കൊച്ചി
ആറുവർഷമായി കൊച്ചി മെട്രോ ഹൗസ് കീപ്പിങ് വിഭാഗത്തിലെ ജോലിക്കാരായ കൂട്ടുകാരികൾ ഇപ്പോൾ സൂപ്പർസ്റ്റാറുകളാണ്. വിശാലിന്റെ തമിഴ് ചിത്രം ‘എനിമി’യിലെ മാല ടം ടം എന്ന ഗാനത്തിന്റെ റീൽസിന് ചുവടുവച്ചാണ് കൂട്ടുകാരികളായ മേരിയും ഷിജിയും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്. കൊച്ചി മെട്രോ റെയിൽ ഔദ്യോഗിക ഫെയ്സ്ബുക് പേജിലാണ് ഇരുവരും നൃത്തം ചെയ്യുന്ന ‘ടം ടം’ പാട്ടിന്റെ റീൽ പോസ്റ്റ് ചെയ്തത്. ഇതിനകം ലക്ഷങ്ങൾ വീഡിയോ കണ്ടു. വാട്സാപ് അടക്കമുള്ള സമൂഹമാധ്യമങ്ങളിലും ടം ടം പാട്ട് ഹിറ്റായി.
മെട്രോ ഉദ്യോഗസ്ഥരും യാത്രക്കാരുമെല്ലാം ഇതിനകം അഭിനന്ദനം അറിയിച്ചതായി കാക്കനാട് തുതിയൂർ സ്വദേശിനി എം ജെ മേരിയും തമ്മനം സ്വദേശിനി ഷിജി ഫ്രാൻസിസും പറയുന്നു. നൃത്തം ചെയ്യാറുള്ള ഇരുവരും ഫെയ്സ്ബുക് റീൽസിൽ സജീവമാണ്. റിൻസിയെന്ന പേരിൽ മേരി ചെയ്ത വീഡിയോ 10 ലക്ഷത്തിലേറെപ്പേർ കണ്ടു. ഷിജിയുടെ റീൽസിനും ആരാധകരേറെ. ഒരുമിച്ചും ഇവർ റീലുകൾ ചെയ്തിട്ടുണ്ട്.
മെട്രോ ആരംഭിച്ച സമയംമുതൽ ഇരുവരും ഹൗസ് കീപ്പിങ് വിഭാഗത്തിൽ ജോലിയിലുണ്ട്. മെട്രോയുടെ പ്രചാരണാർഥം ഇറക്കിയ വീഡിയോയിൽ മുഖംകാണിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇരുവരും.