എടവണ്ണ > ബൈക്ക് യാത്രക്കാരനെ കാറിടിച്ച് വീഴ്ത്തി 26 ലക്ഷം രൂപ കവർന്ന കേസില് രണ്ടുപേർ അറസ്റ്റിൽ. ആലപ്പുഴ രാമപുരം സ്വദേശി വിമൽ കുമാർ (ഉണ്ണി 32), ആലപ്പുഴ മുതുകുളം സ്വദേശി കടേശ്ശേരിൽ മിഥുലേഷ് (30) എന്നിവരെയാണ് പ്രത്യേക അന്വേഷക സംഘം ആലപ്പുഴയിൽനിന്നും പിടികൂടിയത്.
ഈ മാസം മൂന്നിന് പകല് രണ്ടോടെ നിലമ്പൂർ -മഞ്ചേരി ദേശീയപാതയിലായിരുന്നു കവര്ച്ച. ഇരുമ്പുഴി സ്വദേശിയുടെ പണമാണ് കവർന്നത്. യുവാവിന്റെ ബൈക്കിനെ കാറിലും ബൈക്കിലുമായി പിൻതുടർന്ന സംഘം കുണ്ടോട് ചളിരിങ്ങൽ പെട്രോൾ പമ്പിന് സമീപംവച്ച് ബൈക്ക് ഇടിച്ചുവീഴ്ത്തി. ബൈക്കിലെ രഹസ്യ അറയിൽ സൂക്ഷിച്ച പണം കവർന്നു. യുവാവിനെ ബലമായി കാറിൽ കയറ്റി മർദിച്ചു. മൊബൈലും പഴ്സും പിടിച്ചുവാങ്ങി മമ്പാട് മേപ്പാടത്ത് ഇറക്കിവിടുകയായിരുന്നു. യുവാവിന്റെ പരാതിയിൽ നിലമ്പൂർ ഡിവൈഎസ്പി സാജു കെ അബ്രഹാമിന്റെ കീഴിൽ അന്വേഷണം നടത്തിവരികയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വ്യാജ നമ്പർ പ്ലേറ്റുവച്ച കാറാണെന്ന് കണ്ടെത്തി. സമാന കുറ്റകൃത്യങ്ങളില്പ്പെട്ടവരെ കേന്ദ്രീകരിച്ചായി അന്വേഷണം. ആലപ്പുഴയിൽനിന്നും വാടകക്കെടുത്ത കാറാണെന്ന് മനസ്സിലാക്കി. മുമ്പും നിരവധി കവർച്ചാ കേസുകളിൾ ഉൾപ്പെട്ട സംഘത്തെ കുറിച്ച് സൂചന ലഭിച്ചു. കാർ വാടകക്കെടുത്തു കൊടുത്തതിനും സംഭവത്തിനുശേഷം പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചതിനുമാണ് മിഥുലേഷിനെ അറസ്റ്റ് ചെയ്തത്. കവർച്ചയെ കുറിച്ച് ഇയാൾക്ക് അറിവുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
എസ്ഐമാരായ വി വിജയരാജൻ, അബ്ദുൾ അസീസ്, എഎസ്ഐ സുഭാഷ്, എസ് സിപിഒ സതീഷ് കുമാർ, ഡാൻസാഫ് അംഗങ്ങളായ എൻ പി സുനിൽ, അഭിലാഷ് കൈപ്പിനി, ആഷിഫ് അലി, നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരും അന്വേഷക സംഘത്തിലുണ്ടായി. പ്രതികളെ മഞ്ചേരി സിജെഎം കോടതിയിൽ ഹജരാക്കി.