അതിതീവ്ര മഴക്ക് കാരണമായിരുന്ന ലാ നിന എന്ന കാലാവസ്ഥ പ്രതിഭാസം അവസാനിക്കുകയാണെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിൻറ വിലയിരുത്തൽ.
ഈ വർഷം അവസാനത്തോടെ പസഫിക് മേഖലയിൽ എൽ നിനോ പ്രതിഭാസം ആരംഭിക്കുമെന്നും കാലാവസ്ഥാ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.
പസഫിക് സമുദ്രോപരിതലത്തിലെ ചൂട് ശരാശരിയിലും കൂടുതലായി വർദ്ധിക്കുന്നതാണ് എൽ നിനോ പ്രതിഭാസത്തിൻറെ പ്രധാനകാരണങ്ങളിലൊന്ന്.
ഓഗസ്റ്റ് മാസത്തോടെ സമുദ്രോപരിതലത്തിലെ താപനില എൽ നിനോയുടെ പരിധി കടക്കുമെന്ന് ഓസ്ട്രേലിയൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അമേരിക്ക, യുകെ, ജപ്പാൻ എന്നിവിടങ്ങളിലെ വിവിധ കാലാവസ്ഥാ ഏജൻസികൾ പുറത്തിറക്കിയ മാതൃകകൾ പരിശോധിച്ച ശേഷമാണ് ഈ വിലയിരുത്തലെന്നും ഓസ്ട്രേലിയൻ കാലാവസ്ഥാ കേന്ദ്രം പറഞ്ഞു.
ഈ വർഷാവസാനത്തോടെ “സൂപ്പർ എൽ നിനോ” യുടെ സാധ്യതകൾ ചില റിപ്പോർട്ടുകൾ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
അതിശക്തമായ എൽ നിനോ പ്രതിഭാസം പസഫിക് മേഖലയിൽ മഴയുടെ അളവ് കുറയുന്നതിന് കാരണമാകും.
2016 ലാണ് അതിശക്തമായ എൽ നിനോ പ്രതിഭാസം ആഗോളതലത്തിൽ അവസാനമായി രേഖപ്പെടുത്തിയത്.
ആഗോളതാപനില റെക്കോർഡ് നിലയിലേക്ക് ഉയർന്നത് വിവിധ രാജ്യങ്ങളിൽ വെള്ളപ്പൊക്കം, വരൾച്ച, പകർച്ച വ്യാധി എന്നിവയ്ക്ക് കാരണമായിരുന്നു.
പസഫിക് മേഖലയിലെ അന്തരീഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്നത് ഓസ്ട്രേലിയയിൽ കാട്ടുതീയടക്കമുള്ള പ്രകൃതി ദുരന്തങ്ങൾക്ക് കാരണമാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.
കടപ്പാട്: SBS മലയാളം