കോഴിക്കോട്
മാറ്റങ്ങളുമായി ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് കാലിടറി. ശ്രീനിധി ഡെക്കാനോട് രണ്ട് ഗോളിന് തോറ്റു. റിൽവാൻ ഹസ്സനും ഡി കസ്റ്റനിഡയും ലക്ഷ്യംകണ്ടു. ഇതോടെ സൂപ്പർകപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് എയിൽ ഞായറാഴ്ച നടക്കുന്ന രണ്ട് മത്സരങ്ങളും നിർണായകമായി. ഐ ലീഗിൽ രണ്ടാമതെത്തിയ ഹൈദരാബാദ് ക്ലബ്ബായ ശ്രീനിധിക്ക് രണ്ട് കളിയിൽ നാല് പോയിന്റായി. ബ്ലാസ്റ്റേഴ്സിന് മൂന്ന് പോയിന്റ്. ഞായർ രാത്രി 8.30ന് അവസാന ഗ്രൂപ്പ് മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് -ബംഗളൂരു എഫ്സിയെ നേരിടും. ശ്രീനിധിക്ക് റൗണ്ട്ഗ്ലാസ് പഞ്ചാബാണ് എതിരാളി. സെമിയിൽ കടക്കാൻ ഗ്രൂപ്പ് ജേതാക്കളാകണം.
ആദ്യ ഇലവനിൽ ഏഴ് മാറ്റങ്ങളുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്സിന് തുടക്കംമുതൽ പിഴച്ചു. 17–-ാംമിനിറ്റിൽ ശ്രീനിധി ആദ്യ ഗോൾ നേടി. ഫൽഗുനി സിങ് നൽകിയ പന്ത് സ്വീകരിച്ച നൈജീരിയൻ താരം റിൽവാൻ ഹസ്സൻ തൊടുത്ത ഷോട്ടിൽ ബ്ലാസ്റ്റേഴ്സ് ഗോളി സചിൻ കാഴ്ചക്കാരനായി. ഗോൾ വീണിട്ടും മഞ്ഞപ്പട ഉണർന്നില്ല. ബോക്സിനകത്തുനിന്ന് ഇവാൻ കലിയുഷ്നി തൊടുത്ത ഷോട്ട് ബാറിനുമുകളിലൂടെ പോയി. മറുപടിയായി ശ്രീനിധിയുടെ മുന്നേറ്റം. ഡി കസ്റ്റനിഡയുടെ നിലംപറ്റിയുള്ള ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോളി വീണുകിടന്നാണ് പിടിച്ചത്. ആദ്യപകുതി തീരുംമുമ്പ് രണ്ടാമത്തെ വെടിപൊട്ടി. മധ്യഭാഗത്തുനിന്ന് ഹസ്സനാണ് നീക്കങ്ങൾക്ക് തുടക്കംകുറിച്ചത്. ഹസ്സൻ നൽകിയ പന്ത് സ്വീകരിച്ച ദിനേഷ് സിങ് ബോക്സിലേക്ക് ക്രോസ് നൽകി. ഓടിയെത്തിയ കസ്റ്റനിഡ ഉയർന്നുചാടി കാലുകൊണ്ട് പന്ത് വലയിലാക്കി.
രണ്ടാംപകുതി പന്തിന്റെ നിയന്ത്രണം ബ്ലാസ്റ്റേഴ്സിനായിരുന്നെങ്കിലും കനത്ത പ്രതിരോധം തീർത്ത ശ്രീനിധി വലകാത്തു. പ്രതിരോധം കടുപ്പിച്ചപ്പോൾ ബ്ലാസ്റ്റേഴ്സ് പതറി. മുന്നേറ്റക്കാരായ കെ പി രാഹുലിനെയും ദിമിത്രിയോസ് ഡയമന്റാകോസിനെയും പ്രതിരോധം കൃത്യമായി പൂട്ടി. ശ്രീനിധി ഗോളി ആര്യൻ മികച്ച രക്ഷപ്പെടുത്തലുമായി കളംനിറഞ്ഞു.
പകരക്കാരനായി ഇറങ്ങിയ അപോസ്തലസ് ജിയാനുവിന് രണ്ട് അവസരം കിട്ടിയെങ്കിലും മുതലാക്കാനായില്ല. അവസാന മിനിറ്റുകളിൽ ഗോൾ നേടാൻ ബ്ലാസ്റ്റേഴ്സ് നടത്തിയ ശ്രമങ്ങളെല്ലാം പാഴായി. പരിക്കുസമയത്ത് നിഷുകുമാർ എടുത്ത കോർണർ കിക്ക് ഗോളി കുത്തിയകറ്റിയതോടെ അവസാന പ്രതീക്ഷയും അസ്തമിച്ചു.
















