മനാമ> സൗദി അറേബ്യയില് നയതന്ത്ര കാര്യാലയങ്ങള് വീണ്ടും തുറക്കുന്നതിനുള്ള തയ്യാറെടുപ്പിനായി ഇറാനിയന് പ്രതിനിധി സംഘം റിയാദിലെത്തി. റിയാദിലെ എംബസിയും ജിദ്ദയിലെ കോണ്സുലേറ്റ് ജനറല് കാര്യാലയവും വീണ്ടും തുറക്കാനും ജിദ്ദ ആസ്ഥാനമായ ഇസ്ലാമിക സഹകരണ സംഘത്തിലെ ഇറാന്റെ സ്ഥിരം പ്രതിനിധിയുടെ പ്രവര്ത്തനങ്ങള്ക്കും ഇറാന് പ്രതിനിധി സംഘം ആവശ്യമായ നടപടികള് സ്വീകരിക്കുമെന്ന് ഇറാന് വിദേശകാര്യ വക്താവ് നാസര് കനാനി പ്രസ്താവനയില് പറഞ്ഞു.
ബുധനാഴ്ച ഉച്ചയോടെ റിയാദിലെത്തിയ സംഘത്തെ സൗദി ഉദ്യോഗസ്ഥര് സ്വീകരിച്ചു. സംഘം തുടര്ന്ന് റിയാദിലെ ഇറാനിയന് എംബസി പരിശോധിച്ചു. റിയാദിലെ ഇറാന് എംബസി കോമ്പൗണ്ടിന്റെ കൂറ്റന് ഗേറ്റുകള് തുറന്ന് സംഘം അതിന്റെ പരിസരം പരിശോധിച്ചതായി റോയിട്ടേഴ്സ് റിപ്പോര്ട്ട് ചെയ്തു. ഏഴ് വര്ഷത്തിനിടെ ആദ്യമായാണ് ഈ ഗേറ്റ് തുറക്കുന്നത്.
ബീജിംഗ് കരാറിന്റെ ഭാഗമായി എംബസികള് തുറക്കാനും ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചിരുന്നു. തുടര്ന്ന് വിദേശ മന്ത്രിമാര് കഴിഞ്ഞ് ആഴ്ച ചൈനയില് ചരിത്രപരമായ കൂടിക്കാഴ്ച നടത്തി. ഇതിനു പിന്നാലെ രണ്ട്ു ദിവസം മുന്പ് സൗദി പ്രതിനിധി സംഘം തെഹ്റാന് സന്ദര്ശിച്ച് ചര്ച്ച നടത്തിയിരുന്നു.