മനാമ > എട്ടു വര്‍ഷം നീണ്ട യെമന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്കായി സൗദി, ഒമാന്‍ പ്രതിനിധികള്‍ യെമന്‍ തലസ്ഥാനമായ സനയിലെത്തി. ഹൂതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് മഹ്ദി അല്‍ മഷാത്തുമായി ഇവര്‍ ചര്‍ച്ച നടത്തുമെന്ന് ഹൂതികളുടെ സബ വാര്‍ത്താ ഏജന്‍സി അറിയിച്ചു.
സൗദി ഒമാന്‍ സംഘത്തിന് ഞായറാഴ്ച സനായിലെ റിപ്പബ്ലിക്കന്‍ കൊട്ടാരത്തില്‍ മഹ്ദി മുഹമ്മദ് അല്‍ മഷാത്ത് സ്വീകരണം നല്‍കിയതായി സബാ വാര്‍ത്താ ഏജന്‍സി അറിയിച്ചു. യെമനികള് ആഗ്രഹിക്കുന്നതും സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അവരുടെ അഭിലാഷങ്ങള്‍ നേടിയെടുക്കുന്ന നീതിയും മാന്യവുമായ സമാധാനത്തിനായുള്ള ഉറച്ച നിലപാട് മഹ്ദി മുഹമ്മദ് അറിയിച്ചു.
യെമനില്‍ സമാധാനം കൊണ്ടുവരുന്നതിനുള്ള ചട്ടക്കൂടിലെ ഒമാന്റെ പങ്കിനും മഹത്തായ പരിശ്രമങ്ങള്‍ക്കും യെമനില്‍ സമാധാനവും സുസ്ഥിരതയും നിലനിര്‍ത്താനുള്ള അവരുടെ ഉത്സാഹത്തിനും സൗദി പ്രതിനിധി സംഘത്തലവന് നന്ദി പറഞ്ഞു.
സ്വീകരണത്തില്‍ ഹൂതി ദേശീയ പ്രതിനിധി സംഘത്തിന്റെ തലവന്‍ മുഹമ്മദ് അബ്ദുല്‍ സലാം അടക്കമുളളവര്‍ പങ്കെടുത്തതായും സബാ വാര്‍ത്താ ഏജന്‍സി അറിയിച്ചു.
ഒമാന്‍ പ്രതിനിിധ സംഘത്തോടൊപ്പം മസ്കത്തില് താമസിക്കുന്ന ഹൂതി മിലിഷ്യയുടെ ചീഫ് നെഗോഷ്യേറ്റര്‍ മുഹമ്മദ് അബ്ദുള്‍ സലാമും ഉണ്ട്. ഉപരോധം അതിന്റെ എല്ലാ പ്രത്യാഘാതങ്ങളോടും കൂടി പിന്‍വലിക്കുക, ആക്രമണം അവസാനിപ്പിക്കുക, യെമന്‍ ജനതയുടെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുക, എണ്ണ, വാതക വരുമാനത്തില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നല്‍കുക തുടങ്ങിയവ ചര്‍ച്ച ചെയ്യുമെന്ന് സബ പറഞ്ഞു.
കഴിഞ്ഞ മാസം സൗദിയും ഇറാനും ബന്ധം പുനഃസ്ഥാപിക്കാന്‍ ചൈനയുടെ മധ്യസ്ഥതയില്‍ കരാര്‍ ഒപ്പുവച്ചശേഷം യെമന്‍ സംഘര്‍ഷം പരിഹരിക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ വര്‍ധിച്ചു. സൗദിയുടെയും ഇറാന്റെയും വിദേശ മന്ത്രിമാര്‍ വ്യാഴാഴ്ച ബീജിംഗില്‍ കൂടിക്കാഴ്ച നടത്തുകയും മേഖലയില്‍ സുരക്ഷയും സ്ഥിരതയും കൊണ്ടുവരാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഐക്യരാഷ്ട്രസഭയുടെ സമാധാന ശ്രമങ്ങള്‍ക്ക് സമാന്തരമായി ഒമാന്‍ മധ്യസ്ഥതയില്‍ ഹൂതികളുമായി ചര്‍ച്ച. ഇറാന് ഉള്‍പ്പെടുന്ന ഗള്‍ഫ് തര്‍ക്കങ്ങളില്‍ മധ്യസ്ഥനെന്ന നിലയില്‍ ഒമാന്‍ പ്രശസ്തരാണ്.
ഏപ്രില്‍ 20 ന് ആരംഭിക്കുന്ന ഈദ് അവധിക്ക് മുമ്പ് യെമന്‍ കരാര്‍ പ്രഖ്യാപിക്കാനുള്ള ശ്രമത്തിലാണ് ബന്ധപ്പെട്ടവര്‍. യെമനിലെ തുറമുഖങ്ങളും വിമാനത്താവളങ്ങളും പൂര്‍ണ്ണമായി തുറക്കുക, സര്‍ക്കര്‍ ജീവനക്കാര്‍ക്ക് വേതനം നല്‍കുക, പുനര്‍നിര്‍മ്മാണ പ്രക്രിയ, ഐക്യ സര്‍ക്കാര്‍ എന്നിവയിലാണ് ചര്‍ച്ചകള്‍ കേന്ദ്രീകരിക്കുന്നതെന്നും ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി അറിയിച്ചു.
വെടിനിര്‍ത്തല്‍ കരാറില്‍ എത്തിയാല്‍ ഒരു പരിവര്‍ത്തന ഐക്യ സര്‍ക്കാരിലേക്ക് നയിക്കുന്ന സമാധാനപരമായ രാഷ്ട്രീയ പ്രക്രിയ പുനരാരംഭിക്കാനാകുമെന്ന് യുഎന്‍ പ്രതീക്ഷിക്കുന്നു. യുഎന്‍ പ്രത്യേക ദൂതന് ഹാന്‍സ് ഗ്രണ്ട്ബെര്‍ഗ് കഴിഞ്ഞ ആഴ്ച മസ്കത്തില് മുതിര്‍ന്ന ഒമാനി, ഹൂതി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
സംഘര്‍ഷത്തിന് പരിഹാരമാകുന്ന സൂചനയായി, യെമനിലെ തെക്കന്‍ തുറമുഖങ്ങളില്‍ ഇറക്കുമതിക്ക് എട്ടുവര്‍ഷമായി തുടരുന്ന നിയന്ത്രണം നീക്കിയതായി സൗദി പിന്തുണയുള്ള സര്‍ക്കാര്‍ അറിയിച്ചു. വാണിജ്യ കപ്പലുകള്‍ക്ക് ഏദന്‍ ഉള്‍പ്പെടെയുള്ള തെക്കന്‍ തുറമുഖങ്ങളില്‍ നിര്‍ത്താന്‍ അനുമതി നല്‍കുമെന്നും എല്ലാ സാധനങ്ങളും ഇറക്കാന്‍ അനുമതിക്കുമെന്ന് സൗദി പിന്തുണയുള്ള യെമന്‍ സര്‍ക്കാരും അറിയിച്ചു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള രാജ്യത്തെ പ്രധാന തുറമുഖമമായ ഹൊദെയ്ദയില്‍ വാണിജ്യ ചരക്കുകള്‍ പ്രവേശിക്കുന്നതിന് ഫെബ്രുവരിയില്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിരുന്നു. സുരക്ഷാ പരിശോധനകള്‍ക്കായി സൗദി ചെങ്കടല്‍ തുറമുഖത്ത് ജിദ്ദയില്‍ കപ്പലുകള്‍ നിര്‍ത്തേണ്ടതില്ലെന്ന് യെമനിലെ ചേംബര്‍ ഓഫ് കൊമേഴ്സ് ഡെപ്യൂട്ടി ഹെഡ് അബൂബക്കര്‍ അബീദ് പറഞ്ഞു. രാസവളങ്ങളും ബാറ്ററികളും ഉള്‍പ്പെടെ തെക്കന്‍ തുറമുഖങ്ങളിലൂടെ 500 ലധികം തരം സാധനങ്ങള്‍ യെമനിലേക്ക് തിരികെ അനുവദിക്കുമെന്ന് അബീദ് പറഞ്ഞു.
2014ലാണ് യെമനില്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ ഹുതികള് തലസ്ഥാനമായ സന നിയന്ത്രണത്തിലാക്കി ആബെദ് റബ്ബോ മന്‍സൂര്‍ ഹാദി സര്‍ക്കാരിനെ പുറത്താക്കി. 2015 ല്‍ ഇറാന് പിന്തുണയുള്ള ഹൂതികളില്‍നിന്നും യെമനെ മോചിപ്പിക്കാനായി സൗദി നേതൃത്വത്തില്‍ സഖ്യ സേന യുദ്ധം ആരംഭിച്ചു. ഇതിന് മറുപടിയായി അയല്‍ രാജ്യമായ സൗദിയിലും യുഎഇയിലും ഹുതികള് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി.
എട്ടു വര്‍ഷം നീണ്ട യെമന്‍ സംഘര്‍ഷത്തില്‍ ഇതുവരെ ഒരു ലക്ഷത്തിലധികം പേര് മരിച്ചു. രാജ്യം രോഗത്തിന്റെയും പട്ടിണിയുടെയും പിടിയിലായി. ജനസംഖ്യയുടെ 80 ശതമാനവും അന്താരാഷ്ട്ര സഹായത്തെ ആശ്രയിക്കുന്ന അവസ്ഥയായി.