ന്യൂഡൽഹി
സിപിഐ എം മുൻ കേന്ദ്ര കമ്മിറ്റി അംഗവും കർഷകത്തൊഴിലാളി യൂണിയൻ നേതാവുമായ സുനീത് ചോപ്രയ്ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ബുധൻ പകൽ 12 മുതൽ നാലുവരെ മൃതദേഹം എ കെ ജി ഭവനിൽ പൊതുദർശനത്തിന് വച്ചു. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, എം എ ബേബി, ബി വി രാഘവുലു, നീലോൽപ്പൽ ബസു, തപൻ സെൻ, കർഷകത്തൊഴിലാളി യൂണിയനുവേണ്ടി നേതാക്കളായ എ വിജയരാഘവൻ, ബി വെങ്കട്ട്, വി ശിവദാസൻ എംപി, കിസാൻ സഭയ്ക്കുവേണ്ടി ഹന്നൻ മൊള്ള, അശോക് ധാവ്ളെ, വിജൂ കൃഷ്ണൻ, ഡിവൈഎഫ്ഐക്കുവേണ്ടി എ എ റഹിം എംപി, ഹിമാഘ്നരാജ് ഭട്ടാചാര്യ, എസ്എഫ്ഐക്കുവേണ്ടി വി പി സാനു, മയൂഖ് ബിശ്വാസ്, ജനാധിപത്യ മഹിളാ അസോസിയേഷനുവേണ്ടി മറിയം ധാവ്ളെ, മൈമൂനാ മൊള്ള തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു. കലാകാരന്മാർ, കലാനിരൂപകർ, ഉത്തരകൊറിയ പ്രതിനിധികൾ, ജെഎൻയു, ഡൽഹി സർവകലാശാല തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള വിദ്യാർഥികൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവരും എത്തി. പലരും വികാരഭരിതരായി. ഉത്തരകൊറിയൻ പ്രതിനിധികൾ കണ്ണീർവാർത്തു. സുനീത് ചോപ്രയുടെ ഭാര്യ സുമിത്ര ചോപ്ര, സഹോദരിമാർ, ബന്ധുക്കൾ തുടങ്ങിയവരും സന്നിഹിതരായി. പകൽ നാലോടെ ലോധിറോഡ് ശ്മശാനത്തിൽ സംസ്കാരം നടന്നു.















