കൊച്ചി
ആഗോള ഓഹരിവിപണികളിലെ തിരിച്ചടികളെ പിന്തുടർന്ന് ഇന്ത്യൻ ഓഹരി വിപണിയും നഷ്ടത്തിലേക്ക്. തുടർച്ചയായ രണ്ടുദിവസത്തെ മുന്നേറ്റത്തിനുശേഷം തിങ്കളാഴ്ച സെൻസെക്സ് 0.62 ശതമാനവും നിഫ്റ്റി 0.65 ശതമാനവും നഷ്ടം രേഖപ്പെടുത്തി. സെൻസെക്സ് 360.95 പോയിന്റ് നഷ്ടത്തിൽ 57628.95ലും നിഫ്റ്റി 111.60 പോയിന്റ് താഴ്ന്ന് 16988.40ലും വ്യാപാരം അവസാനിപ്പിച്ചു.
യുഎസിലെ തുടർച്ചയായ ബാങ്ക് തകർച്ചകൾ ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ സൂചനയാണെന്ന വിപണിയുടെ വിലയിരുത്തലാണ് സൂചികകൾക്ക് തിരിച്ചടിയായത്. നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക 1.74 ശതമാനം താഴ്ന്നു. ബിഎസ്ഇ മെറ്റൽ സൂചിക 2.17 ശതമാനവും ക്യാപിറ്റൽ ഗുഡ്സ് 1.06 ശതമാനവും ഐടി 1.28 ശതമാനവും നഷ്ടം രേഖപ്പെടുത്തി.നിഫ്റ്റിയിൽ അദാനി എന്റർപ്രൈസസ് 3.82 ശതമാനവും അംബുജ സിമന്റ്സ് 3.45 ശതമാനവും നഷ്ടത്തിലായി. ബജാജ് ഫിൻസെർവാണ് ബിഎസ്ഇയിൽ ഏറ്റവുമധികം നഷ്ടം നേരിട്ടത്, 4.25 ശതമാനം. ബജാജ് ഫിനാൻസ് 3.18 ശതമാനവും വിപ്രോ 2.46 ശതമാനവും ടാറ്റാ സ്റ്റീൽ -2.38 ശതമാനവും നഷ്ടം നേരിട്ടു. ടാറ്റാ മോട്ടോഴ്സ് (1.96), എസ്ബിഐ (1.91), ടെക് മഹീന്ദ്ര (1.55), എച്ച്സിഎൽ ടെക് (1.51), ഇൻഫോസിസ് (1.20), റിലയൻസ് (0.96) എന്നിവയാണ് നഷ്ടം നേരിട്ട മറ്റുചില പ്രധാന ഓഹരികൾ. ഹിന്ദുസ്ഥാൻ യൂണിലിവർ, ഐടിസി, സൺഫാർമ ഓഹരികൾ നേട്ടമുണ്ടാക്കി.
Highlights : യുഎസിലെ തുടർച്ചയായ ബാങ്ക് തകർച്ചകൾ ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ സൂചനയാണെന്ന വിപണിയുടെ വിലയിരുത്തലാണ് സൂചികകൾക്ക് തിരിച്ചടിയായത്