തിരുവനന്തപുരം> ബിജെപിക്ക് എംഎല്എമാര് ഇല്ലെങ്കിലും ബിജെപി ദേശീയനേതൃത്വം ആഗ്രഹിക്കുന്ന രാഷ്ട്രീയം കേരള നിയമസഭയില് പയറ്റുവാന് കോണ്ഗ്രസ് പ്രതിപക്ഷ നേതാവിലൂടെ സാധ്യമാകുന്നുണ്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. എല്ഡിഎഫ് സര്ക്കാരിനെ അസ്ഥിരപ്പെടുത്തുക എന്ന ബിജെപി നേതൃത്വത്തിന്റെ ലക്ഷ്യം നടപ്പിലാക്കാന് നിയമസഭാ സമ്മേളനം നടത്താതിരിക്കുക എന്ന നിലപാടിലേക്കാണ് പ്രതിപക്ഷ നേതാവും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ചില എംഎല്എമാരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
അടിയന്തിര പ്രമേയം ചര്ച്ച ചെയ്യാനാകുന്നില്ല എന്നുള്ളതാണല്ലോ പ്രതിപക്ഷ നേതാവ് ഉയര്ത്തുന്ന ആരോപണം.ഈ സര്ക്കാരിന്റെ കാലത്ത് 2021 മുതല് ഇന്നുവരെ നാലുതവണയാണ് സഭാ നടപടികള് നിര്ത്തിവെച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയങ്ങള് ചര്ച്ചയ്ക്കെടുത്തത്. 14-3-2022, 28-6-2022, 4-7-2022, 6-12-2022 എന്നീ ദിവസങ്ങളിലാണ് സഭാ നടപടികള് നിര്ത്തിവെച്ച് അടിയന്തിര പ്രമേയം ചര്ച്ച ചെയ്തത്. ഇത് സര്വ്വകാല റെക്കോര്ഡാണ്. ഇതിന് അനുമതി നല്കിയ മുഖ്യമന്ത്രിയുടെ പേര് പിണറായി വിജയന് എന്നാണ്. ഇതറിയാത്തവരല്ല കേരളത്തിലെ പ്രതിപക്ഷം.
കേരള നിയമസഭയുടെ 66 വര്ഷത്തെ ചരിത്രത്തില് 34 അടിയന്തര പ്രമേയങ്ങളാണ് സഭ നിര്ത്തിവെച്ച് ചര്ച്ചയ്ക്കെടുത്തത്. ഇതില് 1957 മുതല് 2016 വരെയുള്ള 59 വര്ഷത്തില് ആകെ 24 അടിയന്തര പ്രമേയങ്ങള്ക്കേ സഭ നിര്ത്തിവെച്ച് ചര്ച്ച ചെയ്യാന് അവസരം ലഭിച്ചുള്ളൂ. എന്നാല് 2016 മുതല് ഇന്നുവരെയുള്ള എഴോളം വര്ഷം കൊണ്ട് പ്രതിപക്ഷം നോട്ടീസ് നല്കിയ 10 അടിയന്തര പ്രമേയങ്ങള്ക്കാണ് സഭ നിര്ത്തിവെച്ച് ചര്ച്ച ചെയ്യാന് അനുമതി നല്കിയത്. അതായത് കേരള നിയമസഭ രൂപീകരിക്കപ്പെട്ടതിനുശേഷം സഭ നിര്ത്തിവെച്ച് ചര്ച്ച ചെയ്യാന് അവസരം കിട്ടിയ അടിയന്തര പ്രമേയങ്ങളുടെ 29.4% വും നടന്നത് ഏഴ് വര്ഷത്തെ പിണറായി വിജയന് മന്ത്രിസഭകളുടെ കാലത്താണ്.
അടിയന്തര പ്രമേയത്തിന് സഭയില് അവതരണാനുമതി ലഭിച്ചതിന്റെ കണക്കുനോക്കിയാലും കഴിഞ്ഞ ഏഴുവര്ഷത്തെ പ്രകടനം ഏറ്റവും മികച്ചതാണ്. 2016ന് ശേഷം ആകെ 254 തവണയാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കിയത്. ഇതില് 239 തവണയും പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിലെ കാര്യങ്ങള് സഭയില് അവതരിപ്പിക്കുകയും അതിന് മുഖ്യമന്ത്രിയടക്കം മന്ത്രിമാര് സഭയില് വിശദമായി മറുപടി നല്കുകയും ചെയ്യുകയുമുണ്ടായി.
2021 ല് ഈ സര്ക്കാര് അധികാരത്തിലെത്തിയ ശേഷം 85 തവണയാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസുനല്കിയത്. ഇതില് 79 തവണയും അവതരണാനുമതി തേടി സംസാരിക്കാന് അവസരം ലഭിച്ചു. നാലുതവണ സഭ നിര്ത്തിവെച്ച് ചര്ച്ചയും നടന്നു. ആറെണ്ണത്തിനുമാത്രമാണ് ഇക്കാലയളവില് അവതരണാനുമതി ലഭിക്കാതിരുന്നത്. അടിയന്തര പ്രമേയാവതരണത്തിന് അവസരം നിക്ഷേധിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ വാദം അടിസ്ഥാനരഹിതമാണെന്നുമാത്രമല്ല, ഏറ്റവും കൂടുതല് അടിയന്തര പ്രമേങ്ങള് അവതരിപ്പിക്കപ്പെട്ടതും സഭ നിര്ത്തിവെച്ച് ചര്ച്ച ചെയ്യപ്പെട്ടതും പിണറായി വിജയന് സര്ക്കാരുകളുടെ കാലത്താണ്.
വസ്തുതകള്ക്ക് നിരക്കാത്ത കള്ളം പ്രചരിപ്പിച്ചുകൊണ്ട് എല്ഡിഎഫ് സര്ക്കാരിനെ വിമര്ശിക്കുന്ന പ്രതിപക്ഷ നേതാവ് പൊതുജനത്തിനുമുന്നില് അപഹാസ്യനാവുകയേയുള്ളൂ. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള് ഉയര്ന്നുവരേണ്ട ഇടമാണ് നിയമനിര്മ്മാണ സഭകള്. സര്ക്കാരിന്റെ വികസന നേട്ടങ്ങളും ഭരണരംഗത്തെ ഇടപെടലുകളും ജനം അറിയാതെ പോകാനാണ് സഭ സ്തംഭിക്കുന്ന നിലയിലേക്ക് കാര്യങ്ങളെ കൊണ്ടുപോകാന് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. കേരളത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുന്ന കേന്ദ്ര സര്ക്കാരിനും ബിജെപിക്കുമൊപ്പമാണ് തങ്ങളെന്ന് ഇവിടത്തെ പ്രതിപക്ഷം ആവര്ത്തിച്ചുവ്യക്തമാക്കുകയുമാണ്. സഭാതലത്തില് കേന്ദ്ര സര്ക്കാരിനെതിരെ ഒന്നും പറയാതിരിക്കാനുള്ള അവരുടെ അസാമാന്യ ജാഗ്രത കൂടിയാണ് ഇത്തരം സഭ സ്തംഭിപ്പിക്കല് നാടകങ്ങളെന്നും റിയാസ് വ്യക്തമാക്കി