തിരുവനന്തപുരം
കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഇസ്രയേലിലേക്ക് കൃഷി പഠിക്കാൻ പോയ കർഷകർ അവിടത്തെ നൂതന കൃഷിരീതികൾ കേരളത്തിൽ യാഥാർഥ്യമാക്കുന്നു. ഇസ്രയേൽ കൃഷിരീതികൾ കേരളത്തിൽ ആരംഭിക്കുന്നതിന് തിങ്കളാഴ്ച തുടക്കമാകും. വൈകിട്ട് നാലിന് ചേർത്തല കഞ്ഞിക്കുഴിയിൽ ഇസ്രയേൽ സന്ദർശിച്ച കർഷകൻ സുജിത്തിന്റെ കൃഷിയിടത്തിൽ 1000 ടിഷ്യൂ കൾച്ചർ വാഴകൾ നട്ടുകൊണ്ട് മന്ത്രി പി പ്രസാദ് പദ്ധതി ഉദ്ഘാടനം ചെയ്യും. താൽപ്പര്യമുള്ള കർഷകർക്ക് ഈ കൃഷിയിടത്തിലെത്തി പരിശീലനം നേടാം. കർഷകരുടെ കൃഷിയിടത്തിലെത്തിയും പരിശീലനം നൽകുന്നതാണ്.
സന്ദർശന സംഘത്തിലുണ്ടായിരുന്ന കർഷകർ സ്വന്തം സ്ഥലത്ത് ഇസ്രയേൽ കൃഷിരീതികൾ ആരംഭിക്കുകയും താൽപ്പര്യമുള്ള കർഷകർക്ക് പരിശീലനം നൽകുകയും ചെയ്യും. കേരളത്തിലെവിടെയും ഇസ്രയേൽ മാതൃകകൾ പരിശീലിപ്പിക്കുന്ന മാസ്റ്റർ ട്രെയിനേഴ്സായി ഇസ്രായേൽ സന്ദർശിച്ച കർഷകർ പ്രവർത്തിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. കൃത്യതാ കൃഷിരീതികൾ അവലംബിച്ച് മൂല്യ വർധിത കൃഷി സാധ്യമാക്കുക എന്നതാണ് സർക്കാർ ലക്ഷ്യം.