തൃശൂർ> മണ്ണുത്തി വെറ്ററിനറി സർവകലാശാല പന്നിയുൽപാദന ഗവേഷണകേന്ദ്രത്തിൽ ഇനി മാലിന്യ പ്രശ്നമില്ല. മാത്രമല്ല ജലം പുനരുപയോഗത്തിനും നൂതന മലിനജല സംസ്കരണ പ്ലാന്റ് സജ്ജം. ദിവസേന എഴുപത്തയ്യായിരം മുതൽ എൺപതിനായിരം ലിറ്റർ വരെ മലിനജലത്തിന്റെ സംസ്കരണവും പുനരുപയോഗവും ഇതിലൂടെ സാദ്ധ്യമാകും.
കൂടുകളിൽ നിന്നുള്ള മലിനജലം ഓടകളിൽത്തന്നെ പലയിടത്തായി അരിച്ചതിനു ശേഷം മണ്ണുകൊണ്ടുള്ള കുഴിയിലേക്കും അവിടെ നിന്നു സെറ്റിലിങ് ടാങ്കിലേക്കും എത്തും. ഖരമാലിന്യങ്ങൾ നീക്കിയശേഷം ഇവിടെ നിന്നു മലിനജലം മൂന്ന് അറകളുള്ള സെഡിമെന്റേഷൻ ടാങ്കിലേക്കും തുടർന്ന് വായുസഞ്ചാരമില്ലാത്ത അന ഫ്ളാഷ് ടാങ്കിലേക്കും എത്തുന്നു. തുടർന്ന് വായു സഞ്ചാരമില്ലാത്ത അനേറോബിക് ടാങ്കിലേക്കും ഫ്ളോക്കുലേഷൻ ടാങ്കിലേക്കും എത്തും.
ഫ്ളോക്കുലേഷൻ ടാങ്കിൽ വച്ച് ആലം ചേർക്കുന്നതിനാൽ വെള്ളത്തിന്റെ നിറവും കുട്ടിയും കുറയ്ക്കാനാവും. ഇതിനു ശേഷം വെള്ളത്ത് രണ്ടാമത്തെ സെറ്റിലിങ് ടാങ്കിലേക്ക് വിടും. അടിയിൽ ഊറുന്ന മാലിന്യങ്ങൾ നീക്കും. ഇതിനു ശേഷം വെളളം ബ്ലോവർ ഘടിപ്പിച്ചിട്ടുള്ള ഏറോബിക് ഫിൽറ്റർ ഫീഡിങ് ടാങ്കിലേക്കും അവിടെ നിന്നു മണൽ നിറച്ചിട്ടുള്ള സാൻഡ് ഫിൽറ്ററിലേക്കും വരുന്നു. ഇതിനിടയിൽ വെള്ളത്തി ലേക്ക് ക്ലോറിൻ ചേർക്കുന്നു. അവസാനഘട്ടമായി വെള്ളം ചാർക്കോൾ ഫിൽറ്റർ വഴി കടത്തിവിടുന്നു. ഇപ്രകാരം സംസ്കരിച്ച വെള്ളം 5000 ലിറ്റർ വീതമുള്ള നാലു സംഭരണികളിലായി സൂക്ഷിച്ച് ആവശ്യാനുസരണം ഷെഡുകളിലേക്ക് പമ്പ് ചെയ്യുന്നു.
തൃശ്ശൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ പരിസ്ഥിതി എഞ്ചിനീയർ വിദഗ്ദരുടെ സാങ്കേതിക ഉപദേശപ്രകാരമാണ് അൻപതുലക്ഷം രൂപ ചെലവഴിച്ച് തൃശൂർ നിർമ്മിതി കേന്ദ്രം, സുസ്ഥിര ജലവിനിയോഗത്തിന്റെ ഈ മാതൃക പൂർത്തീകരിച്ചത്. 17ന് പ്ലാന്റ് സമർപ്പിക്കും.