം ഇടിഞ്ഞ് 998 രൂപയായി. റ്റി സി എസ്, എച്ച് സി എൽ ടെക് തുടങ്ങിവയ്ക്കും തളർച്ച. മുൻ നിര ബാങ്കിങ് ഓഹരികളായ എച്ച് ഡി എഫ് സി ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക് തുടങ്ങിയവയുടെ നിരക്കും കുറഞ്ഞു. ടാറ്റാ സ്റ്റീൽ, എൽ ആൻഡ് റ്റി, എച്ച് യു എൽ, മാരുതി ഓഹരി വിലകളും താഴ്ന്നു.
മൂന്നാഴ്ചകളിലെ തുടർച്ചയായ വാങ്ങലിനു ശേഷം വിദേശ ഓപ്പറേറ്റർമാർ 4643 കോടി രൂപയുടെ ഓഹരികൾ വിറ്റു. മറുവശത്ത് ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 3026 കോടി രൂപയുടെ നിക്ഷേപം നടത്തി. പിന്നിട്ടവാരം രൂപയുടെ മൂല്യം ഇടിഞ്ഞു. രൂപ 81.85 ൽ നിന്നും 24 പൈസ കുറഞ്ഞ് 82.09 ലാണ്.
ആഗോള സ്വർണ വില ഔൺസിന് 2004 ഡോളറിൽ നിന്ന് 2014 ഡോളർ വരെ ഉയർന്ന ശേഷമുള്ള തകർച്ചയിൽ നിരക്ക് 1968 ലേയ്ക്ക് ഇടിഞ്ഞെങ്കിലും വാരാന്ത്യം 1982 ഡോളറിലാണ്.