മനാമ > ലോക നാടക ദിനത്തോടനുബന്ധിച്ച് പ്രതിഭ നാടക വേദി രണ്ട് നാടകങ്ങളുടെ അവതരണവും ‘അരങ്ങും ഞാനും’ എന്ന വിഷയത്തില് പ്രഭാഷണവും നടത്തി.
പ്രശസ്ത നാടക പ്രവര്ത്തകന് ബേബിക്കുട്ടന് തൂലിക പ്രഭാഷണം നിര്വഹിച്ചു. ഒരൊറ്റ നാടകത്തില് ആറു വേഷങ്ങള് ചെയ്ത് പ്രേക്ഷകരെ അതിശയിപ്പിച്ച ബേബിക്കുട്ടന് തന്റെ ദീര്ഘകാല നാടക ജീവിതത്തിലെ ഓര്മ്മകള് പ്രേക്ഷകരുമായി പങ്ക് വെച്ചു.
നടന് ഇന്നസെന്റിന്റെയും നാടക നടനും സംവിധായകനും വിക്രമന് നായരുടെയും വേര്പാടില് രാജേഷ് അട്ടാച്ചേരി അനുശോചന പ്രമേയം അവതരിപ്പിച്ചു.
തുടര്ന്ന് പ്രശസ്ത നടി നിലമ്പൂര് ആയിഷയുടെ ജീവിത കഥ പശ്ചാത്തലമാക്കി ബോണി ജോസ് നാടക ആവിഷ്ക്കാരം നടത്തിയ ‘അനാഘ്രാത പുഷ്പം’ എന്ന ലഘുനാടകം അരങ്ങേറി. ശ്രീവിദ്യ വിനോദ്, അഷിത ഹാരിസ്, ശ്രുതി രതീഷ്, സാദിഖ് തെന്നല, രെജ്ഞ്ഞു റാന്ഷ്, ഷിജോ, ജയന് കോളറാട് എന്നിവര് വേഷമിട്ടു.
തുടര്ന്ന് ജയന് മേലത്ത് രചനയും സംവിധാനവും നിര്വഹിച്ച ‘മോദസ്ഥിതര്’ എന്ന ലഘുനാടകവും അവതരിപ്പിക്കപ്പെട്ടു. സമൂഹത്തില് സ്ത്രീകള് അനുഭവിക്കുന്ന പ്രശ്നങ്ങളെ അരങ്ങില് അനുഭാവപൂര്വ്വം അവതരിപ്പിക്കുന്ന, എന്നാല് സ്വന്തം ജീവിതത്തില് അത് നടപ്പാക്കാതെ സ്ത്രീ വിരുദ്ധത ആവോളം കൊണ്ട് നടക്കുന്ന പുരുഷ കേസരികളെ അഭിസംബോധന ചെയ്യുന്നതായിരുന്നു ഈ ലഘുനാടകം. ഹരീഷ് പയ്യന്നൂര്, രജ്ഞീഷ് ചേലേരി, ശിബില്ഖാന് എന്നിവരായിരുന്നു അഭിനേതാക്കള്.
പ്രതിഭ ഹാളില് നടന്ന പരിപാടിയില് പ്രതിഭ പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടന് അദ്ധ്യക്ഷനായിരുന്നു. പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്, ബേബികുട്ടന് തൂലികക്കുള്ള ഉപഹാരം കൈമാറി. നാടക സംവിധായകന് ബോണി ജോസിനുള്ള ഉപഹാരം രക്ഷാധികാരി സമിതി അംഗം സ:വീരമണിയും സംവിധായകന് ജയന് മേലത്തിനുള്ള ഉപഹാരം ലോക കേരളസഭ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സിവി നാരായണനും കൈമാറി. കലാ വിഭാഗം കണ്വീനര് അനഘ രാജീവന് സ്വാഗതവും പ്രതിഭ ട്രഷറര് മിജോഷ് മൊറാഴ നന്ദിയും പറഞ്ഞു.
രക്ഷാധികാരി സമിതി അംഗങ്ങളായ എന്കെ വീരമണി, ഷെരീഫ് കോഴിക്കോട്, സെന്ട്രല് കമ്മിറ്റി അംഗങ്ങളായ മിജോഷ് മൊറാഴ, അനില് കണ്ണപുരം, നാടക വേദി അംഗങ്ങളായ ദുര്ഗ കാശിനാഥ്, സ്മിത സന്തോഷ്, കണ്ണന് മുഹറഖ്, രാജേഷ് അട്ടാചാരി എന്നിവര് പരിപാടികള്ക്ക് നേതൃത്വം നല്കി.















