ഈസ്ട്രജന് എന്നത് സ്ത്രീ ഹോര്‍മോണാണ്. സ്ത്രീയില്‍ പ്രത്യുല്പാദനപരമായ പല കര്‍മങ്ങളും നിര്‍വഹിയ്ക്കുന്നതിന് പുറമേ ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതെ തടയുന്നത്, ഹൃദയാരോഗ്യം സംരക്ഷിയ്ക്കുന്നത്, എല്ലുകളുടെ ആരോഗ്യം തുടങ്ങിയ ഒരു പിടി ഗുണങ്ങള്‍ നല്കുന്ന ഒന്നാണ് ഈസ്ട്രജന് ഹോര്‍മോണ്‍. സ്ത്രീയിലെ ആര്‍ത്തവ, ഓവുലേഷന് പ്രക്രിയകള്‍ക്ക് ഏറെ പ്രധാനപ്പെട്ട ഒന്ന്. മെനോപോസ് അഥവാ ആര്‍ത്തവ വിരാമത്തിനോട് അനുബന്ധിച്ച് ഈസ്ട്രജന് ഹോര്‍മോണ്‍ ഉല്പാദനം തീരെ കുറയുന്നു. ഇത് ശാരീരികമായ പല ബുദ്ധിമുട്ടുകളും സ്ത്രീകള്‍ക്കുണ്ടാക്കും. ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റി കുറയുന്നതും ചര്‍മം അയഞ്ഞ് തൂങ്ങുന്നതും ഇതു കാരണമുണ്ടാകുന്നു. ഇതല്ലാതെ സ്ത്രീകള്‍ക്ക് മേല്‍പ്പറഞ്ഞ ആരോഗ്യ പ്രശ്നങ്ങള്‍ പലതുമുണ്ടാക്കുന്നു.